വികസന ചർച്ചയിൽ നേട്ടം യു.ഡി.എഫിന്: കെ. മുരളീധരൻ

Thursday 05 May 2022 12:30 AM IST

തിരുവനന്തപുരം: തൃക്കാക്കരയിൽ വികസനം ചർച്ച ചെയ്‌താൽ യു.ഡി.എഫിന് നേട്ടമാകുമെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായി സർക്കാരിന്റെ വികസനം വ്യാജമാണ്. യഥാർത്ഥ വികസനം യു.ഡി.എഫാണ് കൊണ്ടുവന്നത്. അക്കാര്യം തെളിവു സഹിതം ചർച്ച ചെയ്യാൻ തയ്യാറാണ്.

എൽ.ഡി.എഫ് - ബി.ജെ.പി രഹസ്യ ബന്ധം ചർച്ച ചെയ്യണം. കെ-റെയിലും സർക്കാരിന്റെ ഭരണവും ചർച്ച ചെയ്യും. ഇവിടെയുള്ളതെന്ന് ഗുജറാത്ത് മോഡലാണ് പറയാൻ തങ്ങൾക്ക് അവസരമൊരുക്കിയ സർക്കാരാണിത്. തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിൽ ആർക്കെങ്കിലും ഭിന്നാഭിപ്രായമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. ദേശീയ നേതൃത്വം കെ.വി. തോമസിന് പാർട്ടിയോടുള്ള കൂറ് തെളിയിക്കാനുള്ള മികച്ച അവസരമാണ് നൽകിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും വേണ്ടി അദ്ദേഹം തൃക്കാക്കരയിലിറങ്ങണം.

 ജോർജിന്റെ അറസ്റ്റ് നാടകം

വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിന്റെ അറസ്റ്റ് നാടകമാണ്. ജയിലിലാകേണ്ടയാൾ ചിരിച്ചു കൊണ്ട് പുറത്തുവന്നതും, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് ആവർത്തിച്ചതും അതിനാലാണ്. എം.വി. രാഘവനെയും എം.എൽ.എ ആയിരിക്കെ കെ. സുധാകരനെയും അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് ജീപ്പിലാണ് കയറ്റിയത്. മുൻ എം.എൽ.എയായ പി.സി. ജോർജിന് സ്വന്തം കാറിൽ വരാൻ സൗകര്യമൊരുക്കി. വാദിക്കാൻ സർക്കാർ അഭിഭാഷകനുമില്ല. ജോർജ് വിദ്വേഷം പ്രസംഗിച്ച സമ്മേളനത്തിൽ ഒരു ഗവർണറും പറഞ്ഞത് അവിവേകമാണെന്നും മുരളീധരൻ പറഞ്ഞു.

Advertisement
Advertisement