കസ്റ്റഡി പീഡനങ്ങൾക്കു അറുതിയാവുമോ?

Sunday 08 May 2022 1:21 AM IST

പൊലീസ് പിടിയിലാകുന്ന പ്രതികളുടെ ശാരീരികസുരക്ഷ വിട്ടുവീഴ്ചയില്ലാതെ ഉറപ്പാക്കാനുദ്ദേശിച്ചുള്ളതാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മെഡിക്കോ - ലീഗൽ പ്രോട്ടോക്കോൾ. അറസ്റ്റ് ചെയ്യുന്നയാളെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്നാണു നിയമം. എന്നാൽ പല കേസുകളിലും ഇതുണ്ടാകാറില്ല. കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തും ആകാവുന്നത്ര ഭേദ്യം ചെയ്തും തെളിവുകൾ ശേഖരിക്കാൻ പൊലീസ് ശ്രമിക്കും. സങ്കീർണമായ കേസുകളിൽ പ്രതി ഒരു പരുവമെത്തുമ്പോഴാകും കോടതിയിലെത്തിക്കുക. വീണ്ടും പൊലീസിന്റെ പക്കൽത്തന്നെയാണല്ലോ ചെല്ലേണ്ടതെന്നതിനാൽ ശാരീരിക പീഡനമേറ്റ വിവരം കോടതി മുമ്പാകെ പറയാൻ പ്രതി മടിക്കും. കസ്റ്റഡി പീഡനങ്ങളും അതിനെത്തുടർന്നുള്ള മരണങ്ങളും സമൂഹത്തിൽ വലിയ ഒച്ചപ്പാട് സൃഷ്ടിക്കാറുണ്ട്. നെടുങ്കണ്ടം, വരാപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ കുറച്ചുനാൾ മുമ്പുണ്ടായ കസ്റ്റഡി മരണങ്ങൾ സമൂഹമനസ്സാക്ഷിയെ വല്ലാതെ പിടിച്ചുലച്ചിരുന്നു.

ഏതാനും വർഷം മുൻപ് തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ നടന്ന ഉരുട്ടിക്കൊല കേസിലെ പൊലീസുദ്യോഗസ്ഥർ പിന്നീട് ശിക്ഷിക്കപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനും ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതി തന്നെയും അറസ്റ്റിലാകുന്ന പ്രതികളെ കസ്റ്റഡിയിൽ വച്ച് പീഡനമുറകൾക്ക് വിധേയരാക്കുന്നതിനെതിരെ കർക്കശ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.

ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ ശുപാർശകൂടി കണക്കിലെടുത്താണ് അറസ്റ്റിലാകുന്നവരുടെ ശാരീരികസുരക്ഷ ഉറപ്പാക്കാനുതകുന്ന മെഡിക്കോ - ലീഗൽ പ്രോട്ടോക്കോളിന് അന്തിമരൂപം നൽകിയിരിക്കുന്നത്. അറസ്റ്റിലാകുന്നവരെ നിർബന്ധമായും മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കണമെന്നു ഇപ്പോൾത്തന്നെ നിബന്ധനയുണ്ട്. ഇങ്ങനെ ഹാജരാക്കുന്നവരുടെ ദേഹപരിശോധന നടത്തി ദേഹത്ത് മർദ്ദനമേറ്റതിന്റെ അടയാളങ്ങളോ മറ്റുതരത്തിലുള്ള പരിക്കുകളോ ഇല്ലെന്ന് മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണമെന്നതു നിർബന്ധമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഡോക്ടർ വ്യക്തമായ റിപ്പോർട്ടും തയ്യാറാക്കേണ്ടതുണ്ട്. റിപ്പോർട്ടിന്റെ ഒരു കോപ്പി പൊലീസിനും മറ്റൊന്ന് പ്രതിക്കോ അയാൾ നിർദ്ദേശിക്കുന്ന മറ്റൊരാൾക്കോ നൽകണം. ഒരു കോപ്പി ആശുപത്രിയിൽ സൂക്ഷിക്കുകയും വേണം. സമഗ്ര പരിശോധന നടത്തിവേണം ദേഹത്ത് മുറിവുകളൊന്നുമില്ലെന്നു ഉറപ്പുവരുത്താൻ. പ്രതികൾ സ്‌ത്രീകളാണെങ്കിൽ ലേഡി ഡോക്ടർമാർ വേണം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ. കഴിയുന്നി‌ടത്തോളം സർക്കാർ ആശുപത്രികളിൽത്തന്നെ പരിശോധന നടത്തണം. അതിനു സൗകര്യമില്ലെങ്കിൽ മാത്രമേ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാവൂ.

പ്രതി പ്രബലനും സ്വാധീനമുള്ളവനുമാണെങ്കിൽ എത്ര വലിയ കേസിൽപ്പെട്ടാലും എല്ലാത്തരത്തിലുമുള്ള നിയമസംരക്ഷണവും ലഭിക്കുമെന്നതിനാൽ അത്തരക്കാർക്ക് ഭയപ്പെടാനൊന്നുമില്ല. എന്നാൽ സാധാരണക്കാരാണ് എപ്പോഴും പൊലീസിന്റെ ക്രൂരതകൾക്ക് വിധേയരാകേണ്ടിവരാറുള്ളത്. മെഡിക്കോ - ലീഗൽ പ്രോട്ടോക്കോൾ പുതുക്കിയത് ഈ വിഭാഗങ്ങൾക്ക് ഗുണകരമാകുമെന്നു തീർച്ച. പൊലീസ് കസ്റ്റഡിയിൽ പീഡനങ്ങളേറ്റിട്ടുണ്ടെങ്കിൽ മെഡിക്കൽ റിപ്പോർട്ടിൽ വരുമെന്നുള്ളതുകൊണ്ട് പൊലീസും കരുതലോടെ പെരുമാറാൻ നിർബന്ധിതരാവും.

നിയമങ്ങളും ചട്ടങ്ങളും വന്നതുകൊണ്ടുമാത്രം പൊലീസ് സമീപനം അപ്പാടെ മാറുമെന്നു കരുതേണ്ട. പിന്തുടർന്നുവരുന്ന രീതികളിൽനിന്ന് പെട്ടെന്ന് ഒരുമാറ്റം എളുപ്പമായിരിക്കില്ല. പൊലീസിലുമുണ്ട് ക്രൂരസ്വഭാവക്കാർ. ഇരകളുടെ ദൈന്യത കണ്ട് രസിക്കുന്ന ക്രൂരമനസ്സുള്ളവർ. അത്തരക്കാരാണ് പൊലീസ് വകുപ്പിനും സർക്കാരിനു തന്നെയും ഇടയ്ക്കിടെ ചീത്തപ്പേരുണ്ടാക്കുന്നത്. പ്രതികളുടെ ദേഹത്തുള്ള പീഡനമുറകളുടെ തെളിവുകൾ രേഖപ്പെടുത്താൻ മെഡിക്കൽ ഓഫീസർമാർ നിർബന്ധിതരാകുമെന്നതിനാൽ പുതിയ മെഡിക്കോ - ലീഗൽ പ്രോട്ടോക്കോൾ പുതിയൊരു തുടക്കമാകുമെന്നു പ്രതീക്ഷിക്കാം.

Advertisement
Advertisement