തൃക്കാക്കര: കോൺഗ്രസിൽ ഒറ്റപ്പേരായി ഉമ തോമസ്

Wednesday 04 May 2022 1:04 AM IST

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലേക്ക് അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ തുടക്കത്തിലേ തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഇന്നലെ രാവിലെ മുതൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഉമ എന്ന ഒറ്റപ്പേരിലേക്ക് കോൺഗ്രസ്സെത്തി. ഹൈക്കമാൻഡിന്റെ അംഗീകാരത്തിനുമയച്ചു. ഒറ്റപ്പേര് മാത്രമായി ഹൈക്കമാൻഡിന് അയയ്ക്കുന്നതും, വേഗത്തിൽ സ്ഥാനാർത്ഥിക്കാര്യത്തിൽ തീരുമാനമാകുന്നതും സംസ്ഥാന കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിൽ ഇതാദ്യം.

ഇന്നലെ രാവിലെ ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങിൽ പോലും പങ്കെടുക്കാതെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതിയിൽപ്പെട്ട നാല്പത് അംഗങ്ങളെയും പ്രത്യേകം ഫോണിൽ വിളിച്ച് സ്ഥാനാർത്ഥിക്കാര്യത്തിൽ അഭിപ്രായം തേടിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സതീശനും രാവിലെ ആശയവിനിമയം നടത്തി. ഉച്ചയ്ക്ക് ശേഷം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗം ചേർന്ന് ഉമയുടെ പേര് മാത്രം ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചു. ഡൊമിനിക് പ്രസന്റേഷന്റെയും ദീപ്തി മേരി വർഗീസിന്റെയും പേരുകൾ പ്രാഥമിക ചർച്ചകളിലുയർന്നെങ്കിലും ഉമയുടെ പേരിനാണ് പ്രാമുഖ്യമുണ്ടായത്. മിക്കവാരും എല്ലാവരും ഉമയെ പിന്തുണച്ചു. സ്ഥാനാർത്ഥിത്വത്തിന് ഒറ്റപ്പേര് മാത്രം നിർദ്ദേശിക്കാൻ തീരുമാനിച്ചെന്നും, അതംഗീകരിച്ച് ഹൈക്കമാൻഡിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കെ. സുധാകരൻ അറിയിച്ചു.

അതിനിടെ, ഇന്നലെ രാവിലെ ഉമയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരോക്ഷ വിമർശനമുന്നയിച്ച മുൻ എം.എൽ.എ ഡൊമിനിക് പ്രസന്റേഷനെ ഉമ്മൻ ചാണ്ടി ടെലിഫോണിൽ ബന്ധപ്പെട്ട് അനുനയിപ്പിച്ചു.

 തൃക്കാക്കര ഉറച്ച മണ്ഡലം: സുധാകരൻ

തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്ന് കെ. സുധാകരൻ പറഞ്ഞു. അവിടെ പാർട്ടിക്ക് ഗുണകരമായ തീരുമാനമാണുണ്ടായിട്ടുള്ളത്. തൃക്കാക്കര ജയിച്ച് നൂറ് സീറ്റിലേക്കെത്തുമെന്നത് എൽ.ഡി.എഫിന്റെ അവകാശവാദമാണ്. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ട്വന്റി- ട്വന്റിയും ആപ്പും ചേർന്നുള്ള സഖ്യത്തെ കണക്കിലെടുക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

പി.ടി. തോമസിന് കിട്ടിയതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പി.ടിയുമായി മണ്ഡലത്തിന് വൈകാരിക ബന്ധമുണ്ട്.സിൽവർലൈൻ വിഷയമുൾപ്പെടെ സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യും. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement