വിജയദിനം നാളെ: റഷ്യൻ നീക്കത്തിൽ ശ്രദ്ധയോടെ ലോകം, കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രെയിൻ

Sunday 08 May 2022 1:49 AM IST

മോസ്കോ : നാളെ റഷ്യയിൽ 77ാമത് വിജയദിനം ആചരിക്കാനിരിക്കെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനത്തിലേക്ക് കാതോർത്ത് ലോകം. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികമാണ് റഷ്യയിൽ വിജയദിനം ( വിക്ടറി ഡേ ) ആയി ആചരിക്കുന്നത്. യുക്രെയിൻ അധിനിവേശം സംബന്ധിച്ച നിർണായക പ്രഖ്യാപനം വിജയദിന പരേഡിൽ പുട്ടിന്റെ ഭാഗത്ത് നിന്നുണ്ടായേക്കുമെന്ന് സൂചനയുണ്ട്.

യുക്രെയിനിൽ ഇതുവരെ കണ്ടത് വെറും സൈനിക നടപടി മാത്രമാണെന്നും ശരിക്കുമുള്ള യുദ്ധ പ്രഖ്യാപനം വിജയദിനത്തിലുണ്ടായേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ക്രെംലിൻ അത് നിഷേധിച്ചിരുന്നു.

നാളെ മോസ്കോയിലെ റെഡ് സ്ക്വയറിൽ അരങ്ങേറുന്ന പൗഢ ഗംഭീരമായ പരേഡിൽ റഷ്യയുടെ കരുത്ത് തെളിയിക്കുന്ന അത്യാധുനിക ആയുധങ്ങൾ അണിനിരക്കും. സെന്റ് ബേസിൽസ് കതീഡ്രലിന് മുകളിലൂടെ കടന്നു പോകുന്ന ഫ്ലൈ - പാസ്റ്റിൽ ആണവയുദ്ധത്തെ അതിജീവിക്കാൻ ശേഷിയുള്ള റഷ്യൻ നിർമ്മിത ' ഡൂംസ്ഡേ " ( ഇല്യൂഷിൻ IL - 80 )​ വിമാനവും ടി.യു - 160 സ്ട്രാറ്റജിക് ബോംബറുകളും അണിനിരക്കും.

ലോകത്തിന് വളരെ പരിമിതമായ അറിവ് മാത്രമുള്ള ഡൂംസ്ഡേ വളരെ അപൂർവമായാണ് ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ആകെ 77 വിമാനങ്ങളാണ് പരേഡിൽ പങ്കെടുക്കുക. ഇസ്കൻഡർ അടക്കം ആണവശേഷിയുള്ള മിസൈലുകളും അണിനിരക്കും.

ഡൂംസ്ഡേ വിമാനത്തെ റഷ്യ രംഗത്തിറക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നിൽ തങ്ങളുടെ ആണവ കരുത്ത് ഓർമിപ്പിക്കാനാണ്. യുക്രെയിന് സഹായം നൽകുന്ന അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും നാളെ പുട്ടിൻ വ്യക്തമായ മുന്നറിയിപ്പ് നൽകുമെന്നാണ് വിലയിരുത്തൽ.

അതേ സമയം, കരിങ്കടലിൽ സ്നേക്ക് ഐലൻഡിന് സമീപം റഷ്യയുടെ സെർന ക്ലാസിലെ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രെയിൻ അവകാശപ്പെട്ടു. ആക്രമണത്തിൽ തകർന്നെന്ന് പറയുന്ന കപ്പലിന്റെ ഉപഗ്രഹ ചിത്രങ്ങളും യുക്രെയിൻ പുറത്തുവിട്ടു.

തെക്കൻ ഒഡേസയിൽ ആറ് മിസൈലുകൾ പതിച്ചെന്ന് യുക്രെയിൻ ആരോപിച്ചു. ഡോൺബാസിൽ മൂന്ന് റഷ്യൻ ടാങ്കുകളും എട്ട് പീരങ്കി സംവിധാനങ്ങളും തകർത്തെന്ന് യുക്രെയിൻ വ്യക്തമാക്കി. ഇവിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഖാർക്കീവിൽ 18ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മ്യൂസിയം റഷ്യ തകർത്തെന്ന് റിപ്പോർട്ടുണ്ട്. മരിയുപോളിൽ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്. അതേ സമയം, യുക്രെയിന്റെ അയൽരാജ്യമായ മോൾഡോവയിലെ റഷ്യൻ അനുകൂല വിമത മേഖലയായ ട്രാൻസ്നിസ്ട്രിയയിൽ ഇന്നലെയും ആക്രമണങ്ങളുണ്ടായി. ഇന്നലെ റൊമേനിയയിലെ ബുക്കാറസ്റ്റിലെത്തിയ യു.എസ് പ്രഥമ വനിത ജിൽ ബൈഡൻ യുക്രെയിനിൽ നിന്നെത്തിയ അഭയാർത്ഥികളെ സന്ദർശിച്ചു.

Advertisement
Advertisement