നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമണം,​ പബ്ലിക് പ്രോസിക്യൂട്ടറും പ്രതി,​ ആക്രമണത്തിന് നിർദ്ദേശിക്കുന്ന വീഡിയോ പുറത്ത്

Friday 06 May 2022 7:19 PM IST

ആലപ്പുഴ: നൂറനാട്ടെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പബ്ളിക് പ്രോസിക്യൂട്ടറെയും പ്രതി ചേർത്ത് പൊലീസ്. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പ്രതി ചേർത്തത്. കോൺഗ്രസ് ഓഫീസിന് മുന്നിൽ വെച്ച് സോളമൻ ആക്രമണത്തിന് നിർദ്ദേശിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.

കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ പ്രവർത്തകർ ആദ്യം കൊടി നാട്ടുകയും പിന്നാലെ കൊടിമരം നാട്ടുകയും ചെയ്‌തതാണ് പ്രദേശത്ത് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാകാൻ കാരണം.. സി.പി.ഐ പ്രവർത്തകർ സംഘടിച്ചെത്തി കോൺഗ്രസ് ഓഫീസ് തല്ലിത്തകർത്തതിനെ തുടർന്ന് ചാരുംമൂടിന് സമീപത്തെ അഞ്ച് പഞ്ചായത്തുകളിൽ വ്യാഴാഴ്‌ച ഹ‌ർത്താൽ പ്രഖ്യാപിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിലടിച്ചത്. വിഷയത്തിൽ പൊലീസ് ഇടപെടാത്തതിൽ കോൺഗ്രസ് സംഭവദിവസം തന്നെ ശക്തമായി പ്രതിഷേധിച്ചിരുന്നു

അതേസമയം ചാരുംമൂടുണ്ടായത് പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു. പാർട്ടിയുടെ കൊടിമരം നശിപ്പിച്ചതിലുള‌ള സ്വാഭാവിക പ്രതികരണമാണത്.

സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് ഓഫീസ് തകർത്ത കേസിൽ രണ്ട് സി.പി.ഐ പ്രവർത്തകരെയും പൊലീസിനെ ആക്രമിച്ചതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.

Advertisement
Advertisement