തിരുവമ്പാടി ചന്ദ്രശേഖരന്റെ ആടയാഭരണം കമനീയമാക്കി പത്താം ക്ലാസുകാരി

Wednesday 04 May 2022 12:53 AM IST

തൃശൂർ : തിരുവമ്പാടി വിഭാഗത്തിന്റെ തലയെടുപ്പായ തിരുവമ്പാടി ചന്ദ്രശേഖരന് പൂരദിവസം അണിഞ്ഞൊരുങ്ങാനുള്ള ആടയാഭരണം ഒരുക്കി പത്താം ക്ലാസുകാരി. തിരുവമ്പാടി ക്ഷേത്രത്തിന് സമീപം വല്ലത്ത് രാംകുമാറിന്റെ മകളും ദേവമാത സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ കൃഷ്ണ ആർ.മേനോനാണ് ചന്ദ്രശേഖരന് അണിയാനുള്ള കച്ചക്കയർ, കഴുത്തിൽ കെട്ടുന്ന മണി, കാലിലെ മണി എന്നിവയെല്ലാം ഒരുക്കുന്നത്.

ചെറുപ്പം മുതലേ പെയിന്റിംഗ് ഉൾപ്പെടെയുള്ളവയോട് താൽപ്പര്യമുള്ള കൃഷ്ണയ്ക്ക് തിരുവമ്പാടി ദേവസ്വം ഭരണ സമിതി അംഗം കൂടിയായ അച്ഛൻ രാംകുമാറാണ് പ്രോത്സാഹനം നൽകിയത്. കസവു തുണിയിൽ ഷെല്ലുകൾ, ഗിൽറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ആടയാഭരണം കമനീയമാക്കിയത്.

പത്ത് ദിവസം മുമ്പാണ് പ്രവർത്തനമാരംഭിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ കച്ചക്കയറും കഴുത്തിലെ വലിയ മണിയുടെ കയറുമെല്ലാം ഇങ്ങനെ കമനീയമാക്കുന്നത്. തിരുവമ്പാടിയുടെ ചമയ പ്രദർശന ദിവസം ആടയാഭരണങ്ങൾ പ്രദർശിപ്പിക്കും. സ്‌കൂൾ തലത്തിൽ തിരുവാതിരക്കളി, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരിച്ചിട്ടുള്ള കൃഷ്ണ തൃശൂർ ജനാർദ്ദനന്റെ കീഴിൽ നൃത്തവും അഭ്യസിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിലെ മഠത്തിൽ വരവിന് തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്.

അച്ഛനാണ് ഇങ്ങനെ ഒരു നിർദ്ദേശം വച്ചത്. വളരെ സന്തോഷത്തോടെയാണ് ചെയ്തു തീർത്തത്. പരീക്ഷയെല്ലാം അവസാനിച്ചതിനാൽ ഇതിൽ മാത്രം ശ്രദ്ധിച്ചാണ് ചെയ്തത്. എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം.

കൃഷ്ണ ആർ.മേനോൻ

Advertisement
Advertisement