അന്ന് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായി... ഇന്ന് മെറ്റ് ഗാലയിൽ താരമായി ഇന്ത്യൻ മഹാരാജാവിന്റെ നെക്‌ലസ്

Wednesday 11 May 2022 3:55 AM IST

ലോസ്ആഞ്ചലസ് : സൂപ്പർ മോഡലുകളും സിനിമാ താരങ്ങളും കഴിഞ്ഞാഴ്ചയാണ് ഫാഷൻ ലോകത്തെ മാമാങ്കമായ മെറ്റ് ഗാല വേദിയിൽ തിളങ്ങിയത്. പലരുടെയും സ്റ്റൈലിഷ് ലുക്ക് ലോക ശ്രദ്ധനേടി. എന്നാലിപ്പോൾ എല്ലാരും ചർച്ച ചെയ്യുന്നത് പ്രശസ്ത അമേരിക്കൻ യൂട്യൂബ് താരമായ എമ്മ ചേംബർലെയ്‌നെ പറ്റിയാണ്. ലൂയി വീറ്റൺ ഒരുക്കിയ വസ്ത്രം ധരിച്ച് മെറ്റ് ഗാല റെഡ് കാർപറ്റിൽ അരങ്ങേറ്റം കുറിച്ച എമ്മ വാർത്തകളിൽ ഇടംനേടിയത് ഒരു ഇന്ത്യൻ നെക്‌ലസിലൂടെയാണ്.

പാട്യാലയിലെ മഹാരാജാവ് ആയിരുന്ന ഭൂപീന്ദർ സിംഗിന്റെ അതിവിശിഷ്ടമായ ഡയമണ്ട് നെക്‌ലസാണ് എമ്മ ധരിച്ചത്. ഈ നെക്‌ലസും ഡയമണ്ട് ടിയാരയും കമ്മലുമൊക്കെ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്‌ത ആഡംബര ആഭരണ,​ വാച്ച് നിർമ്മാതാക്കളായ കാർട്ടിയെ ആണ് എമ്മയ്ക്ക് നൽകിയത്. കാർട്ടിയെയുടെ ബ്രാൻഡ് അംബാസഡറാണ് എമ്മ.

പാട്യാല നെക്‌ലസിന്റെ കഥ

ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തിപ്പെട്ട കോഹിനൂർ രത്നം പോലെ പ്രശസ്തമാണ് 'പാട്യാല നെക്‌ലസ് ". 1928ൽ കാർട്ടിയെ ആണ് പാട്യാലയിലെ മഹാരാജാവ് ഭൂപീന്ദർ സിംഗിനു ഈ നെക്‌ലസ് നിർമ്മിച്ച് നൽകിയത്. കാർട്ടിയെ അതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപ്പിടിപ്പുള്ളതും വിശിഷ്‌ടവുമായ ആഭരണങ്ങളിൽ ഒന്നായിരുന്നു 'പാട്യാല നെക്‌ലസ്'.

ഏകദേശം 125 മില്ല്യൺ ഡോളർ മൂല്യമുണ്ടായിരുന്ന പാട്യാല നെക്‌ലസ് 2,930 വജ്രക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചത്. പാട്യാല നെക്‌ലസിന് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. നെക്‌ലസിന്റെ മദ്ധ്യഭാഗത്ത് പതിപ്പിച്ചിരുന്നത് അന്ന് ഉണ്ടായിരുന്നതിൽ വച്ച് ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ഡയമണ്ട് ആയിരുന്ന 'ഡി ബിയേഴ്സ് ' ആയിരുന്നു.

ഏതാണ്ട് മൂന്ന് വർഷം കൊണ്ട് പണിതെടുത്ത പാട്യാല നെക്‌ലസിൽ 234.65 കാരറ്റ് ഭാരമുണ്ടായിരുന്ന ഡി ബിയേഴ്സിനെ കൂടാതെ 18 മുതൽ 73 കാരറ്റ് വരെയുള്ള വലിയ ഡയമണ്ടുകളും ബർമീസ് മാണിക്യക്കല്ലുകളും ഉണ്ടായിരുന്നു.

എന്നാൽ, 1948ൽ പാട്യാല റോയൽ ട്രഷറിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ നെക്‌ലസ് കാണാതായി. വർഷങ്ങൾക്ക് ശേഷം 1998ൽ നെക്‌ലസിന്റെ ഒരു ഭാഗം ലണ്ടനിലെ ജ്വല്ലറി ഷോപ്പിൽ കാർട്ടിയെ കമ്പനി ജീവനക്കാരനായിരുന്ന എറിക് നസ്ബോം കണ്ടെത്തിയെങ്കിലും നെക്‌ലസിന്റെ മദ്ധ്യത്തുണ്ടായിരുന്ന ഡി ബിയേഴ്സ് ഡയമണ്ടുൾപ്പെടെയുള്ള അമൂല്യ വജ്രക്കല്ലുകളും മാണിക്യകല്ലുകളും അപ്രത്യക്ഷമായിരുന്നു. ഒടുവിൽ നാല് വർഷത്തിന് ശേഷം സിന്തറ്റിക് ഡയമണ്ടുകൾ ഉപയോഗിച്ച് പാട്യാല നെക്‌ലസിന്റെ ഒരു പകർപ്പ് കാർട്ടിയെ നിർമ്മിക്കുകയായിരുന്നു.

Advertisement
Advertisement