ആനവണ്ടിയും ടോപ്പ് ഗിയറിലാവാത്ത മാനേജ്മെന്റും

Wednesday 11 May 2022 12:00 AM IST

കെ.എസ്.ആർ.ടി.സി ബസുകൾ യാഡുകളിലും ഡിപ്പോകളിലും കിടന്ന് നശിക്കുന്ന കാഴ്ച അപൂർവമല്ല. കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ ആക്രിക്ക് തുല്യമായി കൂട്ടിയിടുന്ന പരിതാപകരമായ കാഴ്ച പൊതുസമൂഹം കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള ബസുകൾ ഇത്തരത്തിൽ നശിക്കുമ്പോഴും പലവിധ പരീക്ഷണങ്ങൾ തുടരുകയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. പരീക്ഷണമൊക്കെ നല്ലതു തന്നെ,​ പക്ഷേ കൈയിലിരിക്കുന്ന സ്വത്ത് ആർക്കും ഗുണപ്പെടാതെ നശിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് എങ്ങനെ ഒഴിഞ്ഞുമാറാനാകും?​

സർവീസ് നടത്താനാവാത്തതും മൈലേജില്ലാത്തതുമായ ബസുകൾ കെ.എസ്.ആർ.ടി.സി യഥാസമയം വിൽക്കാതെ റോഡിലും യാർഡിലും വെറുതേയിട്ട് നശിപ്പിച്ച് ആക്രിവിലയ്ക്ക് വിൽക്കുന്നതിനെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. സ്വന്തം വാഹനങ്ങളായിരുന്നെങ്കിൽ ഇതുപോലെ പെരുവഴിയിലിട്ടു തുരുമ്പുപിടിപ്പിച്ച് നശിപ്പിക്കുമോ എന്നും എത്രകാലമായി ബസുകൾ ഇങ്ങനെയിട്ടിരിക്കുന്നുവെന്നും ഉള്ള ചോദ്യത്തിന് കെ.എസ്.ആർ.ടി.സിക്ക് ഉത്തരം നൽകാനായില്ല. സംസ്ഥാനത്തെ വിവിധ യാർഡുകളിലും ഡിപ്പോകളിലുമായി 2000 ലേറെ ബസുകൾ തുരുമ്പെടുത്തു നശിക്കുന്നെന്നാരോപിച്ച് കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. 920 ബസുകൾ കണ്ടം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും 300 ബസുകൾ ഷോപ്പ് ഓൺ വീൽ ആക്കി മാറ്റുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം ഈ ഹർജിയിൽ കെ.എസ്.ആർ.ടി.സി വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണത്തിന്റെ ചുവടുപിടിച്ചാണ് ഡിവിഷൻ ബെഞ്ച് കൂടുതൽ വിമർശനം ഉന്നയിച്ചത്. കെ.എസ്.ആർ.ടി.സിയുടെ നിലപാടിനെ പിന്തുണച്ച സംസ്ഥാന സർക്കാരിനെയും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. കെ.എസ്.ആർ.ടി.സിയെ സ്വന്തം കാലിൽ നിൽക്കാൻ സർക്കാർ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും ബസുകൾ നശിപ്പിക്കുന്നതിനെ പിന്തുണയ്ക്കരുതെന്നും കോടതി പറഞ്ഞു. ആരും ചോദിക്കാനില്ലാത്തതു കൊണ്ടാണ് ബസുകൾ ഇങ്ങനെ റോഡിലും യാർഡിലുമായി ഉപേക്ഷിക്കുന്നതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം പകൽപോലെ സത്യമാണ്.

ഹൈക്കോടതി ഉന്നയിച്ച കുറെ ചോദ്യങ്ങൾ സമൂഹം കാണാതെ പോകരുത്. മേയ് 31 ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇവയ്‌ക്ക് കെ.എസ്.ആർ.ടി.സി മറുപടി പറയുമോ എന്നും കണ്ടറിയണം.

