പി.സി. എന്താ ജയിലിൽ പോകാതിരുന്നത് ?​

Thursday 05 May 2022 12:00 AM IST

ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസിൽ പുലർകാലെ നാടകീയമായി വീടുവളഞ്ഞ് അറസ്‌റ്റ് ചെയ്‌ത മുൻ എം.എൽ.എ പി.സി. ജോർജിന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചതാണ് ഇപ്പോഴത്തെ സജീവചർച്ച. ഇത്തരം കേസുകളിൽ ചിലതിൽ സ്‌റ്റേഷൻ ജാമ്യമോ, അല്ലെങ്കിൽ മജിസ്‌ട്രേട്ടുമാർക്കോ ജാമ്യം നൽകാൻ കഴിയുമെന്ന കാര്യം വിസ്‌മരിക്കരുത്.

മതസ്‌പർദ്ധയും വിദ്വേഷം പരത്തുന്നതുമായ പ്രസംഗം നടത്തിയെന്നായിരുന്നു ജോർജിനെതിരായ കുറ്റം. പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നായിരുന്നു ജോർജിന്റെ അഭിഭാഷകന്റെ വാദം. പ്രധാന കുറ്റമായ 153 എയുടെ അടിസ്ഥാനം രണ്ടുമതക്കാർ തമ്മിലുള്ള ശത്രുത വർദ്ധിപ്പിക്കുന്നു എന്നതാണ്. ഈ കേസിൽ അതുണ്ടായിട്ടില്ലെന്നതായിരുന്നു ഒരു വാദം. 295 എ എന്നത് ഒരാൾ ബോധപൂർവമോ അല്ലാതെയോ ഒരാളുടെ മതത്തെയോ മതവിശ്വാസത്തെയോ അപമാനിച്ച് മതസ്‌പർദ്ധ വളർത്താൻ പ്രേരിപ്പിച്ചു എന്നതാണ്. ജോർജ് ആരോടും ആയുധമെടുത്ത് പോരാടാൻ ആഹ്വാനം നൽകിയില്ലെന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദങ്ങൾ ഖണ്ഡിക്കാൻ പ്രോസിക്യൂട്ടർ ഇല്ലാതിരുന്നതിനാൽ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ പൊതുപ്രവർത്തകനെന്ന കാര്യം കോടതി പ്രധാനമായി പരിഗണിച്ചെന്ന് വേണം കരുതാൻ. രണ്ടുകുറ്റങ്ങളിലും മൂന്ന് വർഷത്തിൽ താഴെയുള്ള തടവുശിക്ഷയാണ് കുറ്റം തെളിഞ്ഞാൽ അനുഭവിക്കേണ്ടി വരിക. കുറ്റാരോപിതന്റെ സമൂഹത്തിലുള്ള സ്ഥാനം, രാജ്യംവിടാൻ സാദ്ധ്യതയുള്ള വ്യക്തിയാണോ, സാക്ഷികളെ സ്വാധീനിക്കുമോ, മുൻപ് സമാനകുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണോ തുടങ്ങിയ കാര്യങ്ങൾ കോടതി പരിഗണിച്ചു. ഇക്കാരണങ്ങളാലാണ് സമാനമായ കുറ്റത്തിൽ ഏർപ്പെടരുത്, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങി വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. കോടതി പരിഗണിച്ച കാര്യങ്ങളെല്ലാം ജോർജിന് അനുകൂലമായിരുന്നുവെന്നു വേണം കരുതാൻ.

