ഈ മുത്തശ്ശിക്കഥയിൽ വഴിത്തിരിവ്, പൊലീസ്

Monday 09 May 2022 4:04 AM IST

തൃശൂർ: ഈ മുത്തശ്ശിക്കഥയിലെ കുട്ടികൾക്ക് പ്രായം 74 വയസ്സ്! കേന്ദ്ര കഥാപാത്രം പൊലീസുകാരി. പേര് ജാൻസി. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ജാൻസിയെക്കുറിച്ചുവന്ന പോസ്റ്റാണ് കഥയ്ക്ക് വഴിയൊരുക്കിയത്.

ഇരിങ്ങാലക്കുടക്കാരി സരോജിനിയും കൊല്ലം ശൂരനാട്ടുകാരി ശ്രീദേവിയും ചങ്കുകളായിരുന്നു പഠിക്കുമ്പോൾ. ​54 വർഷം പഴക്കമുണ്ട് ഈ ആത്മബന്ധത്തിന്. പക്ഷേ, അവസാനം തമ്മിൽ കണ്ടത് 30 കൊല്ലം മുമ്പ്. വിലാസവും ഫോൺ നമ്പരും നഷ്ടപ്പെട്ടതിനാൽ സൗഹൃദം പങ്കിടാൻ വഴിയില്ലാതായി. സരോജിനി കുടുംബസമേതം മുംബയിൽ. ശ്രീദേവി രണ്ടു കൊല്ലം മുമ്പാണ് കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയത്. ഫേസ്ബുക്കിലെ ഇരിങ്ങാലക്കുടക്കാരോട് ശ്രീദേവി സരോജിനിയെപ്പറ്റി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

അങ്ങനെയിരിക്കെയാണ് മരുമകളുടെ ഒറ്റപ്പെടുത്തലിൽ നിന്ന് ഒരു വൃദ്ധയെ ജാൻസി രക്ഷിച്ചതിനെപ്പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രീദേവി കണ്ടത്. പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ വൃദ്ധയെ സഹായിച്ചപോലെ തന്റെ സുഹൃത്തിനെ കണ്ടെത്തിത്തരുമോ എന്ന് ശ്രീദേവി ചോദിച്ചു. ഫോൺ നമ്പരും നൽകി. വൈകിയില്ല, ജാൻസിയുടെ വിളിയെത്തി. എടക്കുളമെന്ന സ്ഥലപ്പേര് മാത്രമേ ശ്രീദേവിക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ.

ഒരു മാസത്തെ അന്വേഷണത്തിനുശേഷം പൊലീസ് സുഹൃത്ത് വഴി ജാൻസി എടക്കുളം പോസ്റ്റ് ഓഫീസിലെ ശങ്കരനാരായണനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ബന്ധുവാണ് സരോജിനി. ജാൻസി നമ്പർ വാങ്ങി ഇരുവർക്കും കൈമാറി. മുറിഞ്ഞുപോയ ബന്ധം വീണ്ടും തളിരിട്ടു. ഇനി നേരിൽ കാണുമ്പോൾ ജാൻസിയും ഒപ്പമുണ്ടാകണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

ക്ലാസ്‌മേറ്റ്‌സ്

1968ൽ മഹാരാഷ്ട്രയിലെ താനെയിൽ നഴ്‌സിംഗ് പഠിക്കുമ്പോഴാണ് ഇവർ സുഹൃത്തുക്കളായത്. മൂന്ന് കൊല്ലം ഒരുമിച്ച് ജോലി. 1977ൽ ശ്രീദേവി കുവൈറ്റിലേക്ക്. സരോജിനി ടാറ്റ ഹോസ്പിറ്റലിൽ ചേർന്നു. രണ്ട് കൊല്ലത്തോളം ഇരുവരും കത്തുകളെഴുതി. പിന്നീടത് നിലച്ചു. അവധിക്ക് നാട്ടിലെത്തിയ ശ്രീദേവി മുംബയിലെത്തി സരോജിനിയെ കണ്ടു. 1991ൽ വീണ്ടും കുവൈറ്റിലേക്ക് പോയി. രണ്ട് കൊല്ലം കത്തിടപാടുകൾ തുടർന്നു. വീണ്ടും ബന്ധം മുറിയുകയായിരുന്നു.

അവരുടെ സുഹൃദ്ബന്ധം സത്യമായിരുന്നു. ജോലിത്തിരക്കിലും ശ്രീദേവിയുടെ അപേക്ഷ തള്ളിക്കളയാൻ തോന്നിയില്ല.

ജാൻസി

ജാൻസി മാഡത്തിനോട് വളരെ നന്ദിയുണ്ട്. വയസുകാലത്ത് ഞങ്ങൾക്ക് കാണാൻ അവസരമുണ്ടായല്ലോ.

ശ്രീദേവി, സരോജിനി.

Advertisement
Advertisement