കുട്ടികളുടെ ആത്മഹത്യ

Tuesday 10 May 2022 12:00 AM IST

ഇന്ത്യയിൽ അപകടങ്ങളാണ് ഏറ്റവും കൂടുതൽ മരണത്തിനിടയാക്കുന്നത്. അതുകഴിഞ്ഞാൽ ആത്മഹത്യയും. ഓരോ വർഷവും ശരാശരി ഒരുലക്ഷം പേർ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് കുട്ടികളുടെ ആത്മഹത്യയാണ് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് വന്നിരിക്കുന്നതെന്ന് ഇന്റലിജൻസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.

മൊബൈൽ ഫോൺ ഉപയോഗം അമ്മ വിലക്കിയതിനെത്തുടർന്ന് കരമനയിൽ 14 കാരി ആത്മഹത്യ ചെയ്തയാണ് അവസാനത്തെ സംഭവം. 2019 ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2020ൽ ഇത് 311 ആയി. 2021ൽ 345 ആയി ഉയർന്നു. ഇത് തടയാൻ ആരോഗ്യ, വിദ്യാഭ്യാസവകുപ്പുകളുമായി സഹകരിച്ച് അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി അനിൽകാന്ത് 11 ഇന നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. അതിൽപ്പറയുന്ന പ്രധാന നിർദ്ദേശം ഇന്റർനെറ്റിന്റെയും സ്‌മാർട്ട് ഫോണിന്റെയും ഉപയോഗം നിയന്ത്രിക്കണമെന്നാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ആരും ആത്മഹത്യയ്ക്ക് മുതിരില്ല. മൊബൈൽ നൽകുന്ന സ്വാതന്ത്ര്യ‌ങ്ങളിൽ വഴിതെറ്റി ചെന്നെത്തുന്ന ഇടങ്ങളാണ് കുട്ടികളെ ആത്മഹത്യയിൽ അഭയം തേടാൻ പലപ്പോഴും പ്രേരിപ്പിക്കുന്നത്. ലഹരി ഉപയോഗവും ഇന്റർനെറ്റിലെ ചൂതുകളി ഉൾപ്പെടെയുള്ള ചില ഗെയിമുകളും പണം വായ്‌പയെടുത്ത് വെട്ടിലാകുന്നതും ഉൾപ്പെടെ പല കാരണങ്ങൾ ഇതിന് പിന്നിൽ കണ്ടെത്താനാകും. ഇതിൽ പലതിലും പൊലീസിന്റെ ഇടപെടലിന് നിർണായകമായ പങ്കുവഹിക്കാനാവും.

കുട്ടികളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും വളരെ വേഗത്തിൽ ചില അദ്ധ്യാപകർ കണ്ടെത്തും. അവർ കുട്ടിയുമായോ സുഹൃത്തുക്കളുമായോ കുടുംബവുമായോ രഹസ്യമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരായണം. ലഹരിയുടെ ഉപയോഗം കടന്നുവരുന്ന പ്രശ്നമാണെങ്കിൽ പൊലീസിനെയും അറിയിക്കണം. സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട ഒരുസംഘം അദ്ധ്യാപകർക്കാണ് ഏറ്റവും വലിയ റോൾ വഹിക്കാൻ കഴിയുന്നത്. മാനസികമായ പരിചരണവും ചികിത്സയും തക്കസമയത്ത് കുട്ടികൾക്ക് പ്രദാനം ചെയ്യേണ്ട ചുമതല ആരോഗ്യവകുപ്പിനുള്ളതാണ്. വിഷാദത്തിലേക്ക് വഴുതിവീഴുന്ന കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം അവരുടെ മാതാപിതാക്കൾക്കും കൗൺസലിംഗ് ആവശ്യമായി വരും. നിസാര കാര്യത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തെന്ന് പറയുന്ന കുട്ടി പോലും അതിനു മുമ്പ് പലതരം ഭയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. ജീവിതം അവസാനിപ്പിക്കണമെന്ന ചിന്ത ഒരു ബാധപോലെ കുട്ടിയെ വരിഞ്ഞുമുറുക്കിയിട്ടുണ്ടാകാം. ഇതൊന്നും തക്കസമയത്ത് ആരും ശ്രദ്ധിക്കാതെ പോകുന്നതാണ് പ്രശ്നമാകുന്നത്. അതിനാൽ ഇതൊക്കെ നിരീക്ഷിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും സ്ഥിരം സംവിധാനം ആവശ്യമാണ്.

ഇന്റലിജൻസിന്റെ പഠനറിപ്പോർട്ട് പ്രകാരം മാനസിക സംഘർഷം കാരണമാണ് 2019-ൽ 30.9 ശതമാനം കുട്ടികൾ ആത്മഹത്യ ചെയ്തത്. ആധുനിക കാലത്തിന്റെ ചതിക്കുഴികളിൽ വീഴാതെ കുട്ടികളെ നേർവഴിക്ക് നയിക്കാൻ വേണ്ട ഇടപെടൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഉണ്ടാകേണ്ടതാണ്.

Advertisement
Advertisement