വെറുതെ പേടിപ്പിച്ചു! കണ്ണുതുറന്നി​ട്ടി​ല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ

Thursday 12 May 2022 12:26 AM IST

ആലപ്പുഴ: നാടാകെ ഇന്റലിജൻസ് കാമറകൾ സ്ഥാപിച്ചതോടെ വാഹന യാത്രക്കാർ അതീവ ജാഗ്രതയിലാണ്. നിയമ ലംഘനം നടത്തിയവരാവട്ടെ, പിഴ ചുമത്തിയുള്ള നോട്ടീസ് ഇന്ന് വരും, നാളെ വരും എന്നോർത്ത് ആകെ അങ്കലാപ്പി​ലുമാണ്. എന്നാൽ അതേ കാമറകൾ ഇന്നോളം പ്രവർത്തനം തുടങ്ങി​യി​​ട്ടി​ല്ലെന്നറി​യുമ്പോഴാണ് പലരും ആശ്വസി​ക്കുന്നത്.

കാമറകളും പരിവാഹൻ സൈറ്റും സംയോജിപ്പിക്കുന്നതിലെ കാലതാമസമാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസമായതെന്നാണ് അറി​യുന്നത്. കഴിഞ്ഞ മാസം പ്രവർത്തനമാരംഭിക്കുമെന്ന മുന്നറിയിപ്പോടെയാണ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഇ.ഐ കാമറകൾ സ്ഥാപിച്ചത്. വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം, സർക്കാർ ഖജനാവിലേക്ക് പണം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്, സീറ്റ് ബെൽറ്റിടാതെയുള്ള കാർയാത്ര, അമിതവേഗം തുടങ്ങിയവയ്ക്കെല്ലാം പിടിവീഴും. ഇൻഷുറൻസ്, ടാക്സ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ ഭാവിയിൽ ഉൾപ്പെടുത്താവുന്ന രീതിയിലാണ് ഘടന. റോഡ് ലൈൻ മാറിപ്പോകുന്നതും കാൽനടക്കാരുടെ ക്രോസിംഗി​ൽ വണ്ടി നിർത്തുന്നതുമെല്ലാം പിടികൂടും. കൃത്യമായ പഠനം നടത്തി അപകടസാദ്ധ്യതമേഖല കണ്ടെത്തിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പകൽ സമയത്തേത് പോലെ തന്നെ രാത്രി ദൃശ്യങ്ങളും തെളിമയോടെ പകർത്താനാകും. പിഴത്തുക ഓൺലൈനായും അക്ഷയ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിലടയ്ക്കേണ്ടി വരും.

ജില്ലയിലെ ഇന്റലിജൻസ് കാമറകൾ
മുക്കട കവല, കായംകുളം ഗവ ആശുപത്രി റോഡ്, ചാരുംമൂട്, പുല്ലുകുളങ്ങര, കറ്റാനം, കുറ്റിത്തെരുവ് കവല, മുതുകുളം ഗവ സ്‌കൂൾ കവല, മാങ്കാംകുഴി, തട്ടാരമ്പലം, ചൂണ്ടുപലക കവല മുട്ടം, കൊല്ലകടവ്, മൈക്കിൾ കവല, തൃക്കുന്നപ്പുഴ, ഐക്യ കവല, മാധവ കവല, മുളക്കുഴ, നങ്ങ്യാർകുളങ്ങര (തൃക്കുന്നപ്പുഴ റോഡ്), മാർക്കറ്റ് കവല കച്ചേരി കവല, വീയപുരം, മാന്നാർ, കല്ലിശേരി, എടത്വ, തോട്ടപ്പള്ളി, അമ്പലപ്പുഴ (എടത്വ റോഡ്) , വളഞ്ഞവഴി (എസ്.എൻ കവല), കൈചൂണ്ടി, കൈതവന, വലിയകുളം കവല, സക്കറിയ ബസാർ, പവർഹൗസ് പാലം, ജില്ലാക്കോടതി, വലിയചുടുകാട്, ഇരുമ്പുപാലം, മുഹമ്മ, തണ്ണീർമുക്കം ബണ്ട്, ചേർത്തല കോടതിക്കവല, കാട്ടൂർ, ശക്തീശ്വരം കവല, തുറവൂർ ടി.ഡി കവല, തൈക്കാട്ടുശേരി ഫെറി, അരൂക്കുറ്റിപ്പാലം

....................................

പരിവാഹൻ സൈറ്റുമായി ഇന്റലിജൻസ് കാമറകൾ ബന്ധിപ്പിക്കുന്നതിലെ കാലതാമസത്താലാണ് പ്രവർത്തനം തുടങ്ങാൻ വൈകുന്നത്. സാങ്കേതിക പ്രശ്നങ്ങൾ മാറുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കും.

സജി പ്രസാദ്, ആർ.ടി.ഒ

Advertisement
Advertisement