സ്വയം വിമർശനം നല്ലത്, ആത്മവീര്യം തകർക്കരുത്: സോണിയ

Tuesday 10 May 2022 12:07 AM IST

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താൻ സ്വയം വിമർശനങ്ങൾ ആകാമെങ്കിലും അത് ആത്മവീര്യവും കെടുത്തുന്നതും ദോഷ ചിന്ത പരത്തുന്ന വിധത്തിലും ആകരുതെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേതാക്കളെ ഉപദേശിച്ചു. മാന്ത്രിക വടി വീശി പാർട്ടിയെ ശക്തിപ്പെടുത്താനാകില്ലെന്നും കഠിനാദ്ധ്വാനം ചെയ്യണമെന്നും രാജസ്ഥാനിൽ നടക്കുന്ന നവ്സങ്കൽപ് ചിന്തൻ ശിബിരത്തിന് മുന്നോടിയായി വിളിച്ച പ്രവർത്തക സമിതി യോഗത്തിൽ സോണിയ പറഞ്ഞു.

നേതൃത്വത്തിനെതിരെ ജി 23 നേതാക്കളുടെ വിമർശനം അടക്കം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് സോണിയയുടെ പ്രസംഗം. സ്വയം വിമർശനം ആത്മവിശ്വാസം കെടുത്തുന്ന രീതിയിലും ദോഷ ചിന്തയും വിഷാദ ഭാവവും പരത്തുന്നതും ആകരുത്. പാർട്ടിയുടെ തിരിച്ചുവരവിന് ഉതകുന്ന യോജിപ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശമാകണം ഉദയ്‌പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് പുറത്തുവരേണ്ടത്. പ്രത്യയശാസ്‌ത്രപരവും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികൾ നേരിടാൻ പാർട്ടിയെ ഉടച്ചു വാർക്കുകയാണ് ലക്ഷ്യം. മാന്ത്രിക ദണ്ഡ് വീശി പാർട്ടിയെ ശക്തിപ്പെടുത്താനാകില്ല. നിസ്വാർത്ഥതോടെ, അച്ചടക്കമുള്ള, ഉറച്ച ലക്ഷ്യബോധമുള്ള കഠിനാദ്ധ്വാനം കൊണ്ടു മാത്രമെ അതു സാദ്ധ്യമാകൂ എന്നും സോണിയ ഒാർമ്മപ്പെടുത്തി. ഒാരോരുത്തരും പാർട്ടിയോടുള്ള കടപ്പാട് പൂർണമായി സമർപ്പിക്കേണ്ട സമയമാണതെന്നും സോണിയ പറഞ്ഞു. ലഡാക്കിൽ പ്രത്യേക ടെറിട്ടോറിയൽ വിഭാഗം രൂപീകരിക്കാനും പ്രവർത്തക സമിതി തീരുമാനിച്ചു.

മേയ് 13, 14, 15 തിയതികളിൽ നടക്കുന്ന നവ് സങ്കൽപ് ചിന്തൻ ശിബിരത്തിൽ എ.ഐ.സി.സി, പി.സി.സി ഭാരവാഹികൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി 422 പ്രതിനിധികൾ പങ്കെടുക്കും. എല്ലാവരും 50വയസിന് താഴെയുള്ളവരായിരിക്കും. 21ശതമാനം വനിതകളുണ്ടാകും.

കോൺഗ്രസ് അദ്ധ്യക്ഷ രൂപം നൽകിയ ആറ് ഉപസമിതികളുടെ കൺവീനർമാരായ മല്ലികാർജ്ജുന ഖാർഗെ(രാഷ്‌ട്രീയം), മുകുൾ വാസ്‌നിക്(സംഘടന), പി. ചിദംബരം(സമ്പദ്‌വ്യവസ്ഥ), സൽമാൻ ഖുർഷിദ്(സാമൂഹ്യ നീതിയും ശാക്തീകരണവും), ഭൂപേന്ദ്ര സിംഗ് ഹൂഡ(കർഷകർ, കൃഷി), അമരീന്ദർ സിംഗ് വാറിംഗ്(യുവാക്കളുടെ പ്രശ്നങ്ങൾ) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകളുടെ വിശദാംശങ്ങൾ പ്രവർത്തക സമിതിയിൽ അവതരിപ്പിച്ചു. പ്രവർത്തക സമിതി അംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ച് ചിന്തൻ ശിബിരിൽ വിശദമായി ചർച്ച ചെയ്യും. 33 ശതമാനം വനിതാ സംവരണം, സംഘടനാ തലത്തിൽ സമഗ്രമായ സാമൂഹിക പ്രാതിനിദ്ധ്യം ഉറപ്പാക്കൽ, ഡി.സി.സി അദ്ധ്യക്ഷൻമാരെ നിയമിക്കാനുള്ള അധികാരം പി.സി.സികൾക്ക് നൽകൽ തുടങ്ങിയ നിർദ്ദേശങ്ങളും പ്രവർത്തക സമിതി ചർച്ച ചെയ്‌തു.

Advertisement
Advertisement