തുടർച്ചയായി 17 മണിക്കൂർ പറക്കും, മിസൈൽ പ്രതിരോധ സംവിധാനവും സ്വന്തം;  ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പറക്കുന്ന ആകാശക്കൊട്ടാരം, പ്രത്യേകതകൾ കാണാം

Saturday 07 May 2022 4:52 PM IST

വിദേശ യാത്രകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തന്നെ താരമാകുന്ന ഒന്നാണ് അദ്ദേഹം സഞ്ചരിക്കുന്ന എയർ ഇന്ത്യ വൺ എന്ന വിമാനം. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഈ വി.വി.ഐ.പി വിമാനം മിക്കപ്പോഴും ചർച്ചയാകാറുണ്ട്.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ളതാണ് എയർ ഇന്ത്യ വൺ. പഴക്കം ചെന്ന ബോയിംഗ് 747-ന് പകരമായാണ് രണ്ട് ബോയിംഗ് 777 വി.വി.ഐ.പി വിമാനങ്ങൾ 2020 ൽ ഇന്ത്യ സ്വന്തമാക്കിയത്. എയർ ഇന്ത്യ വണ്ണിന്റെ ഒരു വശത്ത് ഹിന്ദിയിൽ 'ഭാരത്' എന്നും മറുവശത്ത് ഇംഗ്ലീഷിൽ 'ഇന്ത്യ' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ പതാക വിമാനത്തിൽ പതിപ്പിച്ചിട്ടുണ്ട്.

എയർ ഇന്ത്യ വൺ വിമാനത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം...

തുടർച്ചയായി 17 മണിക്കൂർ പറക്കാൻ ശേഷി

ദീർഘദൂരം പറക്കാനാകുമെന്നതാണ് വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുൻപ് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പതിവുപോലെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ തന്റെ വിമാനം നിർത്തേണ്ടി വന്നില്ല, പകരം ആ വിമാനം നേരിട്ട് അമേരിക്കയിലേക്ക് പറന്നു. കാരണം, പ്രധാനമന്ത്രി സഞ്ചരിച്ചിരുന്നത് ദീ‌ഘദൂരം പറക്കാനുന്ന എയർ ഇന്ത്യ വണ്ണിലായിരുന്നു.

തുടർച്ചയായി 17 മണിക്കൂർ പറക്കാനുള്ള വിമാനത്തിന്റെ ശേഷി കൊണ്ടാണ് എയർ ഇന്ത്യ വൺ തളരാതെ പ്രധാനമന്ത്രിയെയും സംഘത്തെയും കൊണ്ട് അമേരിക്കയിൽ ലാൻഡ് ചെയ്തത്. പറന്നിറങ്ങിയ രാജ്യങ്ങളിലൊക്കെ വിമാനം ശ്രദ്ധ നേടി. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഈ വിമാനം സഞ്ചരിക്കുന്ന ഒരു ആകാശ കൊട്ടാരം തന്നെയാണ്.

യാത്രയ്ക്കിടെ മോദിയ്ക്ക് വിശ്രമിക്കാനായി ഇനി ഹോട്ടൽ മുറികൾ വേണ്ട

യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച പാരിസിൽ മോദി എത്തിയപ്പോൾ പ്രധാനമന്ത്രിയ്‌ക്കൊപ്പം തിളങ്ങാൻ എയർ ഇന്ത്യ വണ്ണിനായി.ജർമ്മൻ തലസ്ഥാന നഗരമായ ബെർലിനിൽ എത്തിയതോടെ ആരംഭിച്ച യൂറോപ്യൻ സന്ദർശനത്തിൽ പ്രധാനമന്ത്രി മോദി ഡെന്മാർക്കിലും എത്തിയിരുന്നു.

മണിക്കൂറുകളോളം യാത്ര ചെയ്‌ത പ്രധാനമന്ത്രി, വിശ്രമത്തിനായി ഹോട്ടലുകളെ ആശ്രയിക്കാതിരുന്നതിന്റെ ക്രെഡിറ്റ് എയർ ഇന്ത്യ വണ്ണിനാണ്. വിമാനത്തിൽ തന്നെയാണ് ഇപ്പോൾ മോദി യാത്രയ്ക്കിടെ വിശ്രമിക്കുന്നത്.

എയർ ഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന എയർ ഇന്ത്യ വൺ

സുരക്ഷയും സൗകര്യവും പരിഗണിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ എന്ന വിമാനത്തിനോട് ഏറെക്കുറെ തുല്യത പാലിക്കാൻ എയർ ഇന്ത്യ വണ്ണിനാകുന്നുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശന ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പദ്ധതി പ്രകാരം അമേരിക്കൻ കമ്പനിയായ ബോയിങ് ആണ് ഈ എയർ ഇന്ത്യ വൺ നിർമ്മിച്ചത്. ബോയിങ് 777 മോഡൽ വിമാനം നവീകരിച്ചാണ് എയർ ഇന്ത്യ വൺ ആക്കി മാറ്റിയിരിക്കുന്നത്.