ചോദ്യങ്ങളിതാ

യഥാസമയം വിറ്റിരുന്നെങ്കിൽ ബസിന് പത്തുലക്ഷം രൂപ വീതം ലഭിക്കുമായിരുന്നില്ലേ? ആക്രിയായി വിൽക്കുമ്പോൾ ഒരു ലക്ഷത്തിൽ താഴെയെങ്കിലും ലഭിക്കുമോ? എന്തിനാണ് ബസുകൾ വെറുതേയിട്ടു നശിപ്പിക്കുന്നതും തുരുമ്പു വിലയ്ക്ക് വിൽക്കുന്നതും?, ബസുകൾ ഓപ്പൺ യാർഡിൽ ആരെങ്കിലും ഇങ്ങനെ വെറുതേയിടുമോ?, സ്വന്തം വണ്ടിയാണെങ്കിൽ ഇങ്ങനെ ചെയ്യുമോ?, ബസുകൾ പരിപാലിക്കാൻ ചുമതലയുള്ളവരില്ലേ?, ബസുകൾ നശിക്കുന്നതിന്റെ ഫോട്ടോ സത്യമാണെങ്കിൽ സർക്കാർ എന്തിനാണ് ഇതിനെ ന്യായീകരിക്കുന്നത്?, പൊതുപണമാണെന്ന് ഓർക്കണം.

മെക്കാനിക്കൽ സ്റ്റാഫുകളില്ലേ?, ബസുകൾ ഇങ്ങനെ തുരുമ്പുപിടിപ്പിക്കാൻ അവർക്ക് മനസു വരുമോ?.

ബസുകൾ കാടു പിടിച്ചു നശിക്കുന്നു. പരിപാലിക്കേണ്ടവരൊക്കെ എവിടെ ?. അവർക്കും ശമ്പളം കൊടുക്കുന്നില്ലേ ? കൊവിഡിന്റെ പേരിൽ ശമ്പളം കുറച്ചിരുന്നില്ലല്ലോ?, എന്നിട്ടും സമരം ചെയ്യുന്നു. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ചുനോക്കൂ ?, വോൾവോ ബസൊക്കെ ഷോപ്പ് ഓൺ വീൽ പദ്ധതിക്കു നൽകിയാൽ എങ്ങനെ മുതലാകും? ഈ ബസുകൾ എത്രകാലമായി കട്ടപ്പുറത്താണ് ? കെ.എസ്.ആർ.ടി.സി എന്തുകൊണ്ടാണ് സ്വത്തുവകകൾ പരിപാലിക്കാത്തത് ?

ദിശതെറ്റിയിട്ട് കാലമേറെ

കെ.എസ്.ആർ.ടി.സിയുടെ കാര്യക്ഷമതയും ദിശാബോധവും തെറ്റിയിട്ട് കാലം കുറെയായി. മോട്ടോർ വാഹനനിയമ പ്രകാരം 20 വർഷം വരെ ബസുകൾക്ക് നിരത്തിൽ സർവീസ് നടത്താൻ കഴിയും. 15 വർഷത്തിനു ശേഷം ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്ന് മാത്രം. എന്നാൽ, ഈ കാലാവധിക്ക് മുമ്പേ കെ.എസ്.ആർ.ടി.സിയിൽ ബസുകൾ ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇന്ധനക്ഷമത കുറവാണെന്ന പേരിൽ പത്തിൽ താഴെ വർഷം പഴക്കമുള്ള നൂറുക്കണക്കിന് ജനറം എ.സി, നോൺ എ.സി. ബസുകളാണ് കട്ടപ്പുറത്തുള്ളത്. ഇവയൊക്കെ ആക്രിയുടെ രൂപത്തിലേക്ക് മാറുന്നതിന് മുമ്പേ ലേലം ചെയ്‌തുകൂടേയെന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. പൊളിച്ചു വിൽക്കാൻ വേണ്ടി മാത്രം മാനേജ്മെന്റ് കാത്തിരിക്കുന്ന പ്രതീതിയാണ് പലപ്പോഴും ഈ വിഷയത്തിലുള്ളത്. ബസുകൾ കേടാകുമ്പോൾ കട്ടപ്പുറത്തു വയ്‌ക്കും. സ്‌പെയർപാട്സ് വാങ്ങാൻ പണമില്ലെന്ന പേരിലായിരിക്കും ഇത്.

വർഷങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ബസുകൾ പിന്നീട് ആക്രിയായി പൊളിച്ചുവിൽക്കുന്നതാണ് രീതി. ഈ പോക്കിന് അന്ത്യമുണ്ടാകണം. ശാശ്വത പരിഹാരത്തിന് മാനേജ്മെന്റ് കാര്യക്ഷമമായ നടപടികൾ കൈക്കാെള്ളുകയാണ് വേണ്ടത്. ആക്രി വിൽപ്പനയിൽ കണ്ണുംനട്ടിരിക്കാതെ സുഗമമായി എങ്ങനെ ബസ് ഓടിക്കാമെന്നാണ് ചിന്തിക്കേണ്ടത്. എൻജിനിയറിംഗ് - മെക്കാനിക്ക് വിഭാഗങ്ങളുള്ളപ്പോൾ ബസുകൾ എങ്ങനെ നശിക്കുന്നു എന്നതും ഗൗരവമായി കാണണം.

കാലാവധി കഴിയാത്ത ബസുകൾ ലേലത്തിൽ വാങ്ങാൻ ആളുകളുണ്ടാകും. അതിനുള്ള സാഹര്യമാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഒരുക്കേണ്ടത്. കേന്ദ്രസർക്കാർ പദ്ധതിയിലൂടെ ലഭിച്ച ജനറം ലോ ഫ്ളോർ ബസുകൾ ഇത്തരത്തിൽ ലേലം ചെയ്‌തിരുന്നെങ്കിൽ നശിക്കില്ലായിരുന്നു. ഇത്തരത്തിൽ ചിന്തിക്കാൻ കഴിവില്ലാത്തവരാണ് മാനേജ്മെന്റിലുള്ളതെന്ന് കരുതാനാവില്ല. ഗുണകരമായ തീരുമാനങ്ങളും കാര്യക്ഷമമായ മാനേജ്മെന്റ് വൈദഗ്ദ്ധ്യവുമാണ് വരേണ്ടത്.

ശമ്പളവും പെൻഷനും എന്ന് നൽകുമെന്ന് പാേലും പറയാനാവാത്ത സ്ഥിതിയാണ് കെ.എസ്.ആർ.ടി.സിയുടേത്. സർക്കാർ വർഷത്തിൽ കോടിക്കണക്കിന് രൂപയാണ് കെ.എസ്.ആർ.സി.യുടെ ഉയർത്തെഴുന്നേൽപ്പിനായി നൽകുന്നത്. എന്നാൽ, ദിവസേന കോടിക്കണക്കിന് രൂപയുടെ കണക്കെണിയിലേക്കാണ് സ്ഥാപനം കൂപ്പുകുത്തുന്നത്. ഈ ചുഴിയിൽനിന്ന് കരകയറണമെങ്കിൽ തൊഴിലാളികളുടെ മനോഭാവത്തിലും മാറ്റം വരണം. അവകാശങ്ങൾ നേടിയെടുക്കാൻ സമരങ്ങൾ വേണമെങ്കിലും നഷ്‌ടത്തിലോടുന്ന സ്ഥാപനത്തിൽ അടിക്കടിയുണ്ടാകുന്ന പണിമുടക്ക് നല്ല പ്രവണതയല്ല. സാമ്പത്തികനില ഭദ്രമാക്കാൻ തൊഴിലാളികളും ഒറ്റക്കെട്ടായി മാനേജ്മെന്റിനൊപ്പം നിൽക്കണം. പൊതുഗതാഗതം ശക്തമാക്കേണ്ട ഇക്കാലത്ത് കെ.എസ്.ആർ.ടി.സി നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പാേംവഴികൾ കണ്ടെത്തി ശക്തമായ അടിത്തറയൊരുക്കണം. യാത്രക്കാർ സ്‌നേഹത്തോടെ വിളിക്കുന്ന ആനവണ്ടി ഇനിയും തലയെടുപ്പോടെ ഓടണം.

Advertisement
Advertisement