ഹൗസ് ബോട്ടുകളിലെ കക്കൂസ് മാലിന്യം വേമ്പനാട്ടുകായലിൽ തള്ളുന്നു.

Wednesday 11 May 2022 12:00 AM IST

കോട്ടയം. മാലിന്യസംസ്കരണ സംവിധാനം തകരാറിലായതോടെ ആലപ്പുഴ ഭാഗത്തെ ഹൗസ് ബോട്ടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം കൂട്ടത്തോടെ വേമ്പനാട്ടുകായലിൽ തള്ളുന്നു. ഇതോടെ വേമ്പനാട്ടുകായലിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പത്തിരട്ടിയായി ഉയർന്നു. തണ്ണീർമുക്കം ബണ്ട് തുറക്കുന്നത് വൈകിയതിനാൽ കായൽ കൂടുതൽ മലിനമാണ്. ജലജന്യ രോഗങ്ങളും വർദ്ധിച്ചു. ഇതിനിടെയാണ് കക്കൂസ് മാലിന്യം കൂടി വൻതോതിൽ കായലിലെത്തുന്നത്.

കുമരകത്ത് കവണാറ്റിൻകരയിൽ മാലിന്യ സംസ്കരണ പ്ലാന്റുണ്ട്. ഹൗസ് ബോട്ടുകൾ ഇവിടെയെത്തിച്ച് സംസ്കരണം നടത്തുന്നതിലുള്ള ഇന്ധന, സമയനഷ്ടം കുറക്കാൻ കോട്ടയം ഡി.ടി.പി.സി മാലിന്യസംസ്കരണ ബാർജ് ഏർപ്പെടുത്തിയിരുന്നു. മാസത്തിൽ ഒരു തവണ സീവേജ് ബാർജ് ഹൗസ് ബോട്ടിനടുത്തെത്തി കക്കൂസ് മാലിന്യം ശേഖരിക്കും. 800 രൂപയാണ് നിരക്ക് .

ആലപ്പുഴ കുന്നുമ്മയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചെങ്കിലും 2018ലെ പ്രളയത്തിൽ തകർന്നു. അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തുമെന്ന് ഡി.ടി.പി.സി അറിയിച്ചിരുന്നെങ്കിലും രണ്ടു വർഷമായിട്ടും പൂർത്തിയായില്ല. കുമരകം ഭാഗത്ത് 150 ഹൗസ് ബോട്ടുകളും ആലപ്പുഴ ഭാഗത്ത് 500ലേറെ ഹൗസ് ബോട്ടുകളുമാണ് ഉള്ളത്. മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ കൂട്ടത്തോടെ കായലിൽ തള്ളുകയാണെന്നാണ് പരാതി. ഇത് തടയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. കോട്ടയത്ത് ഒരു സീവേജ് ബാർജുണ്ടെങ്കിലും ദൂരക്കൂടുതൽ കാരണം ആലപ്പുഴ ഭാഗത്തെത്തത്തി മാലിന്യം ശേഖരിക്കുന്നതിന് പരിമിതിയുണ്ട്.

.

നിലവിൽ വേമ്പനാട്ടുകായലിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും പല മടങ്ങാണ്. ഓരോവർഷവും കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് പരിസ്ഥിതി ഗവേഷകനായ ഡോ. കെ.ജി.പത്മകുമാറിന്റെ കണ്ടെത്തൽ. നൂറുകണക്കിന് ബോട്ടുകളിൽ നിന്നുള്ള മാലിന്യം കൂടി കായലിൽ തള്ളുന്നത് വെള്ളം ഉപയോഗിക്കുന്ന സാധാരണക്കാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കുട്ടനാട് മേഖലയിൽ കാൻസർ രോഗികളുടെ എണ്ണവും കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഹൗസ് ബോട്ട് ഉടമ ടി.പി പ്രകാശൻ പറയുന്നു.

ബോട്ടുകളിലെ മാലിന്യസംസ്കരണത്തിന് പണം മുടക്കാൻ ഹൗസ് ബോട്ട് ഉടമകൾ തയ്യാറാണ് . ബന്ധപ്പെട്ടവർ സൗകര്യം ഒരുക്കാത്തതാണ് പ്രശ്നം. കൂടുതൽ ബോട്ടുകൾ സർവീസ് നടത്തുന്ന ആലപ്പുഴ ഭാഗത്ത് അടിയന്തിരമായി മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാവണം.

Advertisement
Advertisement