ഇന്ത്യയുടെ അന്തർവാഹിനി പദ്ധതിയിൽ നിന്ന് പിന്മാറി ഫ്രാൻസ്

Wednesday 04 May 2022 3:38 AM IST

പാരീസ് : ഇന്ത്യൻ നാവികസേനയുടെ നിർണായക അന്തർവാഹിനി നിർമ്മാണ പദ്ധതിയായ ' പി - 75 ഐ"യിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഫ്രാൻസിലെ നേവൽ ഗ്രൂപ്പ് കമ്പനി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അത്യാധുനിക ആറ് അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കുന്ന പി - 75 ഐയ്ക്ക് കഴിഞ്ഞ വർഷം ജൂണിൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ കമ്പനിയായ ലാർസൻ ആൻഡ് ടർബോ, സർക്കാർ സ്ഥാപനമായ മസഗോൺ ഡോക്സ് ലിമി​റ്റഡ് എന്നിവയ്ക്ക് സർക്കാർ 43,000 കോടി രൂപയുടെ കരാർ അനുവദിച്ചിരുന്നു. നിർദ്ദേശക അപേക്ഷ ( ആർ.എഫ്.പി ) സമർപ്പിച്ചവയിൽ നിന്ന് ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഫ്രാൻസ്, ജർമനി, സ്‌പെയ്ൻ, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ 5 വിദേശ കമ്പനികളിൽ ഒന്നുമായി ഇന്ത്യൻ കമ്പനികൾ സഹകരിക്കും.

എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സിസ്റ്റത്തിവുമായി ബന്ധപ്പെട്ട് ആർ.എഫ്.പിയിൽ പരാമർശിച്ചിരിക്കുന്ന ചില വ്യവസ്ഥകൾ കാരണം നിർദ്ദേശക അപേക്ഷ തങ്ങൾക്ക് അയച്ചു തരാനാകില്ലെന്നും അതിനാൽ പദ്ധതിയുടെ ലേലത്തിൽ ഔദ്യോഗികമായി പങ്കെടുക്കാൻ കഴിയില്ലെന്നും എന്നാൽ, ആത്മനിർഭർ ഭാരത് തത്വവുമായി സഹകരിക്കുമെന്നുമാണ് നേവൽ ഗ്രൂപ്പിന്റെ വിശദീകരണം.

Advertisement
Advertisement