അവധി ദിവസങ്ങളിൽ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കാറുള്ളത്. ചില സുപ്രധാന കേസുകളിൽ അവധിയാണെങ്കിൽ പോലും മജിസ്‌ട്രേറ്റ് കോടതിയിൽ പ്രത്യേക സിറ്റിംഗ് നടത്തിയ ചരിത്രമുണ്ട്. മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുമ്പോൾ അടുത്ത ദിവസം തുറന്ന കോടതിയിൽ വിശദമായി ജാമ്യ ഹർജി പരിഗണിക്കാമെന്ന് പറയാറുണ്ട്. അപ്പോൾ സ്വാഭാവികമായി പ്രതിയെ ജുഡിഷ്യൽ റിമാൻഡോടെ ജയിലിലടയ്ക്കും. അത് കേസിന്റെ ഗൗരവം പരിഗണിച്ചാണെന്ന് മാത്രം. ജോർജിന്റെ കേസിൽ പ്രോസിക്യൂട്ടർ പോലും ഹാജരായിരുന്നില്ല. അന്വേഷണസംഘം കൃത്യമായി വിവരം ധരിപ്പിച്ച് പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യം കോടതിയിൽ ഉറപ്പാക്കേണ്ടിയിരുന്നു. അത് ഈ കേസിൽ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. എന്നാൽ, നിരവധി കേസുകളിൽ സർക്കാർ അഭിഭാഷകൻ ഹാജരുണ്ടോയെന്ന് പോലും പരിശോധിക്കാതെ മജിസ്‌ട്രേട്ടുമാർ ജാമ്യം നൽകിയിട്ടുണ്ട്. അവർക്ക് മുന്നിലെത്തുന്ന പരിഗണനാ വിഷയങ്ങളിലെ നിയമപരവും മറ്റ് ചില വിശ്വാസങ്ങളുമാണ് പ്രധാനമായും ഉൾക്കൊള്ളുന്നതെന്ന് വ്യക്തം.

ജാമ്യം നൽകാതെ പ്രതിയെ റിമാൻഡ് ചെയ്യുമ്പോൾ പ്രോസിക്യൂഷന് ലഭിക്കുന്ന ഗുണത്തേക്കാൾ ഉപരി അയാളെ പുറത്തുവിടുന്നതിലൂടെ സാധ്യമാകുന്ന നേട്ടങ്ങളും പരിഗണിക്കപ്പെടണമെന്നാണ് ചില അഭിഭാഷകരുടെ വാദം. ജയിലിൽ അടച്ചിരുന്നെങ്കിൽ ജോർജിന് ലഭിക്കുമായിരുന്ന രാഷ്‌ട്രീയനേട്ടം ജാമ്യം നൽകിയതിലൂടെ ഇല്ലാതായെന്നാണ് ഇക്കൂട്ടരുടെ വാദം. ജോർജിനെപ്പോലെ ഒരാൾ ഈ കേസിന്റെ പേരിൽ രാജ്യം വിട്ടുപോകാൻ സാദ്ധ്യതയില്ല. സമാനമായ കുറ്റം ചെയ്യുന്നുണ്ടോ എന്നതാണ് ഇനി പരിഗണിക്കപ്പെടേണ്ടത്. വിശാലമായ കാൻവാസിലൂടെ കാര്യങ്ങൾ വിലയിരുത്തപ്പെടുമ്പോൾ നിയമം മാത്രമായിരിക്കില്ല മജിസ്‌ട്രേട്ട് കോടതികൾ പരിഗണിക്കുകയെന്ന കാര്യം തിരിച്ചറിയണം.
പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ഇക്കാര്യത്തിൽ കോടതികൾക്ക് ഉചിതമായ തീരുമാനം എടുക്കാം. അന്വേഷണസംഘം ചാർത്തിയ കുറ്റങ്ങൾ അതേപടി ഒരിക്കലും അംഗീകരിക്കപ്പെടാൻ സാദ്ധ്യതയില്ല. അതിനാലാണ് ഇരുവിഭാഗങ്ങളും ശക്തമായ വാദങ്ങൾ കോടതിയിൽ ഉന്നയിക്കുന്നത്. ഇവിടെ അന്വേഷണസംഘത്തിന്റെ വാദങ്ങൾ കോടതിക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് സത്യം. അവധിയുടെ പേരിൽ വസതിയിൽ കേസ് കേൾക്കുമ്പോൾ മജിസ്‌ട്രേട്ടിന് മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയരും. ജാമ്യം കൊടുക്കാവുന്ന കേസിൽ അടുത്തദിവസം വിശദമായ വാദമെന്ന പേരിൽ ഒരാളെ എന്തിന് ജയിലിലിടണം. ഇത്തരം നീക്കം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമായി മാറുമെന്ന വിലയിരുത്തലുണ്ട്. പ്രതിക്ക് ജാമ്യം നൽകുമ്പോൾ വിചാരണയെ ബാധിക്കുമോയെന്ന കാര്യവും പ്രധാനമാണ്. പൊതുപ്രവർത്തകനായ ജോർജ് രാജ്യം വിടില്ലെന്ന പരിഗണന ഇവിടെ ലഭിച്ചു. ജസ്‌റ്റിസ് കൃഷ്‌ണയ്യരുടെ വാക്കുകൾ ഇവിടെ പ്രസക്‌തമാണ്. 'ജയിലെന്നത് തുടർച്ചയായി പരിഗണിക്കപ്പെടേണ്ടതല്ല. എന്നാൽ, ബെയിൽ തുടർച്ചയായി പരിഗണിക്കപ്പെടണം'. പി.സി. ജോർജിന് ജാമ്യം നൽകിയ മജിസ്ട്രേട്ടും ഇക്കാര്യത്തിൽ പ്രഥമ പരിഗണന നൽകിയെന്നും വേണം കരുതാൻ.

