സ്വകാര്യ ബസിലെ മർദ്ദനം; ഡ്രൈവറും കണ്ടക്ടറും കസ്റ്റ‌ഡിയിൽ

Monday 09 May 2022 4:00 AM IST

തിരുവനന്തപുരം: ടിക്കറ്റെടുക്കാൻ നൽകിയതിൽ ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനെ മർദ്ദിച്ച കണ്ടക്ടറെയും ഡ്രൈവറെയും കസ്റ്റ‌ഡിയിലെടുത്തു. കണ്ടക്ടർ കച്ചാണി മൂന്നാംമൂട് സ്വദേശി സുനിൽ,‌ ഡ്രൈവർ വീരണിക്കാവ് സ്വദേശി അനീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. കണ്ടക്ടറുടേയും ഡ്രൈവറുടേയും ലൈൻസ് റദ്ദാക്കാൻ പൊലീസ് അർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി.

ഇക്കഴിഞ്ഞ 6ന് ഉച്ചയ്‌ക്ക് പേരൂർക്കടയിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തുകയായിരുന്ന സൂര്യ എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ചിറയിൻകീഴ് സ്വദേശിയായ ഷിറാസിന് നൽകാൻ കഴിഞ്ഞത്. ഒരു രൂപ കൂടി നൽകാതെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടറും ‌ഡ്രൈവറും ചേർന്ന് ഷിറാസിനെ മർദ്ദിച്ചത്.

നിസാരം ഒരു രൂപയല്ലേ എന്ന് യാത്രക്കാരൻ അപേക്ഷിച്ചെങ്കിലും 'ബസിൽ നിന്ന് ഇറങ്ങെടാ' എന്ന് ആക്രോശിച്ച് ജീവനക്കാർ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇലക്ട്രീഷ്യനായ ഷിറാസ് തനിക്ക് കിട്ടാനുള്ള ജോലിക്കൂലി വാങ്ങാൻ കരാറുകാരനെ കാണാനെത്തിയതായിരുന്നു.
ബസ് യാത്രക്കാരിൽ ചിലർ ഒരു രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും മർദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു. യുവാവിനെ ബസിൽവച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ ടിക്കറ്റ് എടുക്കാത്തതെന്തെന്ന് ചോദിപ്പോൾ തന്നെ യാത്രക്കാരൻ മർദ്ദിച്ചെന്നാരോപിച്ച് കണ്ടക്ടർ സുനിൽ പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് പൊലീസ് നിഗമനം. ഷിറാസ് ഇന്നലെ സ്റ്റേഷനിലെത്തി മൊഴി നൽകി. സൂര്യ ബസ് സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു.

Advertisement
Advertisement