''വെടിക്കെട്ട് കാണാനെന്ത് രസം, ശബ്ദം സഹിക്കാൻ വയ്യേ...''

Sunday 08 May 2022 12:02 AM IST
ഗായത്രി

എല്ലാവരുടെയും, പ്രത്യേകിച്ച് തൃശൂരുകാരുടെ വികാരമാണ് പൂരം. പൂരമെന്ന് കേൾക്കുമ്പോൾ ചെറുപ്പകാലത്ത് വെടിക്കെട്ട് കാണാൻ പോയ ഓർമ്മയാണ് മനസിലേക്ക് ഓടിവരുന്നത്. തിരക്ക് പേടിച്ച് പൂരത്തിന് പോകാറില്ല. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛനൊപ്പം സാമ്പിൾ കാണാൻ പോയി. നഗരത്തിന്റെ നിശബ്ദത അന്നാണ് കാണുന്നത്. വീട്ടിൽ നിന്ന് സ്വരാജ് റൗണ്ട് വരെ നടന്നു. വെടിക്കെട്ട് തുടങ്ങിയപ്പോൾ ആ നിശബ്ദതയെല്ലാം പോയി. വെടിക്കെട്ട് കൂട്ടപ്പൊരിച്ചിലിലായപ്പോൾ കണ്ണ് തള്ളിപ്പോയി, ബോധം പോയ പോലെ തോന്നി. വെടിക്കെട്ടിന് ഇന്നത്തേതുപോലെ നിയന്ത്രണങ്ങളില്ലാത്തതു കാരണം തീവ്രത കൂടുതലായിരുന്നു. എന്തായാലും മാനത്ത് വിരിയുന്ന ആ വർണചിത്രങ്ങൾ സുന്ദരമാണ്. പക്ഷേ, ശബ്ദം സഹിക്കാൻ വയ്യേ...

തൃശൂരുകാരായ കൊച്ചുകുട്ടികൾ പോലും ഈ വെടിക്കെട്ട് ആസ്വദിക്കുന്നുണ്ടെന്നതാണ് രസകരം. പിന്നീട് കോളേജിൽ പഠിക്കുമ്പോൾ നായ്ക്കനാലിൽ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പൂരക്കാഴ്ചകൾ കണ്ടിട്ടുണ്ട്. എന്തായാലും എല്ലാം വണ്ടർഫുൾ ഓർമ്മകളാണ്. കുടമാറ്റം, ഇലഞ്ഞിത്തറമേളം, മഠത്തിൽ വരവ്.... തൃശൂരുകാരിയായതിൽ അഭിമാനം മാത്രം...

എന്തായാലും ഒരു പാട്ട് പാടി അവസാനിപ്പിക്കാം:

''കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശൂർപൂരം കാണാൻ
പൂരം എനിക്കൊന്നു കാണണം കാന്താ...
പൂരം അതിലൊന്ന് കൂടണം കാന്താ... ''

മഹാമാരിക്കാലത്ത് പെർഫോമിംഗ് ആർട്ടിസ്റ്റുകൾ ലോക്കായിപ്പോയപ്പോൾ, മുംബയിലെ അന്ധേരിയിൽ സംഹാരരൂപിയായി കൊവിഡ് താണ്ഡവമാടിയപ്പോൾ, ഗായത്രി വേദനിക്കുന്നവർക്ക് സാന്ത്വനവും ആശ്വാസവുമായി ഗസലുകൾ പാടുകയായിരുന്നു, സംഗീതം പഠിപ്പിക്കുകയായിരുന്നു, ഡിജിറ്റൽ കച്ചേരികൾ നടത്തുകയായിരുന്നു. കലാകാരൻമാർ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും സർഗാത്മകമായി അതിജീവിക്കുമെന്ന് അടിവരയിടുകയായിരുന്നു ഗായത്രിയുടെ സംഗീതജീവിതം. അന്ധേരിയിലെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസമാണ് അച്ഛൻ ഡോ. പി.യു. അശോകനെയും അമ്മ കെ.എസ്. സുനീധിയേയും കാണാൻ വിയ്യൂരിലെ വീട്ടിലേക്ക് ഓടിയെത്തിയത്. സംഗീതപരിപാടികളുള്ളതിനാൽ സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞാൽ മടങ്ങും. സംഗീത സംവിധായകനും ഗായകനും സിത്താർ വാദകനുമാണ് ഭർത്താവ് പുർബയാൻ ചാറ്റർജി. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പരിപാടിയ്ക്ക് അദ്ദേഹവും നാട്ടിലെത്തുന്നുണ്ട്. സഹോദരൻ ഗണേഷ് എറണാകുളത്ത് ടെക്‌നോപാർക്കിലാണ് ജോലി ചെയ്യുന്നത്.

Advertisement
Advertisement