മഞ്ഞുരുകി തുടങ്ങി, ഗുജറാത്തിൽ ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് ഹാർദിക്ക് പട്ടേലിനൊപ്പം വേദി പങ്കിട്ട് രാഹുൽ ഗാന്ധി

Tuesday 10 May 2022 9:48 PM IST

ന്യൂഡൽഹി: ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് ഹാർദിക്ക് പട്ടേലുമായി വേദി പങ്കിട്ട് ദേശീയ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ജാഥയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ഹാർദിക്ക് പട്ടേലുമായി രാഹുൽ വേദി പങ്കിട്ടത്. പ്രസംഗവേളയിൽ രാഹുൽ ഹാർദിക്കിന്റെ പേര് ഒരിടത്തും പരാമർശിച്ചില്ലെങ്കിലും ഇരുനേതാക്കന്മാരും ദീർഘനേരം സംസാരിക്കുന്നുണ്ടായിരുന്നു. ഹാർദിക്കിന്റെ പരാതികൾക്ക് ഉടനടി പരഹാരം കാണുമെന്ന ഉറപ്പ് രാഹുൽ നൽകിയതായും ഇരുനേതാക്കന്മാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ മുന്നണി പോരാളികളായി രാഹുൽ ഗാന്ധി കണ്ടിരുന്ന രണ്ട് യുവനേതാക്കന്മാരിൽ ഒരാളാണ് ഹാർദിക്ക് പട്ടേൽ. എന്നാൽ സംസ്ഥാന നേതാക്കന്മാരുമായി അത്ര നല്ല ബന്ധമല്ല ഹാർദിക്കിനുള്ളത്. രാഹുൽ ഗാന്ധിയുമായോ പ്രിയങ്ക ഗാന്ധിയുമായോ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തിട്ടും അതിനുവേണ്ട ഒരു ഒരുക്കവും നടത്താത്ത സംസ്ഥാന നേതാക്കന്മാരുമായാണ് തനിക്ക് അഭിപ്രായ വ്യത്യാസമുള്ളതെന്നും ഹാർദിക്ക് അടുത്തിടെ പരസ്യമായി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ രാഹുൽ ഗാന്ധി ഹാർദിക്കുമായി നേരിട്ട് സംസാരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനു ശേഷവും ഹാർദിക്ക് ബി ജെ പിയെ പുകഴ്ത്തി സംസാരിച്ചതും തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് കോൺഗ്രസിന്റെ ചിഹ്നം മാറ്റിയതും യുവനേതാവ് ബിജെപിയിലേക്ക് ചുവടുമാറ്റുകയാണെന്ന തരത്തിലുള്ള വാർത്തകൾക്ക് പ്രചാരം നൽകി. ഗുജറാത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആപ്പും ഹാർദിക്കിനെ സമീപിച്ചതായി റിപ്പോട്ടുകളുണ്ട്. ഇതിനിടയിലാണ് രാഹുൽ ഹാർദിക്കുമായി വേദി പങ്കിടുന്നത്.

രാഹുലിന്റെ നേരിട്ടുള്ള തീരുമാനപ്രകാരമാണ് ഹാർദിക്ക് ഗുജറാത്ത് കോൺഗ്രസിൽ എത്തുന്നത്. ഹാർദിക്കിനൊപ്പം ഗുജറാത്ത് കോൺഗ്രസ് പ്രതീക്ഷയോടെ ഉറ്രുനോക്കുന്ന മറ്റൊരു നേതാവാണ് ജിഗ്നേഷ് മെവാനി. എന്നാൽ മെവാനി ഇതുവരെയായും കോൺഗ്രസിൽ ചേരുന്നതിനെ കുറിച്ച് ഒന്നു വിട്ടുപറഞ്ഞിട്ടില്ല. എന്നിരുന്നാലും അടുത്ത ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ജിഗ്നേഷ് മെവാനി കോൺഗ്രസിൽ എത്തുമെന്ന് തന്നെയാണ് സംസ്ഥാന നേതാക്കളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.

Advertisement
Advertisement