ബാഗയുടെ നാടകത്തിൽ ട്വിസ്റ്റായി കോടതിയുടെ അറസ്റ്റ് വാറണ്ടും

Sunday 08 May 2022 12:09 AM IST

ന്യൂഡൽഹി: പഞ്ചാബ് പൊലീസിൽ നിന്ന് ഹരിയാന പൊലീസ് നാടകീയമായി മോചിപ്പിച്ച ബി.ജെ.പി നേതാവ് തേജീന്ദർ പാൽ സിംഗ് ബാഗയെ ഹാജരാക്കാൻ മൊഹാലി കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയ കേസിൽ പഞ്ചാബ് പൊലീസിന്റെ ഹർജിയിലാണ് നടപടി. അതേസമയം ഹരിയാന പൊലീസിന്റെ നടപടിക്കെതിരെ പഞ്ചാബ് സർക്കാരും പൊലീസും സമർപ്പിച്ച ഹർജികൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മേയ് 10ന് മാറ്റി. ബാഗയ്‌ക്ക് ഡൽഹി പൊലീസ് സംരക്ഷണമേർപ്പെടുത്തി.

മതസ്‌പർദ്ധ ഉണ്ടാക്കുന്ന വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിലാണ് ബാഗയെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ മൊഹാലി കോടതി ഉത്തരവിട്ടത്.

വെള്ളിയാഴ്‌ച രാത്രി തന്നെ ബാഗയെ ഡൽഹി പൊലീസ് ഗുഡ്‌ഗാവിൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി ജാമ്യമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൊഹാലി കോടതിയുടെ ഇടപെടൽ. ബാഗയെ തട്ടിക്കൊണ്ടുപോയെന്ന ഡൽഹി പൊലീസ് സന്ദേശത്തെ തുടർന്നാണ് പഞ്ചാബ് പൊലീസിനെ വഴിയിൽ തടഞ്ഞതെന്ന് ഹരിയാനാ പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അറസ്റ്റ് വ്യക്തമാക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ നഷ്‌ടമാകരുതെന്ന് ഹൈക്കോടതി ഡൽഹി-ഹരിയാനാ പൊലീസിന് നിർദ്ദേശം നൽകി.

ബാഗയ്ക്ക് പൊലീസ് പീഡനമേറ്റതായി പരിശോധനയിൽ തെളിഞ്ഞെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

പഞ്ചാബ് പൊലീസ് നടപടി ന്യായീകരിക്കാനാവില്ലെന്ന് ഡൽഹിയിൽ ബാഗയെ സന്ദർശിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

തേജീന്ദർ ബാഗ

ഭീകരനെയെന്ന പോലെയാണ് പഞ്ചാബ് പൊലീസ് തന്നെ അറസ്റ്റു ചെയ്‌ത് കൊണ്ടുപോയത്. എട്ട് പൊലീസുകാർ വീട്ടിൽ വന്ന് അറസ്റ്റ് വാറണ്ട് പോലും കാണിക്കാതെ തന്നെ വലിച്ചിഴച്ചു. തലപ്പാവ് കെട്ടാനും ചെരിപ്പിടാനും സമയം തന്നില്ല. 10 വാഹനങ്ങളിലായി 50ഒാളം പൊലീസുകാർ എത്തിയിരുന്നു. കാശ്‌മീർ പണ്ഡിറ്റുകളുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മാപ്പു പറയണമെന്ന് ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്‌തത്.

ഡൽഹി പൊലീസിന്റെ പൊരുത്തക്കേട്

ബാഗയെ തട്ടിക്കൊണ്ടുപോയെന്ന് പിതാവ് 12.35ന് നൽകിയ പരാതിയിൽ കേസെടുത്ത് കോടതിയിൽ നിന്ന് 12.41ന് ലഭിച്ച സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഹരിയാനാ പൊലീസിന് നിർദ്ദേശം നൽകിയെന്നാണ് ഡൽഹി പൊലീസിന്റെ വാദം. എന്നാൽ ബാഗയുമായി മൊഹാലിക്കുള്ള യാത്രാ മദ്ധ്യേ പഞ്ചാബ് പൊലീസിനെ കുരുക്ഷേത്രയിൽ ഹരിയാന പൊലീസ് തടഞ്ഞത് 11.30നാണ്.

Advertisement
Advertisement