ഉപഗ്രഹ ടോൾ വരുമ്പോൾ

Thursday 05 May 2022 2:54 AM IST

ടോൾപിരിവ് പരിഷ്‌കരിക്കാൻ ഉപഗ്രഹ നാവിഗേഷൻ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണ്. സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ നൽകിയാൽ മതിയെന്ന നീതി ഈ മാറ്റത്തിലുണ്ട്. നിലവിൽ ദേശീയപാതയിൽ ടോൾ പ്ളാസകൾ വഴിയാണ് പിരിവ്. എതിർപ്പിന്റെ പേരിൽ അടിപിടി വരെ നടന്നിട്ടുണ്ട്. നിലവിൽ ഒരു ടോൾബൂത്ത് കടന്ന് ദേശീയപാതയിൽ നിന്ന് ടോൾ ഇല്ലാത്ത പാതയിലേക്ക് തിരിഞ്ഞാലും അടുത്ത ടോൾബൂത്ത് വരെയുള്ള പണം നൽകണം. ഇത് അനീതിയാണ്. കോവളത്തെ ടോൾ പ്ളാസയോടുള്ള എതിർപ്പിന് പ്രധാന കാരണവും ഇതായിരുന്നു.

ടോൾ പ്ളാസകൾ ഇല്ലാതാകുമ്പോൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഫാസ് ടാഗ് സംവിധാനവും ഇല്ലാതാകും. ഫാസ് ടാഗ് സംവിധാനത്തിൽ പേമെന്റ് ആപ്പുകൾ വഴിയാണ് പണം ഈടാക്കുന്നത്. എന്നാൽ ഉപഗ്രഹ സംവിധാനത്തിൽ ഉടമയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ടാണ് പണം ഈടാക്കുന്നത്. അതിനാൽ ഹാക്കിംഗ് വഴി പണം നഷ്ടപ്പെടാനുള്ള സാദ്ധ്യത വാഹന ഉടമകൾ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആശങ്കകൾ പൂർണമായി പരിഹരിച്ച് തീരുമാനമെടുക്കണം. 2019 ന് ശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ജി.എൻ.എസ് ട്രാക്കിംഗ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങളിൽ പുതുതായി സ്ഥാപിക്കേണ്ടിവരും. അതിന് ചെലവേറുമോ എന്നതിലും വ്യക്തതയില്ല. ദിനംപ്രതി ഇന്ധനവില ഉയർന്നുകൊണ്ടിരിക്കെ ഒരു വാഹനം പരിപാലിക്കുക തന്നെ സാധാരണക്കാർക്ക് വലിയ പ്രതിസന്ധിയാണ്. ഒഴിവാക്കാനാകില്ലെങ്കിലും അതിനിടയിൽ ഇത്തരം പരിഷ്കാരങ്ങൾക്കും പണം കണ്ടെത്തേണ്ടിവരുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി മാർച്ചിൽ പാർലമെന്റിൽ പ്രഖ്യാപിച്ചതാണ് യൂറോപ്പിൽ ഉൾപ്പെടെ വിജയിച്ച ജി.എൻ.എസ്.എസ് ടോൾ സംവിധാനം. പൈലറ്റ് പ്രോജക്ടായി 1.37 ലക്ഷം വാഹനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ടോൾ പ്ളാസകളിലെ കുരുക്കും നീണ്ടക്യൂവും ഒഴിവാകുമെന്നതാണ് ഏറ്റവും ഗുണകരമായ പ്രയോജനം. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വേഗത്തിൽ കണ്ടെത്താനുമാവും. നിലവിൽ ടോൾബൂത്തുകളുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ നൽകേണ്ടതില്ല. ഇവരെ എങ്ങനെ ജി.പി.എസിൽ ഉൾപ്പെടുത്തുമെന്നതിൽ പരിഹാരം കാണേണ്ടതുണ്ട്. ദേശീയപാതകളുടെ കേരളത്തിലെ സ്ഥിതി പരിതാപകരമാണ്. നമ്മൾ ടോൾ നൽകി മോശം റോഡ് ഉപയോഗിക്കണം! യൂറോപ്യൻ രാജ്യങ്ങളിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് നല്ല റോഡ് ഉറപ്പാക്കിയതിന് ശേഷമാണ്.

പിഴയുമായി ബന്ധപ്പെട്ട ഏതു ട്രാഫിക് നിയമം നടപ്പാക്കാനും സംസ്ഥാനങ്ങൾക്ക് അത്യുത്സാഹമാണ്. വാഹന ഉടമകൾക്ക് പ്രയോജനമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ അമാന്തവുമാണ്. രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷൻ സംവിധാനമായ ബി.എച്ച് സീരീസ് നടപ്പാക്കാൻ കേരളം മടിച്ചുനിൽക്കുകയാണ്. വാഹനവിലയുടെ എട്ട് മുതൽ 12 ശതമാനം വരെയാണ് പുതിയ സംവിധാനത്തിൽ നികുതി. എന്നാൽ സംസ്ഥാനത്ത് നികുതി 21 ശതമാനം വരെയാണ്. അതുപോലെ അഞ്ച് വർഷത്തെ ടാക്സ് ഒരുമിച്ച് അടച്ചാൽ മതി. ഇവിടെ 15 വർഷത്തെ ടാക്സ് അടയ്ക്കണം. ഭൂരിപക്ഷം ഉടമകളും അഞ്ച് വർഷത്തിനിടെ കാർ മാറ്റുന്നവരാണ്. അതിനാൽ 15 വർഷത്തെ ടാക്സ് പിരിക്കൽ അശാസ്ത്രീയമാണ്. ഇതുപോലുള്ള കാര്യങ്ങളിലും കാലോചിതമായ മാറ്റം അനിവാര്യമാണ്.

Advertisement
Advertisement