കേരളത്തിന്റെ മാതൃകയിൽ കർണാടകയിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ എൺപത് ലക്ഷത്തിന്റെ ഫ്‌ളോട്ടിംഗ് പാലം മൂന്നാം നാൾ തകർന്നു

Tuesday 10 May 2022 10:58 AM IST

ഉഡുപ്പി : ടൂറിസം രംഗത്ത് കർണാടയുടെ മുന്നേറ്റത്തിനായി ഉഡുപ്പിയിലെ മാൽപെ ബീച്ചിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യം ഫ്‌ളോട്ടിംഗ് പാലം ഉദ്ഘാടനം നടത്തി മൂന്നാം ദിവസം തകർന്നു. എൺപത് ലക്ഷം രൂപ ചെലവിട്ടാണ് ഫ്‌ളോട്ടിംഗ് പാലം നിർമ്മിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഉയർന്ന തിരമാലകൾ അടിച്ച് കയറിയാണ് പാലം തകർന്നത്. ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടാണ് വെള്ളിയാഴ്ച പാലം ഉദ്ഘാടനം ചെയ്തത്. ഫ്‌ളോട്ടിംഗ് പാലത്തിനുണ്ടായ തകരാർ ഗുരുതരമല്ലെങ്കിലും ഇനി ഇത് ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ട്. പത്തോളം ലൈഫ് ഗാർഡുമാരെയാണ് ബീച്ചിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇപ്പോൾ നിയോഗിച്ചിട്ടുള്ളത്.

കേരളത്തിൽ കോഴിക്കോട്ട് ജില്ലാ ടൂറിസ്റ്റ് പ്രമോഷൻ കൗൺസിലിന്റെയും (ഡിടിപിസി) തുറമുഖ വകുപ്പിന്റെയും സഹായത്തോടെ അടുത്തിടെ ഫ്‌ളോട്ടിംഗ് പാലം നിർമ്മിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവർത്തക്ഷമമാണ്. കോഴിക്കോട് ബേപ്പൂർ ബീച്ചിലാണ് കേരളത്തിലെ ഫ്‌ളോട്ടിംഗ് പാലമുള്ളത്. തിരമാലകൾക്കൊപ്പം നടക്കാൻ സഞ്ചാരികൾക്ക് കഴിയുമെന്നതിനാൽ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. സഞ്ചാരികൾക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നിരവധി മരങ്ങൾ വീണ് ഗതാഗതം താറുമാറായിരുന്നു. അടുത്തിടെ ഉദ്ഘാടനം ചെയ്ത അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയം ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.