മഞ്ജുവാര്യരെ ശല്യംചെയ്‌തെന്ന കേസ്; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു
കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയിൽ അറസ്‌റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് അദ്ദേഹത്തെ വിട്ടത്.
സ്‌റ്റേഷൻ ജാമ്യം ലഭിക്കുന്ന കേസിൽ എന്തിനാണ് കോടതിയിലെത്തി ജാമ്യമെടുക്കുന്നത് എന്ന് കോടതി ചോദിച്ചു. തനിക്ക് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും എഴുതി നൽകുമെന്നും സംവിധായകൻ മറുപടി നൽകി. പൊലീസുകാർക്ക് എതിരെയല്ല മറ്റ് ചിലകാര്യങ്ങളാണ് അറിയിക്കാനുളളതെന്നാണ് കോടതിയെ സനൽ കുമാർ ശശിധരൻ അറിയിച്ചത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പിന്തുടർന്നുവെന്നും നടി മഞ്ജു വാര്യർ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം പാറശാലയിൽ നിന്ന് ഇളമക്കര പൊലീസ് സനൽ കുമാർ ശശിധരനെ അറസ്‌റ്റ് ചെയ്‌തത്. കേസിൽ തെളിവായ സനൽ കുമാർ ശശിധരന്റെ ഫോൺ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്‌ക്ക് അയക്കും.