ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ഡാറ്റാ ബേസ് വികസിപ്പിക്കും : അമിത് ഷാ

Wednesday 04 May 2022 1:25 AM IST

ബംഗളൂരു: തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ദേശീയ ഡേറ്റാബേസ് സർക്കാർ വികസിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗളൂരുവിലെ നാഷനൽ ഇന്റലിജൻസ് ഗ്രിഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തീവ്രവാദ പ്രവർത്തനം, കള്ളനോട്ട്, മയക്കുമരുന്ന്,അനധികൃത ആയുധക്കടത്ത്, തീവ്രവാദ ഫണ്ട് ശേഖരണം, ഹവാല ഇടപാട് തുടങ്ങിയ കാര്യങ്ങൾക്കുമായിട്ടായിരിക്കും പ്രത്യേക ഡേറ്റാബേസ് ഉണ്ടാക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സഹായകമാകും.

ഇത്തരം ആധുനികവത്കരണത്തിലൂടെ അന്വേഷണ ഏജൻസികളുടെ പ്രവർത്തനരീതി മാറ്റാനാകും. നാറ്റ്ഗ്രിഡിലൂടെ 11 കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന പൊലീസ് വകുപ്പിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കും. അന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിനും വിവര കൈമാറ്റത്തിനും ഇത് ഏറെ സഹായകമാകും. അതേ സമയം അതിർത്തികളിൽ കടന്നുകയറാൻ വരുന്നവർക്കെതിരെ അമേരിക്കയും ഇസ്രായേലും ചെയ്യുന്ന പോലെ ഇന്ത്യയും തിരിച്ചടിക്കുമെന്ന് സർജിക്കൽ സ്‌ട്രൈക്കോടെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement