ഡൽഹിയിലെ അധികാരത്തർക്കം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

Saturday 07 May 2022 12:46 AM IST

ന്യൂഡൽഹി: ഡൽഹിയിൽ നിയമിതരാകുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ള ബ്യൂറോക്രാറ്റുകളുടെ നിയന്ത്രണം സംബന്ധിച്ച് കേന്ദ്ര സർക്കാരും കേജ്‌രിവാൾ സർക്കാരും തമ്മിലുള്ള അധികാരത്തർക്കം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

മുൻ ഭരണഘടനാ ബെഞ്ച് പരിഹരിച്ച തർക്കങ്ങൾ പുനഃപരിശോധിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ പുതിയ ഭരണഘടനാ ബെഞ്ചിന് വിടുകയാണ്.'- കോടതി വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ ഭരണതലത്തിൽ നിയന്ത്രിക്കാനുള്ളന്നതിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയെന്നും ലഫ്. ഗവർണർ വഴി കേന്ദ്ര സർക്കാരിന്റെ ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുകയാണെന്നും ആരോപിച്ചാണ് ഡൽഹി സർക്കാർ കേസ് നൽകിയത്. ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണമില്ലാത്ത സർക്കാ‌ർ രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന് ഒരു സെക്രട്ടറിയെ നിയമിക്കാൻ പോലും ലഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടേണ്ട ഗതികേടാണെന്നും വ്യക്തമാക്കിയിരുന്നു.

2018ൽ ഭരണഘടനാ ബെഞ്ച് ദേശീയ തലസ്ഥാന പ്രദേശവുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ അടങ്ങുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 239 എ എ വ്യാഖ്യാനിച്ചിരുന്നു. മന്ത്രിസഭയുടെ സഹായവും ഉപദേശവും കൂടാതെ ലെഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകില്ലെന്നും സർക്കാരുമായി യോജിച്ച് പ്രവർത്തിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട അപ്പീലുകൾ ഭരണഘടനാബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കാനായി സാധാരണ ബെഞ്ച് മുമ്പാകെ സമർപ്പിച്ചു. 2019 ഏപ്രിൽ 14ന് സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. ബെഞ്ചിലെ ജഡ്‌ജിമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും തമ്മിൽ ഭിന്നതയുണ്ടായതിനാൽ പ്രശ്നം പരിഹരിക്കാനായില്ല.

Advertisement
Advertisement