രണ്ട് വിമാനങ്ങളാണ് ഇന്ത്യ ഒരേ സമയം വിവിഐപികളുടെ യാത്രയ്ക്കായി വാങ്ങിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി തുടങ്ങിയവർക്ക് സഞ്ചരിക്കാനായാണ് വിമാനങ്ങൾ എത്തിച്ചത്.

അത്യാധുനിക സുരക്ഷ, ചിലവ് 8458 കോടി

ഇന്ത്യൻ വ്യോമസേന, എയർ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സാങ്കേതിക കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് കൊണ്ടു വന്നത്.

ഏതാണ്ട് 8,458 കോടി രൂപയാണ് ഈ രണ്ട് വിമാനങ്ങൾക്കായി ചെലവായത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ സഞ്ചരിക്കുമ്പോൾ വിമാനം എയർ ഇന്ത്യ വൺ എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുക.

എയർ ഇന്ത്യ വൺ എത്തുന്നതിന് മുൻപ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും എയർ ഇന്ത്യയുടെ ബി 747-400 വിമാനങ്ങളിലാണ് സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ 25 വർഷമായി രാജ്യത്ത് വി.വി.ഐ.പികൾക്കായി ഉപയോഗിച്ച് വരുന്നവയാണ് ഇവ. എയർ ഇന്ത്യ പൈലറ്റുമാർ തന്നെയാണ് ഈ വിമാനങ്ങൾ പറത്തുന്നതും.

എയർ ഇന്ത്യ വൺ വിമാനങ്ങളിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് (എൽ.എ.ഐ.ആർ.സി.എം), സ്വയം പ്രതിരോധ സ്യൂട്ടുകൾ (എസ്.പി.എസ്) എന്ന സംവിധാനങ്ങൾ വിമാനത്തിലുണ്ട്.

മിസൈൽ മുന്നറിയിപ്പ് സെൻസറുകൾ, ലേസർ ട്രാൻസ്മിറ്റർ അസംബ്ലി, കൺട്രോൾ ഇന്റർഫേസ് യൂണിറ്റ്, ഇന്റഫ്രാറെഡ് മിസൈലുകൾ കണ്ടെത്തൽ, പിന്തുടരൽ, തടസപ്പെടുത്തൽ, തിരിച്ചടിക്കൽ എന്നിവയ്ക്കുളള പ്രൊസസറുകൾ എന്നിവ ഉൾപ്പെടുത്തുന്നതാണ് എൽ.എ.ഐ.ആർ.സി.എം. സ്വന്തമായി മിസൈൽ പ്രതിരോധ സംവിധാനവും അത്യാവശ്യഘട്ടങ്ങളിൽ പ്രധാനമന്ത്രിയ്ക്ക് രക്ഷപ്പെടാൻ എസ്‌കേപ് പോഡ് സൗകര്യവും ഈ വിമാനത്തിൽ ഉണ്ട്.

നൂതന സാങ്കേതിക വിദ്യകളും സൗകര്യങ്ങളും

എയർ ഇന്ത്യ വൺ വി.വി.ഐ.പി വിമാനത്തിൽ അത്യാധുനിക ആശയവിനിമയ സംവിധാനവുമുണ്ട്. വിമാനത്തിൽ നിന്ന് വി.വി.ഐ.പികൾക്ക് ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ദൃശ്യ-ശ്രവ്യ ആശയവിനിമയം നടത്താൻ കഴിയും.

വി.വി.ഐ.പി സ്യൂട്ട്., രണ്ട് കോൺഫറൻസ് റൂമുകൾ, പ്രസ് ബ്രീഫിംഗ് റൂം, മെഡിക്കൽ റൂം, നെറ്റ്‌വ‌ർക്ക് ജാമറുകളുളള സുരക്ഷിത ആശയവിനിമയമുറി എന്നിവയും വിമാനത്തിന്റെ സവിശേഷതയാണ്. വിമാനത്തിന്റെ പിൻഭാഗം എക്കോണമി ക്ലാസും, അവിടെനിന്ന് മുൻഭാഗം വരെയുള്ളത് ബിസിനസ് ക്ലാസും എന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

അടിയന്തിര സാഹചര്യങ്ങളിൽ ബോയിംഗ് 777-ന് ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാൻ സാധിയ്‌ക്കും. ഇരട്ട ജി.ഇ 90-115 എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന വിമാനത്തിന് മണിക്കൂറിൽ 559.33 മെെൽ വേഗത വരെ കെെവരിക്കാനാകും.

Advertisement
Advertisement