ഭക്ഷണശാലകളും പരിശോധനയും

Sunday 08 May 2022 1:20 AM IST

കൊവിഡ് കാലത്ത് ശുചിത്വത്തിന്റെ പ്രാധാന്യം ലോകം മുഴുവൻ അംഗീകരിക്കുകയും പരമാവധി പാലിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് കുറയാൻ തുടങ്ങിയതോടെ പലരും വൃത്തിക്കും ശുചിത്വത്തിനും പഴയശ്രദ്ധ നൽകുന്നില്ല. മാലിന്യങ്ങൾ എവിടെയെങ്കിലും വലിച്ചെറിയാനുള്ളതാണെന്നാണ് പലരുടെയും ധാരണ. അതിന് നാട്ടുകാരെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. സർക്കാരും തദ്ദേശസ്ഥാപനങ്ങളും മാലിന്യനിർമ്മാർജ്ജനത്തിന് മതിയായ സൗകര്യങ്ങൾ പ്രദാനം ചെയ്യാത്തത് വലിയ പോരായ്മയാണ്. വികസനത്തെക്കാൾ പ്രാധാന്യം നൽകേണ്ട വിഷയമാണ് മാലിന്യ നിർമ്മാർജ്ജനം. പരിസരം വൃത്തിയാകുമ്പോൾ സ്വാഭാവികമായും വീടുകളും ഭക്ഷണശാലകളും വൃത്തിയുള്ളതായി മാറും. ശുചിത്വത്തിന്റെ കാര്യത്തിൽ നിയമത്തിലുപരി ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് വിജയിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവേയിൽ മദ്ധ്യപ്രദേശിലെ ഇൻഡോർ ഒന്നാംസ്ഥാനം നിലനിറുത്തുന്നത് വൃത്തിയുടെ കാര്യത്തിലുള്ള നാട്ടുകാരുടെ സത്വരമായ ഇടപെടൽകൊണ്ട് മാത്രമാണ്. തെരുവും വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരനും സ്വന്തം കടമയും ബാദ്ധ്യതയുമായാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാം സർക്കാർ ചെയ്യുമെന്ന മനോഭാവവും മാറേണ്ടിയിരിക്കുന്നു.

ഷവർമ്മ കഴിച്ച് ചെറുവത്തൂരിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകൾ നടത്തിവരികയാണ്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം" എന്ന കാമ്പെയിനിന്റെ ഭാഗമായാണ് പരിശോധന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 110 കടകൾ പൂട്ടിച്ചതായി മന്ത്രി വീണാജോർജ് വെളിപ്പെടുത്തി. രജിസ്ട്രേഷനില്ലാത്ത 61 കടകളും വൃത്തിഹീനമായി ആഹാരം പാചകം ചെയ്തിരുന്ന 49 കടകളും ഇതിൽപ്പെടുന്നു. വൃത്തിഹീനമായ 140 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഷിഗെല്ല രോഗം കണ്ടെത്തിയത് കൂടുതൽ ആശങ്കയ്ക്ക് ഇടനൽകിയിരിക്കുകയാണ്. പഴകിയ ഭക്ഷണം, വൃത്തിഹീനമായ ജലം തുടങ്ങിയവയിലൂടെയാണ് മരണത്തിനിടയാക്കുന്ന ബാക്ടീരിയ മനുഷ്യന്റെയുള്ളിലെത്തുന്നത്. കേരളത്തിൽ ദേശീയപാതകൾക്കും പ്രധാന റോഡുകൾക്കിരുവശത്തുമായി ഇപ്പോൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബോർഡുകൾ ഷവർമ്മയുടേയും കുഴിമന്തിയുടേതുമാണ്.

പഴയ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ വെളിയിൽനിന്ന് ഭക്ഷണം കഴിക്കുന്ന ശീലം വളരെ കൂടിയിട്ടുണ്ട്. ഭക്ഷണത്തിനായി അവർ കൂടുതൽ പണം ചെലവാക്കാനും മടിക്കുന്നില്ല. അതിനാൽ റോഡരികിൽ ഒരു ഭക്ഷണശാല തട്ടിക്കൂട്ടുന്നത് പണമുണ്ടാക്കാനുള്ള എളുപ്പമാർഗവുമായി മാറിയിരിക്കുന്നു. മലയാളികളുടെ പൊതുവേയുള്ള വൃത്തിശീലത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് ഭക്ഷണശാലകളിലെ പാചകക്കാരും സഹായികളും. വിഷമയമായ ആഹാരം കഴിച്ച് മരണമോ മറ്റ് വിഷബാധയേറ്റ സംഭവങ്ങളോ ഉണ്ടാകുമ്പോൾ മാത്രമാണ് ഭക്ഷ്യവകുപ്പും സടകുടഞ്ഞ് രംഗത്തിറങ്ങുന്നത്. ഇത് പ്രശ്നങ്ങൾ താത്‌കാലികമായി പരിഹരിക്കാൻ മാത്രമേ സഹായിക്കൂ. കൃത്യമായ ഇടവേളകളിൽ പരിശോധന ഉണ്ടാകുമെന്ന് ഉറപ്പാക്കിയാൽത്തന്നെ ഭക്ഷണശാലയുടെ നടത്തിപ്പുകാർ നിലവാരം മെച്ചപ്പെടുത്താൻ നിർബന്ധിതരാകും.

ലൈസൻസുള്ള അറവുശാലകളുടെ കുറവ് പലവഴികളിലൂടെയും വൃത്തിഹീനമായ മാംസം എത്താനിടയാക്കുന്നു. ഭക്ഷ്യവകുപ്പിന്റെ പരിശോധന കൊണ്ട് മാത്രം എല്ലാം ശരിയാക്കാമെന്ന ധാരണയും ശരിയല്ല. ഈ മേഖലയിലെ കുറ്റവും കുറവും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി സർക്കാർ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കേണ്ടത് അനിവാര്യമാണ്.

Advertisement
Advertisement