അപകടം പതുങ്ങുന്ന കാണാക്കയങ്ങൾ

Thursday 12 May 2022 3:12 AM IST

വധിക്കാലം ആഘോഷമാക്കുന്ന യുവത്വം പലപ്പോഴും ആർത്തുല്ലസിക്കുന്നത് പുഴയിലും കടലിലുമാണ്. പരിചയമില്ലാത്ത സ്ഥലങ്ങളിലെത്തി കുളിക്കാനിറങ്ങി നിലയില്ലാക്കയത്തിലും ചുഴിയിലും അകപ്പെട്ട് മുങ്ങിമരിക്കുന്നവരുടെ എണ്ണം ഏറുന്നത് സാധാരണ മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ്. പത്തനംതിട്ട ജില്ലയിൽ ഒരു ദിവസം ഒറ്റ മണിക്കൂറിനുള്ളിൽ മുങ്ങി മരിച്ചത് വിദ്യാർത്ഥികളടക്കം നാല് പേരാണ്. മല്ലപ്പള്ളിക്കടുത്ത് മണിമലയാറ്റിലും കൈപ്പട്ടൂരിനടുത്ത് അച്ചൻകോവിലാറ്റിലുമുണ്ടായ ദാരുണ സംഭവങ്ങൾ നടന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്.

തമിഴ്‌നാട് തിരുനെൽവേലിയിൽ നിന്ന് കൊടകരയിൽ താമസിക്കുന്ന ലക്ഷ്മണന്റെയും രാസാത്തിയുടെയും മകൻ കാർത്തിക് (16), തിരുനെൽവേലി പനവടലി സത്രം വീട്ടിൽ നിന്ന് കൊടുങ്ങല്ലൂരിൽ വന്നു താമസിക്കുന്ന വെളിയപ്പന്റെയും കസ്തൂരിയുടെയും മകൻ ശബരിനാഥ് (15) എന്നിവരാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്.

ഏനാത്ത് കടിക ഓലിക്കുളങ്ങര വിഷ്ണു ഭവനിൽ കെ.എൻ. വേണുവിന്റെ മകൻ വിശാഖ് (21), ഏഴംകുളം മാങ്കൂട്ടം ഈട്ടിമൂട് കുലശേരി ഉടയാനവിള വീട്ടിൽ വേണുവിന്റെ മകൻ സുധീഷ് (25) എന്നിവരാണ് കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിലെ കോയിക്കൽ കടവിൽ മുങ്ങിമരിച്ചത്. മരണപ്പെട്ട നാലു പേർക്കും അപകട സ്ഥലങ്ങളെപ്പറ്റി മുൻ പരിചയമുണ്ടായിരുന്നില്ല. മല്ലപ്പള്ളയിലെ ബന്ധുവീട്ടിൽ ചടങ്ങിനെത്തിയ കുട്ടികളിൽ എട്ടുപേരടങ്ങുന്ന സംഘമാണ് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയത്. രണ്ടുപേർ കയത്തിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് മറ്റുള്ളവർ നിലവിളിച്ചപ്പോൾ നാട്ടുകാർ ഒാ‌ടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പക്ഷെ, ചേതനയറ്റ മൃതശരീരങ്ങളാണ് വെള്ളത്തിൽ നിന്ന് കണ്ടെടുക്കാനായത്.

കൈപ്പട്ടൂരിലും സമാനമായി സ്ഥിതിയിലാണ് അപകടം നടന്നത്. അടൂരിന് സമീപം ഏഴംകുളം, ഏനാത്ത് സ്വദേശികളായ യുവാക്കൾക്ക് നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന അച്ചൻകോവിലാറിലെ അപകടച്ചുഴികളെപ്പറ്റി ധാരണയുണ്ടായിരുന്നില്ല.

ആഘോഷത്തിമിർപ്പിൽ

ആഴങ്ങളിലേക്ക്

കടലായാലും പരിചയമില്ലാത്ത ഭാഗങ്ങളിൽ കുളിക്കാനാേ നീന്താനോ ഇറങ്ങരുതെന്ന മുന്നറിയിപ്പുകൾ ആഘോഷങ്ങളുട‌െ ആവേശത്തിമിർപ്പിൽ യുവാക്കൾ ശ്രദ്ധിക്കാറില്ല. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വെള്ളത്തിലിറങ്ങുന്നവരെ എത്ര ഉപദേശിച്ചാലും പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും പ്രയോജനപ്പെടാറില്ല. മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്താൻ പോകുന്നവരും അത്യാഹിതത്തിൽ അകപ്പെടുന്നു. വെള്ളത്തിൽ മുങ്ങിയുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ആദ്യം വിളിക്കുന്നത് അഗ്നിരക്ഷാസേനയെയാണ്.

