ശ്രീനാരായണഗുരുവിനെ ഒഴിവാക്കി സവർക്കറെ പ്രദർശിപ്പിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം: യുവകലാസാഹിതി

Tuesday 10 May 2022 1:06 AM IST

തൃശൂർ: ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ഒഴിവാക്കി സവർക്കറെ പൂരം വർണ്ണക്കുടകളിൽ പ്രദർശിപ്പിക്കാൻ നടത്തിയ കുത്സിത ശ്രമം നവോത്ഥാന സന്ദേശങ്ങളെ ഉൾക്കൊള്ളുന്ന കേരളീയ സമൂഹം തിരിച്ചറിയുമെന്ന് യുവകലാസാഹിതി. തൃശൂർ പൂരം പോലുള്ള മതേതര ആഘോഷങ്ങളെ വർഗീയവത്കരിച്ച് ഫാസിസ്റ്റ് അജൻഡകൾ നടപ്പാക്കാനുള്ള സംഘ പരിവാറിന്റെ ഗൂഢനീക്കങ്ങളെ കേരളത്തിലെ മതേതര സമൂഹം ചെറുത്തു തോൽപ്പിക്കണം. ശ്രീനാരായണഗുരുവിന്റെ ഛായാചിത്രം ആലേഖനം ചെയ്ത ഫ്‌ളോട്ടാണെന്ന കാരണത്താൽ
ഇന്ത്യൻ റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ നിന്നും കേരളത്തെ മാറ്റി നിറുത്തിയ കേന്ദ്ര സർക്കാർ നടപടിയിലൂടെ അവരുടെ ഗുരുവിരോധം കേരളീയർ മനസിലാക്കിയതാണ്.

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാൻ മതേതര പൊതു സമൂഹം ജാഗ്രതയോടെ രംഗത്തു വരണമെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം.സതീശൻ എന്നിവർ ആവശ്യപ്പെട്ടു.

Advertisement
Advertisement