പൂരം എന്നും നൊസ്റ്റാൾജിയ

Monday 09 May 2022 9:57 PM IST

ഞങ്ങൾ വല്ലച്ചിറക്കാർക്ക് ചാത്തക്കുടം ശാസ്താവിന്റെ പൂരമാണ് പ്രധാനം. ചെറിയ പൂരങ്ങളുടെ വലിയ സൗന്ദര്യം അറിഞ്ഞാണ് ഞങ്ങൾ തൃശൂർ പൂരത്തിനെത്തുന്നത്. തൃശൂർ പൂരം എല്ലാവർക്കും നൊസ്റ്റാൾജിയയാണ്. കുട്ടിക്കാലത്ത് വെടിക്കെട്ട് കാണാൻ എന്നെ ഒറ്റയ്ക്ക് വിട്ടിട്ടുണ്ട് അച്ഛൻ. അന്ന് അദ്ദേഹം അതിന് കാണിച്ച ധൈര്യമുണ്ട്. ബസിൽ കയറി ഇരിക്കണം. ഇന്ന സ്ഥലത്ത് ഇറങ്ങണമെന്നുമെല്ലാം പറഞ്ഞു. ബസിൽ കയറിയിരുന്ന് പൂരപ്പറമ്പ് റൗണ്ടടിച്ച് ഞാൻ പോന്നു. അന്ന് അച്ഛനോട് നുണ പറഞ്ഞു, വെടിക്കെട്ട് കണ്ടുവെന്ന്. അതു കേട്ട് അദ്ദേഹം ചിരിച്ചു. നീയൊന്നും കണ്ടിട്ടില്ല എന്ന അർത്ഥത്തിൽ. അതിപ്പോഴും മറക്കാനാവില്ല.
പിന്നീട്, ജോസ് ചിറമ്മലിന്റെ കൂടെ നാടകപ്രവർത്തനത്തിനിടെ വേണുവേട്ടന്റെ ഒപ്പം കുടമാറ്റത്തിനുള്ള കുടനിർമ്മാണത്തിലുണ്ടായിരുന്നു. അന്നാണ് കുടമാറ്റത്തിന്റെ വാശി അണിയറപ്രവർത്തകരിൽ കാണുന്നത്. നമ്മൾ മികച്ചതാകണമെന്ന അവരുടെ വാശിയും ത്രില്ലും കണ്ടറിഞ്ഞു. മേളത്തിൽ പെരുവനം കുട്ടൻമാരാർ എന്നും ഞങ്ങളുടെ മനസുകളിലെ ശബ്ദവും താളവുമാണ്. ചെറുപ്പം മുതൽ കേൾക്കുന്ന താളം. അതൊരു മുഴക്കത്തിലൂടെ കടന്നുപോകും. ലോകം അറിയുന്ന പൂരമാണെങ്കിലും ഇത് തൃശൂരുകാർ അതിഥികൾക്ക് സമ്മാനിക്കുന്ന പൂരമാണ്. അതോടൊപ്പം നിൽക്കുക, അതാണ് ഞങ്ങളെന്നും കാത്തുപോരുന്നത്.

പൂരം നാളിൽ തുടങ്ങും നടുപ്പാടത്ത് ഈ കലാഗ്രാമം

മണ്ണിന്റെ വേരിലൂറുന്ന ജൈവകലകൾക്കും പ്രാചീന ഗോത്രഅനുഷ്ഠാന കലകൾക്കും സജീവവേദികൾ ലഭ്യമാകാൻ എല്ലാ കലാകാരന്മാർക്കുമായി ഒരിടം ഒരുക്കുകയാണ് സംവിധായകൻ പ്രിയനന്ദനനും സംഘവും. മേയ് പത്തിന് രാവിലെ പത്തിന് ചേർപ്പ് പടിഞ്ഞാറ്റുമുറി തുരുത്തുംപടവിൽ ആണ് ബദൽ മീഡിയ ആർട്ട് വില്ലേജ്, സെന്റർ ഫോർ ആൾട്ടർനേറ്റീവ് റിസർച്ച് ആൻഡ് ആക്ഷൻ തുടങ്ങുന്നത്. സ്വന്തം കലയുടെ ആവിഷ്‌കാരവുമായി വെളിച്ചപ്പെടാനുള്ള ബദൽ ഇടമാണിതെന്ന് പ്രിയനന്ദനൻ പറയുന്നു. ചേർപ്പിലെ പാടത്തിന് നടുവിലെ തുരുത്തിൽ ജലത്തെയും പച്ചയെയും കാവൽ നിറുത്തിയാണിത് തുടങ്ങുന്നത്. മുത്തപ്പൻ വെള്ളാട്ടം എന്ന അനുഷ്ഠാന കലയോടെയാണ് ആർട്ട് വില്ലേജിന്റെ അരങ്ങുണരുന്നത്. സോളാർ പാനലിലാണ് ഇവിടെ വൈദ്യുതി ലഭ്യമാക്കുന്നത്. കിണറും ഇരുമ്പുകൊണ്ടുള്ള ഏറുമാടവുമുണ്ട്. മഴക്കാലത്ത് തോണിയിലേറെ വില്ലേജിലെത്താനുള്ള സൗകര്യവുമുണ്ടാകും. എല്ലാ കലാകാരന്മാർക്കും ഒന്നിച്ചിരിക്കാനുള്ള വേദിയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement