തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി പാർട്ടി; അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിലെത്തുമെന്ന് നേതാക്കൾ

Sunday 08 May 2022 3:17 PM IST

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ച് ആം ആദ്‌മി പാർട്ടി നേതാക്കൾ. അധികാരമില്ലാത്ത സ്ഥലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കാറില്ല. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും ജയിച്ച് അധികാരത്തിലെത്തുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. ആർക്ക് വോട്ട് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കാം. ട്വന്റി 20 മത്സരിക്കണോ എന്നത് അവർ തീരുമാനിക്കണമെന്ന് ആപ്പ് സംസ്ഥാന നേതാക്കൾ അറിയിച്ചു.

ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്ര നേട്ടം കൈവരിക്കാൻ സാധിച്ചേക്കില്ലെന്ന് സംസ്ഥാന ഘടകം പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ അറിയിച്ചു. തൃക്കാക്കരയിൽ പാർട്ടി സംവിധാനം ദുർബലമാണ് പരമാവധി 20,000 വോട്ടുകൾ നേടാനേ കഴിയൂ ഇത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. 13 അംഗ സ്ഥാനാർത്ഥി പട്ടിക പാർട്ടി തൃക്കാക്കരയ്‌ക്ക് വേണ്ടി തയ്യാറാക്കി. തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇന്ന് ഉച്ചവരെ പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ അടക്കം നേരിട്ട് പങ്കെടുത്ത യോഗത്തിനൊടുവിലാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയ്‌ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിക്കില്ലെന്ന് തീരുമാനത്തിലെത്തിയത്. ആം ആദ്‌മി മത്സരിക്കുന്നുണ്ടെങ്കിൽ ട്വന്റി 20 പിന്തുണയ്‌ക്കുമെന്നാണ് നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി 20, 13,000 വോട്ട് നേടിയ മണ്ഡലമാണ് തൃക്കാക്കര. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാനിടയില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

Advertisement
Advertisement