അദ്ധ്യാപകനായിരിക്കെ അറുപതോളം വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു; മലപ്പുറം നഗരസഭാ സിപിഎം കൗൺസിലറിനെതിരെ പരാതി, പിന്നാലെ രാജി

Wednesday 11 May 2022 3:35 PM IST

മലപ്പുറം: മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാറിനെതിരെ പീഡന പരാതി. ശശികുമാര്‍ അദ്ധ്യാപകനായിരുന്ന ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. ആരോപണത്തിന് പിന്നാലെ ഇദ്ദേഹം നഗരസഭാ അംഗത്വം രാജിവച്ചു.

അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിൽ നിന്നും വിരമിച്ചതിന് പിന്നാലെ അദ്ധ്യാപകജീവിതവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു.

ഇതിന് താഴെയാണ് ആദ്യത്തെ ആരോപണം വരുന്നത്. പരാതിയും ആരോപണവും ഉയർന്ന സമയത്ത് ശശികുമാർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും പറയുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്.

അറുപതോളം വിദ്യാർത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ പറയുന്നത്. 2019ൽ സ്കൂൾ അധികൃതരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികൾ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു.