മീണയുടെ പുസ്തകം വിവാദത്തിൽ വക്കീൽ നോട്ടീസയച്ച് പി. ശശി

Wednesday 04 May 2022 1:07 AM IST

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറായിരുന്ന ടിക്കാറാം മീണയുടെ സർവ്വീസ് സ്റ്റോറിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ പരാമർശങ്ങൾ വിവാദമായി. "തോൽക്കില്ല ഞാൻ" എന്ന പുസ്തകത്തിലെ തനിക്കെതിരായ പരാമർശം പിൻവലിച്ച് പ്രസിദ്ധീകരിക്കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പി. ശശി വക്കീൽ നോട്ടീസയച്ചു.

അതേസമയം, വീട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്നും എന്തു വന്നാലും നേരിടുമെന്നുമാണ് മീണയുടെ നിലപാട്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടന്ന പുസ്തകപ്രകാശന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവർമ്മ വിട്ടുനിന്നു. പ്രസ്ക്ളബിൽ ശശി തരൂർ എം.പിയാണ് പ്രകാശനം നിർവ്വഹിച്ചത്.

പി. ശശി മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കാലത്ത് വ്യാജ ക്കള്ള് നിർമ്മാതാക്കൾക്ക് വേണ്ടി തന്നോട് പ്രതികാരം കാണിച്ചുവെന്ന പരാമർശമാണ് വിവാദമായത്. അക്കാലത്ത് തൃശ്ശൂർ കളക്ടറായിരുന്ന മീണ വ്യാജക്കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ പി.ശശി ഇടപെട്ട് മീണയെ തൃശ്ശൂരിൽ നിന്ന് വയനാട്ടിലേക്ക് മാറ്റി. വയനാട്ടിൽ എത്തിയിട്ടും പ്രതികാര നടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തു. തനിക്കായി വാദിച്ചവരോട്, പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമായിരുന്നുവെന്ന് നായനാർ തന്നെ പറഞ്ഞെന്നും മീണ പറയുന്നു.

കെ. കരുണാകരന്റെ കാലത്ത് സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ മോശം കമന്റെഴുതിയെന്നും മീണ പുസ്തകത്തിൽ പറയുന്നുണ്ട്.

Advertisement
Advertisement