വിഴിഞ്ഞത്ത് മോഷണവും സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷം

Saturday 07 May 2022 12:02 AM IST

കോവളം: വിഴിഞ്ഞത്ത് മോഷണവും സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമാകുന്നു. വീടുകളിൽ സൂക്ഷിക്കുന്ന സെെക്കിളുകളടക്കമുള്ളവ രാത്രിയിൽ മോഷ്ടിക്കുന്നത് പതിവാണ്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടറുകളിൽ നിന്നും ബെെക്കുകളിൽ നിന്നും പെട്രോൾ ഊറ്റലും മാേഷണവും വ്യാപകമാണ്.

കഴിഞ്ഞ ദിവസം പുലർച്ചെ വിഴിഞ്ഞം ടൗൺഷിപ്പിലെ മണ്ണക്കല്ല് ഭാഗത്ത് വീടിന് മുന്നിൽ നിറുത്തി വച്ചിരുന്ന ബെെക്കിൽ നിന്ന് മൂന്ന് ലിറ്ററിലധികം വരുന്ന പെട്രോൾ ഊറ്റിയതാണ് ഒടുവിലത്തെ സംഭവം. സിറാജ് ദിനപത്രത്തിന്റെ റിപ്പോർട്ടർ നാസർസഖാഫിയുടെ ഹീറോഹാേണ്ട ബെെക്കിൽ നിന്നാണ് പെട്രോൾ മാേഷ്ടിച്ചത്.

ബെെക്കിന്റെ പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് പെട്രോൾ കടന്നുപോകുന്ന ട്യൂബ് അറുത്ത് മാറ്റിയായിരുന്നു മോഷണം. ദിവസങ്ങൾക്ക് മുമ്പ് ടൗൺഷിപ്പിലെ പുല്ലൂർക്കോണം ക്ഷേത്രത്തിന് സമീപത്തെ വീടിന്റെ കോമ്പൗണ്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ധനുഷ് എന്ന വിദ്യാർത്ഥിയുടെയും സമീപത്തെ മറ്റാെരു വീട്ടിൽ സൂക്ഷിച്ചിരുന്ന സെെക്കിളും മോഷ്ടാക്കൾ കവർന്നിരുന്നു. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ വിഴിഞ്ഞം, തിയേറ്റർ ജംഗ്ഷൻ, ഹാർബർ, ടൗൺഷിപ്പ്, ബീച്ച് റോഡ് തുടങ്ങിയ ഇടങ്ങളിൽ പൊലീസ് പട്രോളിംഗ് പേരിന് പോലും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൊതു ഇടങ്ങളിൽ സംഘം ചേർന്ന് പരസ്യ മദ്യപാനം നടത്തുന്നതും ഇത്തരം സംഘങ്ങൾ തമ്മിലുള്ള തർക്കവും തെറിവിളികളും കൈയാങ്കളിയും വ്യാപകമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് അഴിഞ്ഞാടാൻ അവസരമാെരുക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മദ്യപാനവും തെറിവിളിയും അടിപിടിയുമൊക്കെ നടക്കുമ്പോൾ സ്റ്റേഷനിൽ വിളിച്ചറിയിച്ചാലും നടപടിയൊന്നുമുണ്ടാകാറില്ലെന്നാണ് പരാതി.

Advertisement
Advertisement