വാർത്താ പ്രാധാന്യമുള്ള കേസുകളിൽ ജാമ്യം നിരസിക്കലാണ് മജിസ്‌ട്രേട്ടിനു സുരക്ഷിതം എന്നു കരുതുന്നവരുണ്ട്. പക്ഷേ, നിയമം അതല്ല. ജാമ്യം ലഭിക്കുക എന്നതു പ്രതിയുടെ അവകാശമാണ്. ജാമ്യം നിരസിക്കണമെങ്കിൽ മതിയായ കാരണങ്ങൾ വേണം. നിയമവിവരവും നട്ടെല്ലുമുള്ള ന്യായാധിപർ ഉണ്ടായിരിക്കുന്നത് നിയമവ്യവസ്ഥയ്‌ക്ക് കരുത്തു പകരുന്നതാണ്. 1993 ൽ ഇതേ വകുപ്പുകൾ പ്രകാരമുളള കേസിൽ അബ്ദുൾ നാസർ മഅ്ദനി കൊച്ചി മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ജാമ്യാപേക്ഷ നൽകി. പ്രൊസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും ജാമ്യം അനുവദിച്ചു. തുടർന്നു കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വിദ്വേഷപ്രസംഗ കേസുകളിലും റിമാൻഡ് ചെയ്യപ്പെടാതെ ജാമ്യം ലഭിച്ചു. കുറ്റാരാേപിതനായ വ്യക്തിയെ പൊലീസ് വാഹനത്തിൽ കയറ്റാതെ സ്വന്തം വാഹനത്തിൽ യാത്രയ്‌ക്ക് അനുമതി നൽകിയതും ചർച്ചയായി. അത് പ്രതിയെ കസ്‌റ്റഡിയിൽ എടുക്കാനെത്തിയ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. സുരക്ഷിതമായി പ്രതിയുമായി ലക്ഷ്യ സ്ഥാനത്ത് എത്തുകയെന്നതാണ് പരമപ്രധാനം. അതിന് വിവിധങ്ങളായ വഴികളുണ്ട്. റിസ്ക് എടുക്കുക എന്നത് ആ ഉദ്യോഗസ്ഥന്റെ തീരുമാനമാണ്. കളമശേരി ബസ് കത്തിക്കൽ കേസിൽ സൂഫി മഅ്‌ദനിയെ കൊച്ചി നഗരത്തിലെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത് അവരുടെ വാഹനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണറുടെ ഓഫീസിലെത്തിച്ചത്. ഇൗ സംഭവവും അന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. നടപടിക്രമങ്ങളും നിയമവ്യവസ്ഥകളും തെറ്റിക്കുമ്പോഴാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. അല്ലാതെ വെറുതെ വിവാദമുണ്ടാക്കുന്നതിൽ അർത്ഥമില്ല.

Advertisement
Advertisement