ആത്മകഥാ പോരിൽ ചൂടുപിടിച്ച് സി.പി.എം: പിരപ്പൻകോടിനെതിരെ നടപടിക്ക് കോലിയക്കോടിന്റെ നീക്കം

Sunday 08 May 2022 12:37 AM IST

തിരുവനന്തപുരം: വാമനപുരത്ത് 1996ൽ തന്നെ തോല്പിക്കാൻ കോലിയക്കോട് കൃഷ്ണൻനായർ ശ്രമിച്ചതും കോലിയക്കോടിനെതിരെ പാർട്ടി സ്വീകരിച്ച നടപടികളും വിവരിക്കുന്ന പിരപ്പൻകോട് മുരളിയുടെ ആത്മകഥാഭാഗം തലസ്ഥാന ജില്ലയിൽ സി.പി.എമ്മിനെ ചൂടുപിടിപ്പിക്കുന്നു. വേദികളിൽ സജീവമല്ലെങ്കിലും പാർട്ടിയുടെ സാംസ്കാരിക മുഖമായ പിരപ്പൻകോടിനെതിരെ നടപടിയെടുപ്പിക്കാൻ കോലിയക്കോട് ശ്രമിക്കുന്നതായാണ് സൂചന.

വഞ്ചിയൂർ ഏരിയാകമ്മിറ്റി അംഗമാണ് പിരപ്പൻകോട്. കൊച്ചി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവായ കോലിയക്കോടിന്റെ ഘടകം ജില്ലാക്കമ്മിറ്റിയാണ്. 2018ലെ തൃശൂർ സമ്മേളനത്തിലാണ് വി.എസിന്റെ ഉറച്ച അനുയായിയായ പിരപ്പൻകോടിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.

കോലിയക്കോടും ആലിയാട്ട് മാധവൻപിള്ളയും വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റിയും നിർമ്മിച്ച അരക്കില്ലത്തിൽ നിന്ന് വാമനപുരത്തെ ജനങ്ങൾ തന്നെ രക്ഷപ്പെടുത്തിയെന്ന് ആത്മകഥയുടെ പുതിയ ഭാഗത്തിൽ പിരപ്പൻകോട് വിവരിക്കുന്നു. 'പ്രസാധകൻ ' വാരികയിലാണിത് പ്രസിദ്ധീകരിക്കുന്നത്. ജനങ്ങൾ തന്നെ ജയിപ്പിച്ചെങ്കിലും മാരാരിക്കുളത്ത് വി.എസിനെ ചതിക്കുഴിയിൽ വീഴ്‌ത്തിയെന്നും പിരപ്പൻകോട് വിവരിക്കുന്നു.

വാമനപുരത്ത് പരിഗണിക്കാതിരിക്കാൻ കോലിയക്കോട് ശ്രമിച്ചതിന് തെളിവായി പല അണിയറക്കഥകളും പിരപ്പൻകോട് അവതരിപ്പിക്കുന്നുണ്ട്. സുശീലഗോപാലനെ മത്സരിപ്പിക്കാൻ കോലിയക്കോട് നിരത്തിയ ന്യായങ്ങളെല്ലാം വിശ്വസിച്ച സെക്രട്ടറി ചടയൻ ഗോവിന്ദൻ, തന്നെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സത്യനേശനോട് നിർദ്ദേശിച്ചു. പക്ഷേ അദ്ദേഹം മത്സരിക്കാനാണ് ഉപദേശിച്ചത്. പണം സംഘടിപ്പിച്ചു തരാമെന്നും ഉറപ്പ് നൽകി. ചടയനെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. അങ്ങനെയാണ് വാമനപുരത്ത് സ്ഥാനാർത്ഥിയായത്. പിന്നീട് കോലിയക്കോടും ആലിയാട്ടും ചേർത്തലയിൽ ഗൗരി അമ്മയുടെ വീട്ടിൽ പോയി, ജയിപ്പിക്കാമെന്ന് ഉറപ്പ് നൽകി സി.കെ. സീതാറാമിനെ ജെ.എസ്.എസിന്റെ സ്ഥാനാർത്ഥിയാക്കിയെന്നും വിവരിക്കുന്നു.

'മുരളി പറഞ്ഞതിൽ ഒരു ശതമാനവും സത്യമില്ല. പാർട്ടിയിൽ ഒന്നുമല്ലാത്ത മുരളിയോട് ഇപ്പോൾ മറുപടി പറയാനാവില്ല. പാർട്ടി കമ്മിഷനെ വച്ച് എനിക്കെതിരായ ആരോപണങ്ങൾ തള്ളിയതാണ്".

- കോലിയക്കോട് കൃഷ്ണൻനായർ

'രണ്ട് തവണ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ സംബന്ധിച്ചും ഞാനും കൂടി ഉൾപ്പെട്ട കാര്യങ്ങളുമാണ് വിവരിച്ചത്. പാർട്ടിയെടുത്ത ശിക്ഷാനടപടി പരസ്യപ്പെടുത്തിയതാണ്".

- പിരപ്പൻകോട് മുരളി

Advertisement
Advertisement