ഹിമാചൽ പ്രദേശ് നിയമസഭയുടെ മുന്നിൽ ഖാലിസ്ഥാൻ പതാകകൾ ഉയർത്തിയ നിലയിൽ, അന്വേഷണം ആരംഭിച്ചു

Sunday 08 May 2022 3:25 PM IST

ധർമശാല : ധർമശാലയിലെ ഹിമാചൽ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിൽ ഖാലിസ്ഥാൻ പതാകകൾ. ഗേറ്റിന് പുറമേ മതിലിലും വിവിധ ഭാഗങ്ങളിൽ പതാകകൾ കെട്ടിവച്ചിട്ടുണ്ട്. ഇതിന് പുറമേ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമം.

'താപിവനിലെ സംസ്ഥാന നിയമസഭയുടെ ഗേറ്റിൽ ചില അക്രമികൾ അഞ്ചോ ആറോ ഖാലിസ്ഥാനി പതാകകൾ സ്ഥാപിക്കുകയും ചുവരിൽ ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തു. പതാകകൾ നീക്കം ചെയ്യുകയും എഴുത്തുകൾ മായ്ക്കുകയും ചെയ്തു. പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്,' ഡെപ്യൂട്ടി കമ്മീഷണർ ഡോ.നിപുൺ ജിൻഡാൽ പ്രതികരിച്ചു. പഞ്ചാബിൽ നിന്നും സംസ്ഥാനത്ത് എത്തിയ വിനോദസഞ്ചാരികളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഖാലിസ്ഥാൻ പതാകകൾ നിയമസഭയ്ക്ക് പുറത്ത് കെട്ടിയ നടപടിയെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ അപലപിച്ചു. ധൈര്യമുണ്ടെങ്കിൽ രാത്രിയുടെ ഇരുട്ടിൽ അല്ല, പകലിന്റെ വെളിച്ചത്തിൽ പുറത്തുവരൂ എന്ന് അക്രമികളെ അദ്ദേഹം വെല്ലുവിളിച്ചു. അന്വേഷണം നടത്തി കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement