ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിറ്റ്സർ; ഇത്തവണത്തെ പുരസ്‌കാരം ഇന്ത്യയിലെ കൊവിഡ് മരണ ചിത്രങ്ങൾക്ക്‌

Tuesday 10 May 2022 8:28 AM IST

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സർ പുരസ്‌കാരം. ഇന്ത്യയിൽ കൊവിഡ് മരണം വ്യാപകമായ സമയത്ത് പകർത്തിയ ചിത്രങ്ങൾക്കാണ് പുരസ്‌കാരം.

രണ്ടാം കൊവിഡ് തരംഗത്തിൽ മരണമടഞ്ഞവരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മന:സാക്ഷിയെ മുറിവേൽപ്പിക്കുന്നതായിരുന്നു. ഡാനിഷിനൊപ്പം റോയിട്ടേഴ്സ് മാദ്ധ്യമപ്രവർത്തകരായ ദ്നാൻ ആബിദി, സന്ന ഇർഷാദ് മട്ടു, അമിത് ദവെ എന്നിവരും പുരസ്കാരത്തിന് അർഹരായി.

റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതജീവിതം ക്യാമറയിൽ പകർത്തിയതിന് 2018 പുലിറ്റ്സർ പുരസ്‌കാരം നേടിയിരുന്നു. 2021 ജൂലായിൽ അഫ്ഗാൻ സുരക്ഷാ സേനയും താലിബാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്നാണ് ഡാനിഷ് സിദ്ദിഖി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. തുടർന്ന് ജാമിയയിലെ എ ജെ കെ മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടി. ടെലിവിഷൻ വാർത്താ ലേഖകനായാണ് സിദ്ദിഖി തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഫോട്ടോ ജേർണലിസത്തിലേക്ക് കളംമാറി. 2010ലാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൽ ചേർന്നത്.