മൂന്ന് ദിവസത്തിനിടെ രണ്ടാം മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ  ഈ വർഷം നടന്നത് 14 പരീക്ഷണങ്ങൾ

Sunday 08 May 2022 1:48 AM IST

സോൾ : മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.07 ഓടെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച ഷോട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ 37 മൈൽ ഉയരത്തിൽ 373 മൈൽ ദൂരം താണ്ടിയെന്നാണ് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് നൽകുന്ന വിവരം.

ഇത്തരം പാതയിൽ സഞ്ചരിക്കുന്ന മിസൈലുകളെ കണ്ടെത്താൻ പ്രതിരോധ സംവിധാനങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ സിൻപോ മേഖലയ്ക്ക് സമീപത്തായിരുന്നു വിക്ഷേപണം. മിസൈൽ ജപ്പാൻ കടലിൽ ( കിഴക്കൻ കടൽ ) പതിച്ചെന്ന് ജാപ്പനീസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച, ഉത്തര കൊറിയ തലസ്ഥാനമായ പ്യോംഗ്യാംഗിന് സമീപമുള്ള സുനൻ മേഖലയിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ഏകദേശം 500 കിലോമീറ്റർ ദൂരത്തിൽ 800 മീറ്റർ ഉയരത്തിൽ കുതിച്ച് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള കടൽ ഭാഗത്ത് പതിച്ചിരുന്നു. ഇതിന് പിന്നാലെ, ഉത്തര കൊറിയ ആണവ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്നലത്തെ പരീക്ഷണം അടക്കം ഈ വർഷം ഇത് 14ാം തവണയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. 2020ൽ നാലും 2021ൽ എട്ടും മിസൈൽ പരീക്ഷണങ്ങൾ മാത്രമായിരുന്നു ഉത്തര കൊറിയ നടത്തിയത്.

കഴിഞ്ഞ മാർച്ച് 24ന് മോൺസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ' ഹ്വാസോംഗ് 17 " എന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ഒന്നിൽ കൂടുതൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹ്വാസോംഗ് 2017ന് ശേഷം ഉത്തര കൊറിയ പരീക്ഷിക്കുന്ന ഏറ്റവും വലിയ മിസൈലാണ്.

Advertisement
Advertisement