സുനന്ദാ പുഷ്കർ കാശ്‌മീരി ഹിന്ദുവായിരുന്നില്ലേ? കാശ്‌മീർ ഫയൽസിൽ പോരടിച്ച് തരൂരും അഗ്നിഹോത്രിയും, സംവിധായകന് പിന്തുണയുമായി അനുപം ഖേറും

Wednesday 11 May 2022 11:39 AM IST

ന്യൂ‍ഡൽഹി: രാജ്യമൊട്ടാകെ ചർച്ചയായ ദി കാശ്മീർ ഫയൽസിന്റെ പേരിൽ പോരടിച്ച് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും കോൺഗ്രസ് എം.പി ശശി തരൂരും. ചിത്രം സിംഗപ്പൂരിൽ നിരോധിച്ചതിന് പിന്നാലെയൊണ് ഇരുവരും തമ്മിൽ ട്വിറ്ററിലൂടെ തമ്മിലടിച്ചത്. പിന്നാലെ നടൻ അനുപം ഖേറും തർക്കത്തിന്റെ ഭാഗമായി.

‘ഇന്ത്യയിലെ ഭരണകക്ഷി കൊട്ടിഘോഷിക്കുന്ന സിനിമ, കാശ്മീർ ഫയൽസ്, സിംഗപ്പൂരിൽ നിരോധിച്ചു’ എന്ന കുറിപ്പിനൊപ്പം തരൂർ പങ്ക് വച്ച പോസ്റ്റാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തരൂരിന്റെ ട്വീറ്റിന് മറുപടിയുമായി ‘ലോകത്തെ ഏറ്റവും പിന്തിരിപ്പൻ സെൻസർ’ എന്ന് അഗ്നിഹോത്രി കുറിച്ചു.

തരൂരിന്റെ പരേതയായ ഭാര്യ സുനന്ദ പുഷ്‌‌കറിനെക്കുറിച്ചും അഗ്നിഹോത്രി പരാമർശിച്ചു. ഇത് ശശി തരൂരിനെ ചൊടിപ്പിച്ചു. ‘സുനന്ദാ പുഷ്കർ കാശ്മീരി ഹിന്ദുവായിരുന്നില്ലേ എന്നാണ് അഗ്നിഹോത്രി ചോദിച്ചത്. ആണെങ്കിൽ ഹിന്ദു പാരമ്പര്യപ്രകാരം മരിച്ചവരെ ആദരിക്കണം. നിങ്ങളുടെ ട്വീറ്റ് നീക്കം ചെയ്ത് അവരുടെ ആത്മാവിനോട്‌ മാപ്പുപറയണം എന്നും അഗ്നിഹോത്രി കുറിച്ചു. ദയവായി കാശ്മീരി ഹിന്ദു വംശഹത്യയെ കളിയാക്കുന്നത് നിർത്തൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​​​​​​സുനന്ദാ പുഷ്‌കറും ഒരു കാശ്മീരി ഹിന്ദുവാണെന്ന് ഒരു യൂസർ അറിയിച്ചതിനെ തുടർന്നാണ് സംവിധായകൻ തരൂരിനോട് മുൻ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ഭാര്യയുടെ ആത്മാവിനോട് മാപ്പ് പറയാനും ആവശ്യപ്പെട്ടത്. പരേതയായ ഭാര്യയെ വിഷയത്തിലേക്ക് വലിച്ചിഴച്ചത് ‘അനാവശ്യവും നിന്ദ്യവുമാണെന്ന്‘ തരൂർ പ്രതികരിച്ചു.

സംവിധായകന് പിന്തുണയുമായി സിനിമയിലെ നായകൻ അനുപം ഖേറും എത്തിയതോടെ തർക്കം രൂക്ഷമായി. കാശ്മീരി ഹിന്ദുക്കൾ നേരിട്ട വംശഹത്യയോടുള്ള താങ്കളുടെ അനുകമ്പയില്ലായ്‌മ ദുരന്തമാണെന്ന് നടൻ പ്രതികരിച്ചു. വെെകാതെ ഇരുവർക്കുമുള്ള മറുപടിയുമായി തരൂർ രംഗത്തെത്തി.

ഒരു ഘട്ടത്തിലും താൻ കാശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകളെ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ലെന്ന് തരൂർ പറഞ്ഞു. അവരുടെ ദുരവസ്ഥയെക്കുറിച്ച് തനിക്ക് അടുത്തറിയാമെന്നും ആധികാരികമായ വാർത്ത പങ്കുവച്ചതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

90 കളിൽ,​ കാശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് സംസാരിക്കുന്ന കാശ്മീർ ഫയൽസ് രാജ്യത്തിന്റെ മാനദണ്ഡങ്ങൾക്ക്‌ നിരക്കുന്നതല്ല എന്നുപറഞ്ഞാണ് സിംഗപ്പൂർ ചിത്രം നിരോധിച്ചത്. സിനിമയുടെ പ്രകോപനപരമായ ഉള്ളടക്കവും മുസ്‌ലീങ്ങളെ ചിത്രീകരിക്കുന്ന രീതിയുമൊക്കെയാണ് നിരോധനത്തിന് പിന്നിലെ കാരണമായി സിംഗപ്പൂർ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ പ്രശംസിച്ച് രംഗത്തുവന്ന 'ദി കാശ്മീർ ഫയൽസ്' ഇതുവരെ ബോക്‌സ് ഓഫീസിൽ നിന്ന് 350 കോടിയിലധികം രൂപയാണ് നേടിയത്.