യു.ഡി.എഫ് സഭയെ അവഹേളിക്കുന്നു: പി. രാജീവ്‌

Sunday 08 May 2022 12:35 AM IST

കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയുടെ പേരിൽ കത്തോലിക്ക സഭയെ വിവാദത്തിലേക്ക് വലിച്ചിഴച്ച്‌ അപഹസിക്കാനാണ്‌ യു.ഡി.എഫ്‌ നേതൃത്വം ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു. എൽ.ഡി.എഫിന്റെ ചെലവിൽ സഭയേയും ലിസി ആശുപത്രിയേയും അവഹേളിക്കേണ്ട. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്‌ ലെനിൻ സെന്ററിലാണ്‌. ലിസി ആശുപത്രിയിൽ ജോ ജോസഫിനെ വിവരം അറിയിക്കാൻ ചെന്നപ്പോൾ സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്ക്‌ ലഭിച്ച അംഗീകാരത്തിൽ സന്തോഷിച്ച്‌ ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ അദ്ദേഹത്തിന് ബൊക്കെ നൽകി സംസാരിച്ചതിൽ എന്താണ്‌ തെറ്റ്‌? കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്ന ആശുപത്രിയെ തകർക്കാനാണ്‌ യു.ഡി.എഫ്‌ ശ്രമമെന്നും രാജീവ് പറഞ്ഞു.

 സഭയുടെ സ്ഥാനാർത്ഥിയെന്ന് പറഞ്ഞിട്ടില്ല : കെ. സുധാകരൻ

ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അത്തരത്തിലുള്ള പ്രചരണം കോൺഗ്രസ് പ്രവർത്തകരിൽ നിന്നുണ്ടായിട്ടില്ല. കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണ് ജോ ജോസഫെന്ന് വരുത്തിത്താൻ സി.പി.എം ബോധപൂർവ്വം ശ്രമിച്ചെന്നും സുധാകരൻ പറഞ്ഞു.

 പാളിയത് സി.പി.എം തന്ത്രം: വി.ഡി. സതീശൻ

ഇടത് സ്ഥാനാർത്ഥിയെ സഭാ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം പാളിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ലിസി ആശുപത്രിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി സഭയെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചത് സി.പി.എമ്മാണ്. അവരുടെ സ്ഥാനാർത്ഥി ലോഞ്ചിംഗ് പാളിപ്പോയി. ഡോ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന് കോൺഗ്രസ് നേതാക്കളാരും പറഞ്ഞിട്ടില്ല. മന്ത്രിയും ജില്ലാ സെക്രട്ടറിയും തമ്മിലുള്ള തർക്കം കോൺഗ്രസിന്റെ ചെലവിൽ വേണ്ട. സഭാ പ്ളാറ്റ്ഫോറം ദുരുപയോഗിച്ചത് മന്ത്രി രാജീവാണ്. പി.സി. ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് വന്നയാളെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. പി.ടി. തോമസ് പുലിപോലെ നിന്നപ്പോഴും സഭ എതിരുനിന്നിട്ടില്ല. ഉമയ്ക്കെതിരെയും സഭ വരില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

 സഭയുടെ വോട്ട് ഉറപ്പ്: ഉമ തോമസ്

കത്തോലിക്കാ സഭയുടെ വോട്ട് തനിക്ക് ഉറപ്പാണെന്നും ഈ രാഷ്ട്രീയപ്പോരാട്ടത്തിലേക്ക് സഭയെ വലിച്ചിഴയ്ക്കേണ്ടെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് പറഞ്ഞു. ഇന്നലെ സീറോ മലബാർസഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തി വൈദികരോട് വോട്ട് അഭ്യർത്ഥിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ കാണാൻ വീണ്ടും വരുമെന്ന് പറഞ്ഞാണ് ഉമ മടങ്ങിയത്.

Advertisement
Advertisement