തൃക്കാക്കരപ്പേടി : കണ്ണൂരിൽ സർവേ നിർത്തി കെ.റെയിൽ

Wednesday 04 May 2022 11:47 PM IST

കണ്ണൂർ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ സിൽവർലൈൻ സർവേ കല്ലിടൽ കെ റെയിൽ അധികൃതർ അനിശ്ചിതക്കാലത്തേക്ക് നിർത്തിവെച്ചു.സർവേക്കെതിരെ പ്രദേശവാസികളിൽ നിന്നും വ്യാപകമായ പ്രതിഷേധമുയരുകയും അതു മാദ്ധ്യമങ്ങളിൽ വാർത്താവുകയും ചെയ്യുന്ന സാഹചര്യം തുടർന്നാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് താൽക്കാലികമായി കല്ലിടൽ നിർത്തിവയ്ക്കാൻ സർക്കാർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്.

എടക്കാട് പൊലിസ് സ്‌റ്റേഷൻ പരിധിയിലെ ചാല, നടാൽ, മുഴപ്പിലങ്ങാട്, പ്രദേശങ്ങളിലാണ് സിൽവർലൈൻ കുറ്റിയിടൽ നടന്നത്. എന്നാൽ ഇവിടങ്ങളിൽ അതിശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഉദ്യോഗസ്ഥരും പൊലീസുമായി സമരസമിതി പ്രവർത്തകരും പൊതുജനങ്ങളും ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഇവിടെയുണ്ടായി. സമരം ചെയ്യുന്ന യു.ഡി. എഫ് പ്രവർത്തകരെ ചെറുക്കുന്നതിനായി സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങിയതും ചിലർക്ക് മർദ്ദനമേറ്റതും വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടെയിൽ കെ.റെയിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരിലൊരാൾക്കും മർദ്ദനമേറ്റു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർവേ നടപടികൾതാൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു.

ചെറിയ പെരുന്നാൾ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സർവേ ഇന്നലെ ധർമ്മടം പൊലിസ് സ്‌റ്റേഷൻ പരിധിയിൽ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നടപടികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാൻ കെ.റെയിൽ കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സർവേ നടത്തുന്ന ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

കെ.റെയിൽ ജനകീയ പ്രക്ഷോഭയാത്ര 12ന് തുടങ്ങും

കണ്ണൂർ: ജനദ്രോഹകരമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക,
കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നയിക്കുന്ന ഭരണകൂട കൈയ്യേറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭ യാത്ര' ഈ മാസം 12,13 തീയ്യതികളിൽ നടക്കും. 12ന് രാവിലെ ഒൻപതുമണിക്ക് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രമുഖ പരിസ്ഥിതിസാമൂഹ്യ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുഞ്ഞിമംഗലം, പഴയങ്ങാടി, ചെറുകുന്ന് തറ,ഇരിണാവ് ടൌൺ, പാപ്പിനിശ്ശേരി പഞ്ചായത്ത്,വളപട്ടണം ആപ്പാൻതോട്,തളാപ്പ് പള്ളി എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ആദ്യ ദിനം ജാഥ കണ്ണൂർ കാൽടെക്സിൽ സമാപിക്കും.സമാപന സമ്മേളനം കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ കെ.സി. ഉമേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.

Advertisement
Advertisement