തിരഞ്ഞെടുപ്പിന് മുൻപ് രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണം, കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് നിർദ്ദേശവുമായി രമേശ് ചെന്നിത്തല

Saturday 07 May 2022 5:04 PM IST

തിരുവനന്തപുരം: കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന് നിർദ്ദേശിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിർദ്ദേശിച്ചു. രാജസ്ഥാനിൽ മേയ് 13ന് ആരംഭിക്കുന്ന ചിന്തൻ ശിബിരിന് മുന്നോടിയായി മുകുൾ വാസ്‌നികിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല ഈ നി‌ർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. ഉപസമിതി യോഗങ്ങളിലെ അഭിപ്രായങ്ങളാണ് ചിന്തൻ ശിബിറിൽ ചർച്ച ചെയ്യുക.

ജമ്പോ കമ്മിറ്റികൾ വേണ്ടെന്നുവയ്‌ക്കണമെന്നും ഓരോ തലത്തിലും ഭാരവാഹികളുടെ എണ്ണം ഭരണഘടനയിൽ നിശ്ചയിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡിസിസികളെ പുന:സംഘടിപ്പിക്കണം, പാർട്ടിയുടെ പ്രവർത്തന ഫണ്ട് കണ്ടെത്താൽ എല്ലാവർഷവും ഒരുമാസം ഫണ്ട് ശേഖരണ ക്യാമ്പെയിൻ നടത്തണം. 30 ലക്ഷം ജനങ്ങൾക്ക് ഒരു ഡിസിസി എന്ന നിലയിൽ മാറ്റണം. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ 50 വലുതിൽ 100 എന്നിങ്ങനെ നിജപ്പെടുത്തണം. ചെന്നിത്തല, അജയ് മാക്കൻ, മുകുൾ വാസ്‌നിക്, രൺദീപ് സിംഗ് സുർഛേവാല, അധീർ രഞ്ജൻ ചൗധരി, നെറ്ര ഡിസൂസ, മീനാക്ഷി നടരാജൻ എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

Advertisement
Advertisement