വലിയൊരു സന്ദേശത്തിന്റെ പൊടിപൂരം: സത്യൻ അന്തിക്കാട്‌

Monday 09 May 2022 12:24 AM IST
സത്യൻ എന്തിക്കാട്

തൃശൂർ പൂരം തൃശൂരുകാരുടെ വികാരം മാത്രമല്ല ഓണവും വിഷുവും റംസാനും ക്രിസ്മസുമെല്ലാമെല്ലാം പോലെ വലിയൊരു ആഘോഷമാണ്. എന്റെ അമ്മയുടെ വീട് പടിഞ്ഞാറെക്കോട്ടയിലാണ്. സ്‌കൂൾ പഠനകാലത്ത് പൂരത്തിന് നാലുനാൾ മുൻപേ അമ്മാവന്റെ വീട്ടിലെത്തും. അന്ന് അവിടെ കല്യാണവീട് പോലെയാകും. പ്രദർശനവും പന്തലും ചമയങ്ങളുമെല്ലാം കാണാൻ പോകും. സിനിമ പഠിക്കാൻ പോയ അഞ്ചാറ് വർഷം പൂരം മിസായി. പൂരക്കാലത്ത് ഷൂട്ടിംഗിനിടയിൽ പൂരത്തെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം വരും. എങ്ങനെയെങ്കിലും പൂരസീസണിൽ വരാൻ ശ്രമിക്കും.

പൂരം ആഘോഷിക്കുക എന്നാൽ പൂരത്തിൽ അലിഞ്ഞുചേരുക എന്നതാണ്. പൂരം കാണാൻ വരുന്നവർ. അങ്ങനെയാണ്. ആനകളുടെ ചന്തം കാണാൻ, അലസമായി ചുറ്റിത്തിരിയാൻ ഒക്കെ ഒരു രസമാണ്. തിരക്ക് പിടിച്ച ഷൂട്ടിംഗ് സമയത്ത് ജയറാമൊക്കെ കൂടെയുണ്ടെങ്കിൽ റേഡിയോയിൽ മേളം കേൾക്കും.

കഴിഞ്ഞ കുറേ വർഷങ്ങളായി പൂരക്കാലത്ത് നാട്ടിലുണ്ടാകും. പക്ഷേ, ചൂടും തിരക്കും ആയതുകൊണ്ട് പൂരം കാണാൻ പോകാറില്ല. ഇത്തവണ എല്ലാവരും മാസ്‌കിട്ട് വരുന്ന പൂരമാണ്.

തെക്കോട്ടിറക്കവും കുടമാറ്റവുമെല്ലാം പൂർവികരുണ്ടാക്കിയ വലിയൊരു ഉത്സവമാണ്. ജാതിമതരാഷ്ട്രീയ പരിഗണനകളില്ലാതെ പൂരം കൂടാനുള്ള വഴിയൊരുക്കിയവരാണ് പൂർവികർ. പൂരത്തിന് സ്വാഭാവിക സൗന്ദര്യമുണ്ട്. വർണ്ണാഭമായ സൗന്ദര്യം. സാഹോദര്യത്തിന്റെ ഒരുമയുണ്ട്. പൂരം എല്ലാ മനസുകളെയും സംയോജിപ്പിക്കും. പൂരമെന്ന ബിന്ദുവിലേക്ക് എല്ലാവരെയും ഒന്നിപ്പിക്കും. പൂരത്തിനോട് മാനസിക അടുപ്പമുള്ളവർ അത് കേവലം ആസ്വദിക്കുകയല്ല അനുഭവിക്കുകയാണ് ചെയ്യുന്നത്.

Advertisement
Advertisement