ഉദ്ഘാടനത്തിലൊതുങ്ങുമോ തെളിനീർ പദ്ധതി

Wednesday 11 May 2022 4:11 PM IST

ഏറ്റുമാനൂർ. സമ്പൂർണ ജലശുചിത്വ സംസ്ഥാനം എന്ന ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ വിഭാവന ചെയ്ത 'തെളിനീരൊഴുകും നവകേരളം പദ്ധതി ' സമയപരിധിക്കുള്ളിൽ ലക്ഷ്യം കാണാനിടയില്ല. പദ്ധതി നടപ്പിലാക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ മെല്ലേപ്പോക്കിലാണ്. മേയ് 15 നകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ പലയിടത്തും ഉദ്ഘാടനം പോലും നടന്നിട്ടില്ല.

ജലസ്രോതസുകൾ മാലിന്യമുക്തമാക്കി ജലം കൈക്കുമ്പിളിൽ കോരിക്കുടിക്കാൻ പാകത്തിലാക്കുകയാണ് പദ്ധതി കൊണ്ട് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി ആരംഭിക്കും മുൻപ് ജലസാമ്പിളുകൾ പരിശോധിച്ച് മാലിന്യത്തോത് കണ്ടെത്തുകയും ജലസഭകൾ ചേർന്ന് അതനുസരിച്ചുള്ള പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുകയും വേണമെന്നാണ് നിർദേശം. എന്നാൽ പദ്ധതി പൂർത്തീകരിക്കാൻ നാല് ദിവസങ്ങളേ ബാക്കിയുള്ളൂ. ഇങ്ങിനെ പോയാൽ പദ്ധതി ഉദ്ഘാടനത്തിലൊതുങ്ങുകയേ ഉള്ളൂ. ഫണ്ട് വിനിയോഗത്തിന് സർക്കാർ ഉത്തരവ് കിട്ടാതിരുന്നതും പദ്ധതി നടത്തിപ്പിന് കാലതാമസം ഉണ്ടാക്കിയെന്നാണ് അറിയുന്നത്. തനത് ഫണ്ട് ഉപയോഗിച്ചു വേണം തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നടത്തേണ്ടത്.

ഏറ്റുമാനൂർ നഗരസഭ.

പാലാ റാേഡിൽ മംഗരത്തോട് വൃത്തിയാക്കി 12ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്‌സൺ ലൗലി ജോർജ് പറഞ്ഞു. ജലസഭ ചേർന്ന് ഭാരവാഹികളെ നിശ്ചയിച്ചു. മാലിന്യത്തോത് നിശ്ചയിക്കാനുള്ള നടപടി സ്വീകരിച്ചു.

അതിരമ്പുഴ പഞ്ചായത്ത്.
ജലസഭ ചേർന്നുവെന്നും വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ എൻ.എസ്.എസ് വാളണ്ടിയർമാർ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവരെ ഉൾപ്പെടുത്തി വാർഡുകളിൽ സർവേ നടന്നുവരുന്നതായും പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു.

നീണ്ടൂർ പഞ്ചായത്ത്.
വാർഡ് തലത്തിലുള്ള ജലസഭകൾ നടക്കുന്നു. ജലത്തിന്റെ മാലിന്യത്തോത് തിരിച്ചറിയാനുള്ള പരിശോധനകൾ നടന്നുവരുന്നതായും നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അറിയിച്ചു.

കാണക്കാരി പഞ്ചായത്ത്.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക് പറഞ്ഞു.

തൊലിപ്പുറത്തെ ചികിത്സയാക്കരുത്.
ജലസ്രോതസുകളുടെ കരയിലുള്ള വീടുകളിലെയും ഫാക്ടറികളിലെയും മറ്റു സ്ഥാപനങ്ങളിലെയും മാലിന്യവും ചില ഏജൻസികൾ ടാങ്കറുകളിൽ സംഭരിച്ച് കൊണ്ടുവരുന്ന കക്കൂസ് മാലിന്യവും നദികളിലേയ്ക്ക് ഒഴുക്കുന്നുണ്ട്. ഇത്തരത്തിൽ മലീമസമായ ജലസ്രോതസുകളെ സംരക്ഷിക്കാനുള്ള ഈ പദ്ധതി തൊലിപ്പുറത്തെ ചികിത്സയാക്കരുതന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.
മാലിന്യത്തിന്റെ ഉറവിടങ്ങൾ അടച്ച് അവിടം മുതൽ ശുചീകരണ പ്രവൃത്തികൾ നടത്തിയാൽ മാത്രമേ പദ്ധതി ലക്ഷ്യത്തിലെത്തൂ. കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് ഒരു പ്ലാന്റ് പോലുമില്ലാത്ത ജില്ലയിൽ പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Advertisement
Advertisement