പാഠപുസ്‌തകമെത്തി, ഇനി കൈനീട്ടി വാങ്ങാം

Thursday 12 May 2022 12:24 AM IST

ആലപ്പുഴ: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന് ജില്ലയിൽ തുടക്കമായി. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ (കെ.ബി.പി.എസ്) ആഭിമുഖ്യത്തിൽ അച്ചടി പൂർത്തിയാക്കിയ പുസ്തകങ്ങൾ ജില്ലാ ഹബ്ബായ ഗവ ഗേൾസ് ഹൈസ്ക്കൂളിലാണ് എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയിലെ 240 സൊസൈറ്റികളിലേക്ക് കുടുംബശ്രീ പ്രവർത്തകർ പുസ്തകങ്ങൾ എത്തിക്കുന്നത്. 48 ശതമാനം സൊസൈറ്റികളിലും പുസ്തകങ്ങൾ എത്തിച്ചുകഴിഞ്ഞതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ശേഷിക്കുന്ന സൊസൈറ്റികളിൽ കൂടി പൂർത്തിയാകുന്ന മുറയ്ക്ക് 772 സ്കൂളുകളിൽ നിന്നും നേരിട്ടുള്ള പുസ്തകവിതരണം ആരംഭിക്കും. ഒന്നാം വാല്യം പുസ്തകങ്ങളാണ് തുടക്കത്തിൽ എത്തിക്കുന്നത്. പുസ്തകങ്ങൾ ഹബിൽ നിന്ന് സ്കൂൾ സൊസൈറ്റികളിലേക്ക് കൊണ്ടുപോകുമ്പോൾ എ.ഇ.ഒ ഓഫീസിലെയും ഡെപ്യുട്ടി ഡയറക്ടർ ഓഫീസിലെയും ഓരോ ജീവനക്കാർക്കാണ് ചുമതല. രണ്ടാം വാല്യം പുസ്തകങ്ങൾ ഓണത്തിന് മുമ്പും മൂന്നാം വാല്യം ഒക്ടോബറോടെയും വിതരണം ചെയ്യും.

പുസ്തകഭാരം കുറയും വാട്ടർ ബോട്ടി​ൽ ഭാരം കൂടും

പാഠ പുസ്തകങ്ങൾ സെമസ്റ്റർ തിരിച്ച് അച്ചടിച്ച് ലഭ്യമാക്കുന്നത് കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം തോളിലേന്തുന്ന പുസ്തകങ്ങളുടെ ആകെ ഭാരം. സെമസ്റ്റർ അടിസ്ഥാനമാകുമ്പോൾ ചുമക്കുന്ന ഭാരത്തിലും അനുസൃതമായ കുറവ് പ്രകടമാകും. പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്ക് വിലക്ക് വീണതോടെ, കനപ്പെട്ട സ്റ്റീൽ ബോട്ടിലുകളിൽ വെള്ളവുമായി പോകുന്നത് ഭാരം വർദ്ധിക്കാൻ കാരണമാകുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ശുദ്ധമായ കുടിവെള്ളം സ്കൂളുകളിൽ തന്നെ ലഭിക്കുന്ന സൗകര്യമൊരുങ്ങിയാൽ അത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഉപകാരപ്പെടും.

വരും ഇ ടെക്സ്റ്റ് കാലം

ക്ലാസ് മുറികൾ ഡിജിറ്റലൈസ് ആയിത്തുടങ്ങിയതോടെ പുസ്തകങ്ങളും ഡിജിറ്റലൈസ് ആകുന്ന കാലം വിദൂരമല്ല. ഇത്തരത്തിൽ സംവിധാനങ്ങൾ നിലവിൽ വന്നാൽ ക്ലാസിലേക്ക് പുസ്തകം കൊണ്ടുപോകുന്ന രീതിക്ക് തന്നെ മാറ്റം വന്നേക്കും. പാഠപുസ്തകത്തിൽ വിശദമാക്കുന്ന കാര്യങ്ങൾ മനസിൽ കാണുന്നതിന് പകരം കൺമുന്നിലെ സക്രീനിൽ കാണാവുന്ന തരത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം മാറിക്കഴിഞ്ഞു. സ്മാർട് ക്ലാസ് റൂമുകളിൽ ലാപ്‌ടോപ്, സ്‌ക്രീൻ പ്രോജക്ടർ എന്നിവയുടെ സഹായത്തോടെയാണ് അദ്ധ്യാപകർ പഠിപ്പിക്കുന്നത്. ഹോം വർക്കുകളും ക്ലാസിൽ വച്ച് തന്നെ ചെയ്തു തീർക്കാവുന്ന തരത്തിൽ ക്ലാസുകൾ ക്രമീകരിച്ചാൽ അത് പഠനത്തെ കൂടുതൽ ലളിതവും രസകരവുമാക്കുമെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവർ പറയുന്നു.

വിഷ്വൽ ലൈബ്രറി വരണം

പാഠ്യഭാഗങ്ങൾക്ക് യോജിച്ച വീഡിയോകൾ സ്വയം തി​രഞ്ഞെടുത്ത് കുട്ടികളെ കാണിക്കാനുള്ള സ്വാതന്ത്ര്യം അദ്ധ്യാപകർക്കുണ്ട്. എന്നാൽ പലപ്പോഴും മികച്ച വീഡിയോകൾ ലഭിക്കാൻ പ്രയാസം നേരിടുന്നതായി അദ്ധ്യാപകർ പറയുന്നു. കുട്ടികളെ കാണിക്കേണ്ട നിശ്ചല ചിത്രങ്ങളും, വീഡിയോകളും അദ്ധ്യാപകരടങ്ങുന്ന സ്‌ക്രീനിംഗ് കമ്മിറ്റി കണ്ട് ബോദ്ധ്യപ്പെട്ട് അംഗീകരിച്ച ശേഷം മാത്രം പ്രദർശിപ്പിക്കുന്നത് രക്ഷിതാക്കളിൽ നിന്ന് പരാതികൾ ഉയരുന്നത് ഒഴിവാക്കാൻ സഹായകമാകും.

...........................................

ജില്ലയിൽ 45 ശതമാനം സ്കൂൾ സൊസൈറ്റികളിലും പുസ്തകങ്ങൾ എത്തിച്ചു കഴിഞ്ഞു. ശേഷിക്കുന്നിടങ്ങളിൽ ഉടൻ പൂർത്തിയാകും. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയാണ് പുസ്തകങ്ങൾ എത്തിക്കുന്നത്

എ.കെ.പ്രസന്നൻ, ജില്ലാ കോ ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Advertisement
Advertisement