വികസനപാതയിൽ കയർ കോർപറേഷൻ

Sunday 08 May 2022 1:17 PM IST
കയർ കോർപ്പറേഷൻ

പ്രോഡക്ട് ഡെവലപ്‌മെന്റ് സെന്റർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം നാളെ

ആലപ്പുഴ: കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ പുതിയ പ്രോഡക്‌ട് ഡെവലപ്‌മെന്റ് സെന്ററിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനം നാളെ നടക്കും. കോർപ്പറേഷൻ ഓഫീസ് അങ്കണത്തിൽ ഉച്ചക്ക് 2.30ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ മുഖ്യ പ്രഭാക്ഷണം നടത്തും.

ഉത്പന്ന വൈവിധ്യമടക്കമുള്ള പ്രവർത്തനങ്ങൾക്ക് കയർ കോർപ്പറേഷൻ മുൻതൂക്കം നൽകിവരുന്നതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രൊഡക്ട് ഡവലപ്പ്‌മെന്റ് സെന്ററിന്റേയും അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റേയും നിർമ്മാണം പൂർത്തീകരിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ എന്ന സ്ഥാപനവുമായി യോജിച്ച് പ്രവർത്തിക്കുന്ന തരത്തിലാണ് പ്രൊഡക്ട് ഡവലപ്പ്‌മെന്റ് സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധതരം കയർ ഉത്പന്നങ്ങൾ വികസിപ്പിക്കുകയും ഇവയ്ക്ക് വിപണി കണ്ടെത്തുകയും ചെയ്യുക വഴി സാധാരണക്കാരായ തൊഴിലാളികളുടെ ഉന്നമനവും സംരക്ഷണവുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാനേജിംഗ് ഡയറക്ടർ ജി ശ്രീകുമാർ ,ജനറൽ മാനേജർ സുനുരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ലാഭവഴിയിൽ പതിമൂന്ന് വർഷം
തുടർച്ചയായി പതിമൂന്ന് വർഷമായി കോർപ്പറേഷൻ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 200 കോടി രൂപയ്ക്ക് മുകളിലാണ് രണ്ട് സാമ്പത്തിക വർഷങ്ങളിലും കോർപ്പറേഷന്റെ വിറ്റുവരവ്. അന്താരാഷ്ട്ര വിപണന വിഭാഗത്തിൽ മുൻ വർഷത്തേക്കാൾ 30 ശതമാനത്തോളം വർദ്ധനവ് നേടാൻ കഴിഞ്ഞതായും ജി വേണുഗോപാൽ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകൾക്കുള്ള കയർ ഭൂവസ്ത്ര വിതരണവും കാര്യക്ഷമമായി നടപ്പാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 31 കോടിയോളം രൂപയുടെ കയർ ഭൂവസ്ത്രം വില്പന നടത്തി. ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെ വില്പന നടത്തി വരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകളുടെ വിവിധ ഔട്ട്‌ലെറ്റുകൾ വഴിയും ആമസോൺ, ഫ്‌ളിപ്പ് കാർട്ട്, പെപ്പർ ഫ്രൈ എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും കയർ കോർപ്പറേഷൻ പരമ്പരാഗത കയർ ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നു. ഇത്തരത്തിലുള്ള വില്പനകളിലൂടെ 5 കോടി രൂപയുടെ വിറ്റുവരവാണ് ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. 213 പേർക്ക് നേരിട്ടും ആയിരക്കണക്കിന് കയർ തൊഴിലാളികൾക്കു പരോക്ഷമായുംതൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമാണ്. 73 കയർ ഉല്പ്പാദക സഹകരണസംഘങ്ങൾ വഴി 5000ത്തോളം ചെറുകിട ഉല്പാദകർക്ക് ഓർഡറുകൾ നൽകി അവരുടെ 50000 ത്തോളം തൊഴിലാളികൾക്ക് പുതുതായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Advertisement
Advertisement