മുങ്ങിപ്പോയവരെ ജീവനോടെ കരയ്‌ക്കെടുത്തില്ലെങ്കിൽ കുറ്റം മുഴുവനും അഗ്നിരക്ഷാ വിഭാഗത്തിനാണ്. അവർക്കും പരിമിതികളുണ്ട്. ജലാശയങ്ങളിലെ ഒഴുക്കിന്റെ വേഗത, മലവെള്ളപ്പൊച്ചിൽ കാരണം വെള്ളം കലങ്ങി അടിയിൽ കാഴ്ചയില്ലാതാകുന്നു, നദികളിലൂടെ ഒഴുകിവരുന്ന തടികൾ, കൂർത്ത കമ്പുകൾ, വെള്ളത്തിനടിയിലേക്ക് പോകുമ്പോഴുളള മർദ്ദ വ്യതിയാനം, കടുത്ത തണുപ്പ്, അടിത്തട്ടിലെ ചെളി, കരയ്ക്ക് നിന്ന് വലിച്ചെറിയുന്ന കുപ്പിച്ചില്ലുകൾ തുടങ്ങിയവയാണ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നത്. കഴിഞ്ഞ വർഷം മഴക്കാലത്ത് റാന്നിയിൽ പമ്പയാറ്റിൽ മുങ്ങിപ്പോയ യുവാവിനെ രക്ഷിക്കാനിറങ്ങിയ അഗ്നി രക്ഷാ സേനാംഗം ശരത്ത്ലാൽ വെള്ളത്തിനടിയിൽ ചെളിയിൽ പൂണ്ട് മുങ്ങി ജീവൻ വെടിഞ്ഞിരുന്നു. ഇൗ വർഷം ആദ്യ നാല് മാസത്തിനുള്ളിൽ ജില്ലയിൽ മുങ്ങിമരിച്ചവർ 20 പേരാണ്. കൂടുതൽ ആളുകളും വിദ്യാർത്ഥികളും യുവാക്കളുമാണ്. മരിച്ചവരിൽ ഭൂരിഭാഗവും നീന്തൽ അറിയാവുന്നവരാണ്. നീന്തലിൽ പ്രാവീണ്യമുള്ളവരായാലും മരണക്കയങ്ങളിൽ അകപ്പെട്ടാൽ കരകയറാൻ കഴിയില്ലെന്നാണ് ഇൗ സംഭവങ്ങൾ തെളിയിക്കുന്നത്.

മുന്നറിയിപ്പ് ബോർഡില്ല,

ബോധവത്‌കരണം അനിവാര്യം

അപകടക്കടവുകളിൽ ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ കാണാനില്ല. പ്രളയത്തിൽ ഒഴുക്കെടുത്ത ബോർഡുകൾക്ക് പകരം വച്ചിട്ടില്ല. പരിചയസമ്പന്നരായ തീരവാസികൾ കുളി പോലും അവസാനിപ്പിച്ച ഇടങ്ങളിലാണ് കുട്ടികൾ അടക്കമുള്ളവർ ഇറങ്ങുന്നത്. മുന്നറിയിപ്പ് നൽകാൻ ആരുമില്ല. ആഴമറിയാതെയാണ് പുറമേ പുഴകളുടെ ജലനിരപ്പ്. ഇവിട‌െ അപകടം ഉണ്ടാകാൻ എളുപ്പവും രക്ഷപ്പെടുത്താൻ പ്രയാസവുമാണ്. നദികളിൽ കുളിക്കുന്നതിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയാണ് വേണ്ടത്. ഇതിന് ആവശ്യമായ ബോധവത്‌കരണം അനിവാര്യമാണ്. നദികളിൽ ഇറങ്ങുമ്പോഴുളള അപകടങ്ങളെക്കുറിച്ച് സ്കൂൾ ക്ളാസുകളിൽത്തന്നെ ബോധവത്‌കരണം നടക്കേണ്ടതുണ്ട്.

പമ്പ, മണിമലയാർ, അച്ചൻകോവിലാർ എന്നിവയാണ് ജില്ലയിലെ നദികൾ. 2018 ലെ മഹാപ്രളയത്തിലും അതിന് ശേഷവും ഇൗ മൂന്നു നദികളിലും വ്യാപകമായി എക്കൽ മണ്ണും ചെളിയും മണലും അടിഞ്ഞു കൂടിയിട്ടുണ്ട്. കടവുകളിൽ മണൽ വാരിയ കുഴികളിൽ അടിഞ്ഞു കൂടിയ ചെളി അപകടക്കെണികളാണെന്ന് അറിയാതെ അപരിചിതർ ഇവിടെ നീന്താനും കുളിക്കാനും ഇറങ്ങുന്നുണ്ട്. ചെളിയും മണ്ണും നീക്കം ചെയ്ത് നദികളുടെ അടിത്തട്ടുകളുടെ നിരപ്പ് ക്രമീകരിക്കാൻ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. പ്രളയത്തിന് ശേഷം നദികളിൽ എത്രമാത്രം മണ്ണും ചെളിയും മണലും അടിഞ്ഞു കിടപ്പുണ്ടെന്ന് അറിയാൻ ദുരന്തനിവാരണ വകുപ്പിന് കീഴിലുള്ള റിവർ മാനേജ് വിഭാഗം പഠനം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. എട്ട് നദികളുടെ സാൻഡ് ഒാഡിറ്റിംഗ് അവസാന ഘട്ടത്തിലാണെന്ന് അവർ പറയുന്നു. ഇതിനിടെ മണ്ണും മണലും നീക്കം ചെയ്യുന്നത് നദികളുട‌െ ആവാസ വ്യവസ്ഥയെ തകരാറിലാക്കുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വാദിക്കുന്നു.

Advertisement
Advertisement