വണ്ടിപ്പെരിയാർ പീഡനക്കേസ്; കൂടുതൽ കുറ്റം ചുമത്താൻ വിചാരണക്കോടതിയെ സമീപിക്കാം

Thursday 05 May 2022 3:34 AM IST

 ഹൈക്കോടതി നിർദ്ദേശം കുട്ടിയുടെ പിതാവിന്റെ ഹർജിയിൽ

കൊച്ചി: വണ്ടിപ്പെരിയാറിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പട്ടികജാതി - വർഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരം കുറ്റം ചുമത്തണമെന്ന ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പെൺകുട്ടിയുടെ പിതാവ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട് ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്തണോയെന്ന് സെഷൻസ് കോടതി തീരുമാനിക്കണം. മേയ് ഒമ്പതിന് തുടങ്ങുന്ന വിചാരണ മാറ്റിവയ്ക്കണമെന്ന് ഇതിനർത്ഥമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നേരത്തെ ഈയാവശ്യമുന്നയിച്ചു നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഈ വിധിയിലെ എല്ലാ നിരീക്ഷണങ്ങളും ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തു.

പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ 2021 ജൂൺ 30നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി, അയൽവാസിയായ പ്രതി അർജ്ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമവും പോക്‌സോ നിയമവും അനുസരിച്ചുള്ള കുറ്റങ്ങൾ ചുമത്തിയെങ്കിലും പട്ടിക ജാതി - വർഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. പ്രതിയും ഇതേ വിഭാഗക്കാരനായതിനാൽ ഈ കുറ്റം ചുമത്താൻ നിയമപരമായി കഴിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഹർജിക്കാരൻ ഈയാവശ്യമുന്നയിച്ച് പൊലീസിലും പിന്നീട് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയിലും ഹൈക്കോടതി സിംഗിൾബെഞ്ചിലും ഹർജി നൽകിയെങ്കിലും തള്ളിയിരുന്നു.

പ്രതിയുടെ കുടുംബം വർഷങ്ങൾക്കു മുമ്പ് ക്രിസ്തുമതം സ്വീകരിച്ചതാണെന്നും ,ഇതു മറച്ചു വച്ചാണ് പട്ടികജാതിയാണെന്ന വാദം ഉന്നയിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. പ്രതി ക്രിസ്ത്യാനിയാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു..

Advertisement
Advertisement