ഷവർമ്മ ഭക്ഷ്യവിഷബാധ, വില്ലൻ ഷിഗെല്ല, പ്രധാന ലക്ഷണം വയറിളക്കം

Thursday 05 May 2022 12:08 AM IST

തിരുവനന്തപുരം: കാസർകോട് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയ്ന്റിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിക്കാനിടയാക്കിയത് ഷിഗെല്ല ബാക്‌‌ടീരിയയാണെന്ന് കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ.

ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്‌ടീരിയകളാണ് മരണകാരിയായ ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണം. ഗുരുതരമായ വയറിളക്കമാണ് പ്രധാന രോഗലക്ഷണം. മലിന ജലം, കേടായ ഭക്ഷണം, കഴുകാത്ത പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉപയോഗം, ഷിഗെല്ല ബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരമായാൽ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാദ്ധ്യതയുണ്ട്.

ഷിഗെല്ല ലക്ഷണങ്ങൾ

 വയറിളക്കം

 പനി

 വയറുവേദന

 ഛർദ്ദി

 ക്ഷീണം

 രക്തംകലർന്ന മലം

 പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം.

രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങളുണ്ടാകും. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകില്ല.

വേണം മുൻകരുതൽ

 തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

 ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക

 തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക

 കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക

 പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്

 വയറിളക്കമുള്ള കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകരുത്

വ്യക്തി ശുചിത്വം പ്രധാനം. ആഹാരം ഫ്രിഡ്‌ജിൽ നിന്നെടുത്ത് ചൂടാക്കി കഴിക്കരുത്. ഐസ് ക്യൂബ് ഉപയോഗിക്കരുത്.

ഡോ. അമർ ഫെറ്റൽ

സ്റ്റേറ്റ് നോഡൽ ഓഫീസർ അഡോൾസന്റ് ഹെൽത്ത് & എച്ച് വൺ എൻ വൺ

Advertisement
Advertisement