പൊലീസ് ഒരുക്കിയത് 'ഡിജിറ്റൽ പൂരം'

Thursday 12 May 2022 2:08 AM IST

തൃശൂർ: പത്ത് ലക്ഷത്തിലേറെ പേർ പങ്കെടുത്തുവെന്ന് അനുമാനിക്കുന്ന ഇത്തവണത്തെ തൃശൂർ പൂരം സുരക്ഷയ്ക്ക് പൊലീസ് പരമാവധി പ്രയോജനപ്പെടുത്തിയത് ഡിജിറ്റൽ സാങ്കേതികവിദ്യ. സംസ്ഥാനത്ത് ആദ്യമായാണ് ഇന്റർനെറ്റ്, അനിമേഷൻ വീഡിയോകൾ, ഓട്ടോമാറ്റിക് വാട്‌സ് ആപ് മെസേജിംഗ്, എസ്.എം.എസ് എന്നിവ സുരക്ഷാക്രമീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്. ശബരിമല, ആറ്റുകാൽ തുടങ്ങി വൻ ജനത്തിരക്കുള്ള ഉത്സവങ്ങളിൽ ഈ മാതൃക പിന്തുടരാം. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിൽ പി.ആർ.ഒ വിഭാഗമാണ് ഡിജിറ്റലൈസേഷന് പിന്നിൽ. കൊവിഡിന് ശേഷമുള്ള പൂരമായതിനാൽ വൻ ജനത്തിരക്ക് പ്രതീക്ഷിച്ചിരുന്നു. പൂരത്തലേന്ന് പൊലീസുകാർക്കുള്ള ക്‌ളാസിൽ വീഡിയോകൾ പ്രദർശിപ്പിച്ചു. ഇതര ജില്ലക്കാരായ പൊലീസുകാർക്ക് പൂരത്തിനെയും തൃശൂരിനെയും പറ്റി എളുപ്പം മനസിലാക്കാനായി. 4,011 പൊലീസുകാരിൽ 3,000 പേരും ഇതര ജില്ലക്കാരായിരുന്നു. ഒരു ദിവസം ക്‌ളാസെടുത്താലും സംശയം തീരാത്ത സ്ഥിതി ഇത്തവണ ഉണ്ടായില്ല.

പത്ത് യു ട്യൂബ് വീഡിയോകൾ

പൂരത്തിന്റെ ഘടന, തൃശൂരിന്റെ ഭൂമിശാസ്ത്രം, ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ, റിപ്പോർട്ടിംഗ് സമയം, സ്ഥലം, മേലുദ്യോഗസ്ഥരുടെ വിവരം, സോണുകളും സെക്ടറുകളും തിരിച്ചുള്ള സുരക്ഷ എന്നിവയെ പറ്റിയായിരുന്നു വീഡിയോകൾ. പൂരം ചടങ്ങുകൾ, ഡ്യൂട്ടി ഘടന, സാമ്പിൾ വെടിക്കെട്ട്, ആനച്ചമയ പ്രദർശനം, ഘടകപൂരങ്ങൾ, തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട്, പകൽപ്പൂരം, ഉപചാരം ചൊല്ലി പിരിയൽ തുടങ്ങിവയും ഉൾപ്പെടുത്തി.

14,000 സന്ദേശങ്ങൾ

വയർലെസ്, ഫോൺ കാൾ തുടങ്ങിയ പതിവ് രീതികൾക്കു പുറമെ എസ്.എം.എസ് ആയി 4,000, വാട്‌സ് ആപ്പിലൂടെ ഓട്ടോമാറ്റിക്ക് ആയി 10,000 ജാഗ്രതാ നിർദ്ദേശം നൽകി. പൊലീസുകാരുടെ വ്യക്തിപരവും ഔദ്യോഗികവുമായ പ്രശ്‌നങ്ങൾക്ക് പൊലീസ് സഹായകേന്ദ്രത്തിലേക്ക് വന്ന വിളികൾ 12,000.

Advertisement
Advertisement