കാർഗോ നീക്കത്തിലെ കുരുക്കഴിയാൻ വഴിയൊരുങ്ങുന്നു കാർഗോ കോംപ്ലക്‌സിന് എൻ.ഒ.സിയുമായി അദാനി

Wednesday 11 May 2022 3:27 AM IST

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള കാർഗോ നീക്കം തടസപ്പെടാതിരിക്കാൻ ചാക്കയിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സിന് എൻ.ഒ.സി നൽകാമെന്ന് അദാനി ഗ്രൂപ്പ് രേഖാമൂലം സർക്കാരിനെയും കാർഗോ കോംപ്ലക്‌സ് നടത്തിപ്പുകാരായ വ്യവസായ വകുപ്പിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനെയും അറിയിച്ചു. ചീഫ് എയർപോർട്ട് ഓഫീസർ പ്രഭാത് മഹാപാത്ര ഇക്കാര്യമറിയിച്ച് സർക്കാരിന് കത്തുനൽകി.

വ്യോമയാന മന്ത്രാലയത്തിന്റെ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയ പിഴവുകളെല്ലാം പരിഹരിച്ച് കാർഗോ പരിശോധനയ്‌ക്ക് സൗകര്യമൊരുക്കണമെന്ന ഉപാധിയോടെയാണ് എൻ.ഒ.സി നൽകുക. തിരുവനന്തപുരത്ത് കാർഗോ ബിസിനസിൽ താത്പര്യമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പരിശോധനയ്‌ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കാർഗോ നീക്കം 14 മുതൽ തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി 'കേരളകൗമുദി' ഇന്നലെ വാർത്ത നൽകിയിരുന്നു.

വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തതോടെ ചാക്കയിലെ ടെർമിനൽ പ്രവർത്തിപ്പിക്കാൻ എൻ.ഒ.സി നൽകുന്നില്ലെന്നായിരുന്നു കെ.എസ്.ഐ.ഇയുടെ ആരോപണം. നിലവാരമുള്ള എക്‌സ്‌റേ സ്‌കാനറുകൾ, സ്‌ഫോടകവസ്‌തു പരിശോധനാ സംവിധാനം എന്നിവ സജ്ജമാക്കണമെന്ന വ്യവസ്ഥയോടെയാണ് എൻ.ഒ.സി നൽകുക. എയർലൈൻ കമ്പനികൾ സാക്ഷ്യപ്പെടുത്തുന്ന സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കോഴ്സുകൾ വിജയിച്ച 18 സ്ക്രീനേഴ്സിനെ കാർഗോ പരിശോധനയ്‌ക്ക് നിയമിക്കുകയും വേണം. മതിയായ സുരക്ഷാസൗകര്യമൊരുക്കാതെ എൻ.ഒ.സി നൽകിയാൽ തങ്ങൾ പ്രതിക്കൂട്ടിലാകുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

2015 മുതൽ പലവട്ടം കേന്ദ്രം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാർഗോ നീക്കം തടയുമെന്ന് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അനിൽ ഗാർഗ് കെ.എസ്.ഐ.ഇ എം.ഡിക്ക് കത്തയച്ചത്. സർക്കാർ കമ്പനിയാണെങ്കിലും കാർഗോ നീക്കത്തിന് റഗുലേറ്റഡ് ഏജന്റ് പദവി (ആർ.എ സ്റ്റാറ്റസ്) നിർബന്ധമാണ്. സുരക്ഷാസംവിധാനങ്ങളൊരുക്കാതെ ഈ പദവി ലഭിക്കില്ല. കരിപ്പൂർ വിമാനത്താവളത്തിലെ കെ.എസ്.ഐ.ഇയുടെ കാർഗോ കോംപ്ലക്‌സിലൂടെയുള്ള കാർഗോ നീക്കവും 14 മുതൽ തടയുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിയമനങ്ങൾ വേണ്ടിവരും

 കാർഗോ കോംപ്ലക്‌സിൽ ചീഫ് സെക്യൂരിറ്റി ഓഫീസറില്ലാത്തത് കേന്ദ്രം പിഴവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പകരം രണ്ട് ഫയർ ആൻ‌ഡ് സേഫ്‌റ്റി ഓഫീസറാണുള്ളത്. വ്യോമസേനയിൽ നിന്ന് വിരമിച്ച ഇവരുടെ ത‌സ്‌തികമാറ്റി ചീഫ് സെക്യൂരിറ്റി ഓഫീസറാക്കേണ്ടിവരും.

വിമാനക്കമ്പനികൾ സാക്ഷ്യപ്പെടുത്തുന്ന 18 സ്ക്രീനേഴ്സിനെ പരിശോധനയ്‌ക്ക് നിയമിക്കണം. ഇവർക്ക് 55,000രൂപയെങ്കിലും ശമ്പളം നൽകണം. വരുമാനം കുറവാണെന്നതാണ് വെല്ലുവിളി.

ചേംബർ കത്തുനൽകി

കാർഗോ നീക്കം തടസപ്പെടാതിരിക്കാൻ ഇടപെടണമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ‌യ്‌ക്കും മുഖ്യമന്ത്രി പിണറായി വിജയനും അദാനി ഗ്രൂപ്പിനും ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് കത്തുനൽകി. സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ കെ.എസ്.ഐ.ഇയ്‌ക്ക് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടതായി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ പൂർണമായി പാലിച്ച് കാർഗോ

പരിശോധനാ സൗകര്യമൊരുക്കണം. എൻ.ഒ.സി നൽകുന്നതിന് തടസമില്ല '

അദാനിഗ്രൂപ്പ്

Advertisement
Advertisement