താറുമാറായി പാപ്പനംകോട്-പാമാംകോട് റോഡ്

Sunday 08 May 2022 12:13 AM IST

തിരുവനന്തപുരം: പാപ്പനംകോട് മുതൽ പാമാംകോട് വരെയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ദുരിതയാത്ര ചെയ്‌ത് യാത്രക്കാർ വലയുന്നു. പൈപ്പിടാനായി റോഡിലെടുത്ത കുഴിയാണ് റോഡ് താറുമാറാകാൻ കാരണം. ഇതിനിടെ പലതവണ റോഡ് വീണ്ടും കുഴിച്ചു.ഇപ്പോഴും കുഴിയെടുപ്പ് തുടരുകയാണ്. വിവിധ രാഷ്‌ട്രീയ പാർട്ടികൾ പലതവണ പ്രതിഷേധം നടത്തിയിട്ടും എം.എൽ.എ ഓഫീസിന്റെ അയൽപ്പക്കത്തുളള റോഡ് ശരിയാക്കാൻ ഒരു നടപടിയും ആരംഭിച്ചില്ലത്രെ.രണ്ടുമാസം മുമ്പ് റോഡിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട് മനസിലാക്കിയ മന്ത്രി മുഹമ്മദ് റിയാസ് മാർച്ച് അവസാനത്തോടെ റോഡുപണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതാണ്. എന്നിട്ടും ഫലമുണ്ടായില്ല.പാപ്പനംകോട് മുതൽ പ്ലാങ്കാലമുക്ക് വരെ റോഡിലൂടെ പൈപ്പിനെടുത്ത കുഴി ചാലുപോലെയാക്കി ചല്ലി പാകിയിരിക്കുകയാണ്. ഇതുകാരണം രണ്ട് വാഹനങ്ങൾ ഒരുമിച്ചെത്തുമ്പോൾ ഒതുങ്ങികൊടുക്കാൻ കഴിയില്ല. ഈ കുഴികളിൽ ദിവസവും ഒട്ടേറെപ്പേരാണ് അപകടത്തിൽപ്പെടുന്നത്.കുഴികൾ പലതും ജീവനക്കാരെ നിർത്തി മണ്ണിട്ട് മുടാൻ തുടങ്ങിയതോടെ അടുത്തിടെയൊന്നും ടാറിടൽ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.മലയിൻകീഴ് മുതൽ പാപ്പനംകോട് വരെ എട്ട് കിലോമീറ്റർ റോഡിന്റെ നിർമ്മാണം 2020-2021 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുടങ്ങിയത്.നേമം,എസ്റ്റേറ്റ് വാർഡുകളിലെ പല ഇടറോഡുകളും തകർന്ന നിലയിലാണ്.മഴക്കാലം ആരംഭിച്ചാൽ എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് പ്രദേശവാസികൾ.

Advertisement
Advertisement